അടിച്ചു മോനേ...; 33.76 കോടി രൂപ ലോട്ടറിയടിച്ചു, പിന്നാലെ യുവാവിന് ഹൃദയാഘാതം -വിഡിയോ
Mail This Article
3.2 മില്യൻ പൗണ്ടിന്റെ (33,76,45,600 രൂപ) ജാക്ക്പോട്ട് അടിച്ചതിനു പിന്നാലെ യുവാവിന് ഹൃദയാഘാതം. സിംഗപ്പുരിലെ ഒരു കാസിനോയിലാണു സംഭവം. കാസിനോയുടെ തറയിൽ വീണു കിടക്കുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വീണുകിടക്കുന്ന യുവാവിന്റെ സമീപത്ത് ഒരു സ്ത്രീ ഇരുന്ന് കരയുകയും ചുറ്റിലും കൂടി നിൽക്കുന്നവരോട് സഹായമഭ്യർഥിക്കുകയും ചെയ്യുന്നുണ്ട്. കാസിനോ ജീവനക്കാരടക്കമുള്ളവർ ഇവർക്ക് ചുറ്റിലുമായി കൂടി നിൽക്കുന്നതും വിഡിയോയിൽ കാണാം.
‘3.2 മില്യൻ പൗണ്ട് ജാക്ക്പോട്ട് നേടിയ സന്തോഷത്തിൽ തുള്ളിച്ചാടുന്നതിനിടെ കാസിനോ കളിക്കാരന് ഹൃദയാഘാതം. സിംഗപ്പൂർ മറീന ബേ സാൻഡഡ് കാസിനോയിലാണ് സംഭവം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് സുഖംപ്രാപിച്ചു. തുടർന്ന് അദ്ദേഹം 3.2 മില്യൻ പൗണ്ടിനു തുല്യമായ പണവുമായി വീട്ടിലേക്കു പോയി.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്.
ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചെന്ന രീതിയിലുള്ള വാർത്തകൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ യുവാവ് സുഖം പ്രാപിച്ചു വരികയാണെന്ന് മരണവാർത്ത വ്യാജമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
‘‘നിർഭാഗ്യമെന്നു പറയട്ടെ യുവാവ് മരിച്ചു എന്ന രീതിയിലുള്ള വ്യാജവാർത്ത ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇത് ഖേദകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇത് വലിയ വിഷമമുണ്ടാക്കുന്നുണ്ട്.’’– കാസിനോ വക്താവ് അറിയിച്ചു.