കളി മെലോനിയോട് വേണ്ട; കണ്ണിൽ പെടാത്ത നാലടി ഉയരക്കാരിയെന്ന് പരിഹാസത്തിനു മാധ്യമപ്രവര്‍ത്തകയ്ക്ക് പിഴ നാലരലക്ഷം
Mail This Article
കളിയാക്കുന്നവരുടെ കളി ജോർജ മെലോനിയോടു വേണ്ട. നോക്കിയാൽ കണ്ണിൽ പെടാത്ത നാലടി ഉയരക്കാരിയെന്ന് മെലോനിയെ പരിഹസിച്ച മാധ്യമപ്രവർത്തകയ്ക്ക് 5000 യൂറോ (നാലര ലക്ഷം രൂപ) പിഴ ശിക്ഷ വിധിച്ച് കോടതി പറഞ്ഞു: ബോഡി ഷെയ്മിങ് അരുത്.
ഇപ്പോൾ ഇറ്റലിയുടെ പ്രധാനമന്ത്രിയായ മെലോനി 3 വർഷം മുൻപ് പ്രതിപക്ഷനേതാവായിരിക്കുമ്പോഴാണ് ജൂലിയ കോർത്തേസെ എന്ന മാധ്യമപ്രവർത്തക സമൂഹമാധ്യമത്തിലൂടെ അങ്കത്തിനിറങ്ങിയത്. തീവ്രവലതു പാർട്ടിയായ ബ്രദേഴ്സിന്റെ നേതാവായ മെലോനിയുടെ പടം ഇറ്റലിയിലെ മുൻ ഫാഷിസ്റ്റ് ഏകാധിപതി ബെനിറ്റോ മുസോളിനിയുടെ ഫോട്ടോയ്ക്കൊപ്പം ചേർത്തു ട്വിറ്ററിൽ നൽകിയതാണ് തുടക്കം.
കാണാൻ പോലും വയ്യാത്ത വിധം പൊക്കമില്ലാത്ത ജോർജ മെലോനിയെ എന്തിനു പേടിക്കണമെന്നുൾപ്പെടെ തുടർ ട്വീറ്റുകളും വന്നു. എല്ലാം കൂടിയായപ്പോഴാണ് മെലോനി കേസു കൊടുത്തത്. പിഴത്തുക ജീവകാരുണ്യത്തിനു വിനിയോഗിക്കാനാണ് ആലോചന.
സത്യത്തിൽ മെലോനിയുടെ ഉയരം 5 അടി 3 ഇഞ്ചാണെന്ന് വാർത്താ വെബ്സൈറ്റുകൾ പറയുന്നു. വിമർശിക്കുന്ന എല്ലാവർക്കുമെതിരെ അപകീർത്തിക്കേസ് മെലോനിയുടെ പതിവാണെന്ന ആരോപണവും ശക്തമായുണ്ട്. ഇറ്റാലിയൻ മാഫിയകൾക്കെതിരെ പുസ്തകമെഴുത്തുമായി തരംഗം സൃഷ്ടിച്ച റോബർട്ടോ സാവിയോനോ ഉൾപ്പെടെ ഒട്ടേറെപ്പേർ ഇങ്ങനെ കോടതി കയറിയവരാണ്. 2020 ലെ ഒരു ടിവി അഭിമുഖത്തിൽ മെലോനിയുടെ കുടിയേറ്റനയത്തെ പരാമർശിച്ചു നടത്തിയ പദപ്രയോഗങ്ങളുടെ പേരിൽ സാവിയാനോയ്ക്ക് 1000 യൂറോയാണ് പിഴ വിധിച്ചത്.