നൂറിലും ഇണപിരിയാത്ത സാഹോദര്യം; ‘സൂപ്പർ കസിൻസി’ ന്റെ ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി കുടുംബം
Mail This Article
ഒരു നൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങൾ നേടുക എന്നത് അപൂർവ ഭാഗ്യമാണ്. പുളിങ്കുന്നിലെ കളത്തിൽ കുടുംബം ആ സൗഭാഗ്യത്തിന്റെ ഇരട്ടിമധുരം നുണയുകയാണ്. കുടുംബത്തിലെ തലമുതിർന്ന കാരണവന്മാരായ അപ്പച്ചന്റെയും അപ്പച്ചിയുടെയും നൂറാം പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇവർ. ഒരേ കുടുംബത്തിലെ രണ്ട് സഹോദരന്മാരുടെ മക്കളായി ജനിച്ച ഇരുവരുടെയും ഒരു നൂറ്റാണ്ട് കാലത്തെ ചങ്ങാത്തവും സാഹോദര്യവും ജീവിതരീതിയുമെല്ലാം വരും തലമുറ എന്നും ഓർത്തിരിക്കണമെന്ന ആഗ്രഹമാണ് ഈ പിറന്നാൾ ആഘോഷത്തിനു പിന്നിൽ.
1924 ഓഗസ്റ്റ് മാസത്തിലാണ് അപ്പച്ചൻ, അപ്പച്ചി എന്നിങ്ങനെ കുടുംബാംഗങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ചാക്കോ തോമസും കെ.ജെ ജോസഫും ജനിച്ചത്. അതും കേവലം 10 ദിവസത്തെ വ്യത്യാസത്തിൽ. അന്നുമുതലിങ്ങോട്ട് പരസ്പരം താങ്ങും തണലുമായി നാട്ടുകാർക്കും കുടുംബത്തിനും പ്രിയപ്പെട്ടവരായി കഴിയുകയാണ് ഈ മുത്തച്ഛന്മാർ. മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയായി തലമുറകൾ പലതു പിന്നിട്ടെങ്കിലും ഇവരുടെ ആത്മബന്ധത്തിനും സ്നേഹത്തിനും തരി പോലും മങ്ങലേറ്റിട്ടില്ല. ഇപ്പോഴും ഒരുമിച്ച് പള്ളിയിൽ പോകുന്ന പതിവും ഇവർ തെറ്റിച്ചിട്ടില്ല.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരുവരും ചെറുപ്പം മുതൽ തന്നെ കൃഷിയും ബിസിനസുമാണ് തൊഴിൽ മേഖലയായി തിരഞ്ഞെടുത്തത്. കഠിനാധ്വാനത്തിലൂടെ അവയിലെല്ലാം ഉയർച്ച നേടാനും സാധിച്ചു. ഇതിനിടെ ചാക്കോ മെക്കാനിക്കൽ എൻജിനീയറിങ്ങും പഠിച്ചെടുത്തിരുന്നു. ഈ നൂറാം വയസ്സിലും പഴയ മോട്ടോറുകളോ ഇലക്ട്രിക്കൽ ഉൽപന്നങ്ങളോ ഒക്കെ കേടുവന്നാൽ നിമിഷങ്ങൾകൊണ്ട് അത് പരിഹരിക്കാൻ അപ്പച്ചനു സാധിക്കാറുണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ഇതിനുമൊക്കെ അപ്പുറം നാടറിയേണ്ട മറ്റൊരു സവിശേഷത കൂടിയുണ്ട് ഇവരുടെ ജീവിതത്തിന്. ഇരുവരും സ്വാതന്ത്ര്യസമര സേനാനികളാണ് എന്നതാണത്. പുളിങ്കുന്ന് സ്വദേശിയായ തോമസ് ജോണിന്റെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യ സമരങ്ങളിൽ ഇരുവരും പങ്കാളികളായത്. എന്നാൽ സ്വാതന്ത്ര്യസമര സേനാനികൾ എന്ന പ്രശസ്തിയോ പദവിയോ നേടാൻ ഇരുവരും ആഗ്രഹിച്ചിട്ടില്ല എന്നതാണ് വസ്തുത. അതിനാൽ ഇതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടില്ല. രാജ്യത്തിനും സമൂഹത്തിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ബോധ്യത്തിലാണ് ഇരുവരുടെയും ജീവിതം.
സഹജീവികളോടുള്ള ഉത്തരവാദിത്വം ഇവരുടെ പിൻതലമുറക്കാരും ഏറ്റെടുത്തിട്ടുണ്ട്. അപ്പച്ചന്റെ മകൻ ജേക്കബ് തോമസ് റിട്ടയേർഡ് കേണലാണ്. ചെറുമക്കളായ കേണൽ ടോണി ജേക്കബും കേണൽ ജെയിംസ് ജേക്കബും പാരമ്പര്യത്തിന്റെ പിന്തുടർച്ചയെന്നോണം ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്നു. അപ്പച്ചന്റെ പ്രിയ പത്നി അച്ചാമ്മ തോമസ് 83-ാം വയസ്സിൽ മരണപ്പെട്ടിരുന്നു. മക്കളും ചെറുമക്കളും അവരുടെ മക്കളും എല്ലാം ചേർന്ന് 21 അംഗങ്ങളാണ് അപ്പച്ചന് പിൻതലമുറക്കാരായി ഉള്ളത്. അപ്പച്ചിയുടെ ഭാര്യ മേരിക്കുട്ടി ജോസഫ് 91 വയസ്സിൽ ലോകത്തോട് വിട പറഞ്ഞു. ചെറുമക്കളുടെ മക്കളടക്കം 30 പേരാണ് ഇവരുടെ പിന്തുടർച്ചക്കാർ.
ചിട്ടയായ ജീവിതരീതിയിലൂടെ കുടുംബത്തിലെ ഏറ്റവും ഇളയ തലമുറയ്ക്ക് വരെ മാതൃകയാണ് ഈ മുത്തച്ഛന്മാർ. യൗവനം കടക്കുന്നതിനു മുൻപ് തന്നെ പലവിധ അസുഖങ്ങൾ പിടികൂടി അവശരാകുന്ന പുതുതലമുറയ്ക്കു മുന്നിൽ ജീവിതത്തിന് കൃത്യമായ ക്രമവും ചിട്ടയും ഉണ്ടായാൽ നൂറാം വയസ്സിലും മരുന്നുകൾ ഏതുമില്ലാതെ ആരോഗ്യവാന്മാരായി ജീവിക്കാനാവുമെന്ന് തെളിയിച്ചു കൊടുക്കുകയാണ് ഇവർ. ഇവരുടെ ജീവിതം ഒരു പാഠപുസ്തകമാണെന്ന് കുടുംബം വിശ്വസിക്കുന്നു. ഓഗസ്റ്റ് 31ന് പിറന്നാൾ പുളിങ്കുന്ന് പള്ളിയുടെ ഹാളിൽ വച്ച് വിപുലമായി നടത്താനുള്ള ഒരുക്കത്തിലാണ് കളത്തിൽ കുടുംബം. അന്നേദിവസം ഇരുവരുടെയും പേരിൽ പുളിങ്കുന്ന് പള്ളിയിൽ പ്രത്യേക പ്രാർഥനയും നടത്തുന്നുണ്ട്.