ബസും ട്രെയിനും കഴിഞ്ഞു, ഇനി വിമാനം: റീല്‍സ് വൈറൽ, ‘വിമാനങ്ങൾ വൈകുന്നതിന്റെ കാരണം പിടികിട്ടി’യെന്ന് കമന്‍റ്
Mail This Article
ട്രെയിനിലും ബസിലും ട്രാഫിക് സിഗ്നലുകളിലുമുള്ള റീല്‍സ് ചിത്രീകരണം ഇപ്പോള്‍ ഒരു പുതിയ കാര്യമല്ല. ഇത്തരം വിഡിയോ ചിത്രീകരണത്തില്‍ സഹയാത്രികരിൽ നിന്നും സമൂഹമാധ്യമങ്ങളിലും വിമര്‍ശനവും കയ്യടിയും ലഭിക്കാറുണ്ട്. എന്നാലിപ്പോൾ റീല്‍സ് ചിത്രീകരണം ബസും ട്രെയിനും കടന്ന് വിമാനത്തിലേക്കും എത്തിയിരിക്കുകയാണ്.
സല്‍മ ഷെയ്ക് എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് വിമാനത്തില്‍ നിന്നുമുള്ള വിഡിയോ പങ്കുവച്ചിരിക്കുന്നത്. രജിനികാന്ത് ചിത്രം ബാഷയിലെ 'സ്റ്റൈല്‍ സ്റ്റൈല്‍ ഡാ' എന്ന പാട്ടിനാണ് സല്‍മ വിമാനത്തില്‍ ചുവട് വച്ചത്. കറുപ്പ് സാരിയിൽ വിമാനത്തിലെ മറ്റു യാത്രക്കാരുടെ നടുവിൽ നിന്നാണ് റീൽസ് ചിത്രീകരണം. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്തത്. 1.6 മില്യണിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 17000 ലൈക്കുകളും 1300ലേറെ കമന്റുകളും ലഭിച്ചു.
നിരവധി കമന്റുകളും വിഡിയോയ്ക്ക് വരുന്നുണ്ട്. ഒപ്പമുള്ള യാത്രക്കാരെ കൂടി പരിഗണിക്കണമെന്നും ഇത് പ്രൈവറ്റ് ജെറ്റല്ലെന്നുമാണ് ഒരാള്‍ കുറിച്ചത്. ഫ്ലൈറ്റൊക്കെ വൈകാനുള്ള കാരണം ഇപ്പോള്‍ പിടികിട്ടി എന്നാണ് മറ്റൊരു കമന്‍റ്. പൊതുശല്യമാവുന്നത് അവസാനിപ്പിക്കൂ എന്നാണ് മറ്റൊരു കമന്‍റ്. ഇത് വീടല്ലെന്നും ഇതൊന്നും അനുവദിക്കരുതെന്നും ചിലർ പറയുന്നു. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നിയമനടപടി ആവശ്യമാണെന്നും കമന്‍റുകളുണ്ട്.