എരുമയ്ക്ക് നൽകിയത് 10 കിലോയുടെ സ്വർണമാല: പശു എന്ന് വിശദീകരിച്ച് പോസ്റ്റ്– വിഡിയോ
Mail This Article
യുക്തിക്കു നിരക്കാത്ത പല കാര്യങ്ങളും മനുഷ്യർ ചെയ്തു കൂട്ടാറുണ്ട്. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. രണ്ട് വ്യക്തികൾ ചേർന്ന് ഒരു എരുമയെ സ്വർണം അണിയിക്കുന്ന കാഴ്ചയാണിത്. അതും ചെറുതൊന്നുമല്ല. 10 കിലോഗ്രാം ഭാരമുള്ള ഒരു സ്വർണമാലയാണ് എരുമയ്ക്ക് സമ്മാനമായി നൽകുന്നു എന്ന് വിശദീകരിച്ചുകൊണ്ടുള്ള വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വിഡിയോ എവിടെ നിന്നാണ് പകർത്തിയത് എന്നോ പ്രവൃത്തിയുടെ പിന്നിലെ ഉദ്ദേശ്യമോ വ്യക്തമല്ലെങ്കിലും വളരെ വേഗത്തിൽ ഈ ദൃശ്യങ്ങൾ ശ്രദ്ധ നേടി കഴിഞ്ഞു.
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ മുഹമ്മദ് ഡാനിഷ് യാക്കൂബ് എന്ന വ്യക്തിയും മറ്റൊരാളും ചേർന്ന് എരുമയ്ക്കരികിലെത്തി സ്വർണ ചെയിൻ അടങ്ങിയ ബോക്സ് തുറക്കുന്നതും അതിനുശേഷം ചങ്ങലയുടെ ആകൃതിയിലുള്ള വലിയ മാല പുറത്തെടുക്കുന്നതും കാണാം. രണ്ട് തട്ടുകളായാണ് ഇരുവരും ചേർന്ന് എരുമയെ മാല അണിയിക്കുന്നത്. എന്നാൽ ഈ വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പും വളരെ വേഗത്തിൽ ആളുകളുടെ ശ്രദ്ധ നേടി. പശുവിന് 10 കിലോഗ്രാം ഭാരമുള്ള മാല നൽകുന്നു എന്നാണ് പോസ്റ്റിനൊപ്പുമുള്ള കുറിപ്പിൽ പറയുന്നത്.
സ്വർണത്തിന്റെ മൂല്യം അറിയാത്ത ഒരു മൃഗത്തിന് ഇത്രയധികം സ്വർണം നൽകുന്നത് വിഡ്ഢിത്തമാണെന്ന് പലരും കമന്റ് ബോക്സിൽ കുറിക്കുന്നു. നാലാഴ്ചകൾ കൊണ്ട് 60 ലക്ഷത്തിനു മുകളിൽ ആളുകളാണ് വിഡിയോ കണ്ടത്. അടിക്കുറിപ്പ് നൽകിയതിൽ വന്ന പിഴവാണോ അതോ പശുവാണെന്ന് കരുതി എരുമയ്ക്ക് സ്വർണം നൽകിയതാണോ എന്ന സംശയവും ധാരാളമാളുകൾ പ്രകടിപ്പിക്കുന്നുണ്ട്. ഇത് യഥാർഥ സ്വർണം തന്നെയാണോ എന്നാണ് മറ്റു ചിലരുടെ സംശയം. ഇരുമ്പ് ചങ്ങലയിൽ സ്വർണനിറം പൂശിയതാണെന്ന് ആദ്യ കാഴ്ചയിൽ തന്നെ വ്യക്തമാവുന്നുണ്ടെന്നാണ് ഇവരുടെ വാദം. എന്തുതന്നെയായാലും അതിന് 10 കിലോഗ്രാം ഭാരമില്ലെന്നു വ്യക്തമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ഒരുപക്ഷേ ഇവർ ഓമനിച്ചു വളർത്തുന്ന എരുമയാവാം ഇതെന്നും വളർത്തുമൃഗങ്ങൾക്ക് വിലയേറിയ വസ്തുക്കൾ സമ്മാനമായി നൽകുന്നത് പുതുമയല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ സ്വർണം നൽകി സ്നേഹം പ്രകടിപ്പിച്ചാൽ എരുമയ്ക്ക് അത് മനസ്സിലാകുമോ എന്നാണ് മറ്റുചിലരുടെ മറുചോദ്യം. ഏതൊരു മൃഗത്തിനായാലും മനുഷ്യന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം സ്വാതന്ത്ര്യമാണെന്നും ഇവർ പറയുന്നു. യഥാർഥ മൃഗസ്നേഹിയാണെങ്കിൽ സമ്മാനം വാങ്ങിയ പണംകൊണ്ട് ധാരാളം മൃഗങ്ങൾക്ക് ഭക്ഷണം നൽകാമായിരുന്നു എന്നും കമന്റുകളുണ്ട്.