ADVERTISEMENT

ജീവിതപങ്കാളിയുമായോ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ അങ്ങനെ മാനുഷിക ബന്ധങ്ങൾ ഏതുമാകട്ടെ അവ പോസിറ്റീവായി നിലനിൽക്കേണ്ടത് ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ  ആരോഗ്യത്തിന് പ്രധാനമാണ്. ഓരോരുത്തരുടെയും പെരുമാറ്റവും സ്വഭാവവും സമൂഹവുമായി ഇടപെടുന്ന രീതിയുമൊക്കെ നിർണയിക്കപ്പെടുന്നത് ഇത്തരം ബന്ധങ്ങളിലൂടെയാണ്. അതിനാൽ ബന്ധങ്ങൾ ആരോഗ്യകരമാണെങ്കിൽ ജീവിതത്തിൽ സന്തോഷം നിറയുകയും അതുവഴി ശാരീരിക ആരോഗ്യവും ദീർഘായുസ്സും വരെ നേടാൻ കഴിയുകയും ചെയ്യും. നിങ്ങളുടെ ബന്ധങ്ങൾ ആരോഗ്യകരമാണോ എന്ന് തിരിച്ചറിയുകയാണ് മാനസിക സന്തോഷം നേടാനുള്ള ആദ്യ വഴി. അത് തിരിച്ചറിയാൻ സ്വയം ചില ചോദ്യങ്ങൾ ചോദിച്ചു തുടങ്ങാം.

പരസ്പരം വിശ്വാസത്തിന് എത്ര മാർക്ക് നൽകും?

ഏതൊരു ആരോഗ്യകരമായ ബന്ധത്തിന്റെയും അടിസ്ഥാനശില പരസ്പര വിശ്വാസം തന്നെയാണ്. രണ്ടു വ്യക്തികളും ഒരേപോലെ  ബന്ധത്തിൽ വിശ്വാസ്യത കാത്ത് സൂക്ഷിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുക. നിങ്ങൾ വിശ്വാസം അർപ്പിക്കുന്ന വ്യക്തി നിങ്ങളെ എത്രത്തോളം പരിഗണിക്കുന്നുണ്ടെന്നും അവശ്യഘട്ടങ്ങളിൽ ഒപ്പം നിൽക്കാറുണ്ടോ എന്നും അവരുടെ സാമിപ്യം നിങ്ങൾക്ക് എത്രത്തോളം ആശ്വാസകരമാണെന്നും വിലയിരുത്തണം. ഒരു ഭാഗത്തു നിന്നും മാത്രമാണ് സ്നേഹവും പരിഗണനയും   കൂടുതലായി ഉള്ളതെങ്കിൽ ആ ബന്ധം പൂർണമായും ആരോഗ്യകരമാണെന്ന് പറയാനാകില്ല.  

∙ പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ടോ?

കഴിവുകളിലും കാര്യപ്രാപ്തിയിലും ബുദ്ധിശക്തിയിലും രണ്ടു വ്യക്തികൾ എപ്പോഴും തികച്ചും വ്യത്യസ്തരായിരിക്കും. എന്നാൽ പരസ്പരബന്ധത്തിന്റെ കാര്യത്തിൽ ഇരു വ്യക്തികൾക്കും ഒരേ പ്രാധാന്യമാണ് ഉണ്ടാവേണ്ടത്. ഒപ്പമുള്ള ആളുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും സാധിക്കണം. എത്രത്തോളം സ്നേഹമുണ്ടെങ്കിലും തന്നെക്കാൾ മുകളിലോ താഴെയോ ആണ് പങ്കാളി എന്ന ചിന്തയുണ്ടെങ്കിൽ അത് ഒരിക്കലും ആരോഗ്യകരമായ ബന്ധമല്ല.

∙ സത്യസന്ധതയും തുറന്ന മനോഭാവവും ഉണ്ടോ?

ഏതു സാഹചര്യത്തിലും നിങ്ങൾക്ക് നിങ്ങളായി തന്നെ ഇടപെടാൻ സാധിക്കുന്നുണ്ടോ എന്നതും വ്യക്തിബന്ധത്തിൽ പ്രധാനമാണ്. അതായത് ആശങ്കകളും ആശയങ്ങളും വിഷമതകളും സന്തോഷങ്ങളും എല്ലാം മനസ്സിലുള്ള അതേ രീതിയിൽ തുറന്നു പ്രകടിപ്പിക്കാൻ സാധിക്കണം. ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ ഇത് സാധ്യമാകണമെന്നില്ല. എന്നാൽ ക്രമേണ അതിനുള്ള മാനസിക അടുപ്പം ഇരുവർക്കുമിടയിൽ ഉണ്ടായിട്ടുണ്ടോ എന്ന് സ്വയം വിലയിരുത്താം. സത്യസന്ധത ഇതിൽ പ്രധാന ഘടകമാണ്. പങ്കാളിയെ സന്തോഷിപ്പിക്കാനായി കള്ളങ്ങൾ പറയുന്നതോ പറയേണ്ടി വരുന്നതോ മികച്ച ബന്ധത്തിന്റെ ലക്ഷണമല്ല.

∙ ഇണക്കത്തിന്റെയും പിണക്കത്തിന്റെയും കെമിസ്ട്രി

സ്നേഹമുള്ളിടത്ത് പിണക്കങ്ങളും സ്വാഭാവികമാണ്. തികച്ചും വ്യത്യസ്തരായ രണ്ട് വ്യക്തികളാകുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്. എന്നാൽ ഈ പിണക്കങ്ങൾക്കിടയിലും ഉള്ളിൽ പങ്കാളിയോടുള്ള സ്നേഹം അതേപോലെ നിലനിൽക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ഏതു രീതിയിൽ പിണക്കങ്ങൾക്ക് അവസാനിപ്പിക്കുന്നു എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. പിണക്കങ്ങൾക്കുശേഷം തുറന്നു സംസാരിച്ച്  അതിന്റെ പൊരുത്തക്കേടുകൾ ഒന്നുമില്ലാതെ ഇരുവർക്കും മുന്നോട്ടുപോകാൻ സാധിക്കുന്നത് ആരോഗ്യകരമായ ബന്ധത്തെ സൂചിപ്പിക്കുന്നു. പരസ്പരം നൽകുന്ന സ്നേഹത്തിനൊപ്പം പെരുമാറ്റത്തിലും സ്വഭാവത്തിലും വരുത്തേണ്ട നല്ല മാറ്റങ്ങളെ കുറിച്ചുള്ള ഉപദേശങ്ങൾക്കും വില നൽകാൻ സാധിക്കണം. ആരോഗ്യകരമായ വിമർശനങ്ങൾക്ക് ഇട ഉണ്ടാവണമെന്ന് ചുരുക്കം.

∙ ആരോഗ്യകരമായ അതിർവരമ്പുകളുണ്ടോ?

ഓരോ വ്യക്തിയുടെയും ഇഷ്ടങ്ങളും താത്പര്യങ്ങളും മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. നിങ്ങൾ ഒരു ബന്ധത്തിലാണെന്ന് കരുതി എല്ലാക്കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്ത് മറ്റൊരാളുടെ ഇഷ്ടങ്ങൾക്കു മാത്രം പ്രാധാന്യം നൽകുന്നത് നല്ല പ്രവണതയല്ല. വ്യക്തി ബന്ധങ്ങളിലെ അതിർവരമ്പുകൾ എന്നാൽ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കാനുള്ള ഇട നൽകൽ എന്നല്ല അർഥമാക്കുന്നത്. തനിക്കൊപ്പമുള്ള വ്യക്തിക്കും അവരുടേതായ ഇഷ്ടങ്ങളും രീതികളും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അതിൽ കൈ കടത്താതെ വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുക എന്നതാണത്. എപ്പോഴും ഒപ്പമുള്ള വ്യക്തികൾ ആണെങ്കിലും സ്വകാര്യത ആസ്വദിക്കാനുള്ള അവസരവും രണ്ട് പേർക്കും ലഭിക്കേണ്ടതുണ്ട്.  

അനാരോഗ്യകരമായ ബന്ധങ്ങളുടെ ലക്ഷണങ്ങൾ

∙ നിങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു.
∙ സാഹചര്യത്തിനൊത്ത് ഒപ്പമുള്ള വ്യക്തിയെ ഒഴിവാക്കാൻ ശ്രമിക്കുന്നു.
∙ അഭിപ്രായങ്ങളും ചിന്തകളും തുറന്നു പ്രകടിപ്പിക്കാൻ മടി തോന്നുന്നു.
∙ ഇഷ്ടമുള്ള കാര്യങ്ങൾ ഉപേക്ഷിക്കാൻ സമ്മർദ്ദം ചെലുത്തുന്നു.
∙ വ്യക്തിസ്വാതന്ത്ര്യത്തിൽ അമിതമായി കടന്നു കയറുകയും ധരിക്കുന്ന വസ്ത്രം കഴിക്കുന്ന ഭക്ഷണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾക്ക് പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുകയും വിമർശിക്കുകയും ചെയ്യുന്നു.
∙ ഒരാളുടെ താത്പര്യങ്ങൾക്ക് മാത്രം എപ്പോഴും മുൻഗണന ലഭിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com