ADVERTISEMENT

ഭാര്യാഭർതൃ ബന്ധമോ പ്രണയബന്ധമോ പോലെ തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ സൗഹൃദങ്ങളും ഏറെ പ്രധാനമാണ്. സൗഹൃദ ബന്ധങ്ങൾ നിലനിർത്തണമെങ്കിൽ ഇടയ്ക്കിടെ പരസ്പരം കണ്ടുമുട്ടാനും ഒരുമിച്ച് ചിലവഴിക്കാനും സമയം കണ്ടെത്തേണ്ടിവരും. എന്നാൽ ഒരു കുഞ്ഞിന്റെ ജനനത്തോടെ സുഹൃത്തുക്കളുമൊത്ത് സമയം പങ്കിടാൻ സാധിക്കാതെ വരുന്നു എന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ഫലമോ, പഴയ ഊഷ്മളതയോടെ സുഹൃത്തുക്കൾക്കൊപ്പം ഇടപഴകാനാകാത്തതിന്റെ വിഷമം സദാ അലട്ടിക്കൊണ്ടിരിക്കും. എന്നാൽ മാതാപിതാക്കളായി എന്നു കരുതി ഇത്തരം സാമൂഹിക ബന്ധങ്ങൾ ഒഴിവാക്കി ഒതുങ്ങി കൂടുന്നത് നല്ല പ്രവണതയല്ല. കൃത്യമായി പ്ലാൻ ചെയ്താൽ കുട്ടികളുടെ പരിചരണത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സൗഹൃദ വലയങ്ങൾ നിലനിർത്താൻ സാധിക്കും.

സുഹൃത്തുക്കൾക്കൊപ്പമുള്ള സമയം എങ്ങനെ ചെലവഴിക്കണം

അടിക്കടി സുഹൃത്തുക്കളെ കാണാനുള്ള സാഹചര്യം കുഞ്ഞുങ്ങളായശേഷം ലഭിക്കണമെന്നില്ല. അതിനാൽ അവർക്കൊപ്പം പങ്കിടാൻ ലഭിക്കുന്ന സമയം അത്രയും ഗുണനിലവാരമുള്ളതാക്കി മാറ്റാൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്താവുന്ന യാത്രകളോ, കോഫി ഡേറ്റോ ഒക്കെ പ്ലാൻ ചെയ്യാവുന്നതാണ്. കുറഞ്ഞ സമയമാണ് ഒരുമിച്ച് ചിലവഴിക്കുന്നതെങ്കിൽക്കൂടി ബന്ധത്തിന്റെ ആഴം നിലനിർത്താനാവുന്ന തരത്തിൽ അത് വിനിയോഗിക്കാൻ ശ്രമിക്കുക.

കുട്ടികളെ ഒഴിവാക്കേണ്ടതില്ല

സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പലരും കുഞ്ഞുങ്ങളുടെ പരിചരണം മറ്റാരെയെങ്കിലും ഏൽപിക്കുകയാണ് പതിവ്. എന്നാൽ നിങ്ങളുമായി അടുത്തു നിൽക്കുന്ന സുഹൃത്തുക്കളെ കുഞ്ഞുങ്ങൾക്കു പരിചയപ്പെടുത്താനും അവരോടുള്ള അപരിചിതത്വം മാറ്റാനുമുള്ള മികച്ച അവസരമായി ഇത്തരം യാത്രകളെയും കൂടിച്ചേരലുകളെയും കാണാം. കുഞ്ഞിന്റെ രീതികളുമായി സുഹൃത്തുക്കളും പരിചിതരായി കഴിഞ്ഞാൽ പിന്നീടുള്ള ഒത്തുചേരലുകൾ അൽപം കൂടി ആയാസ രഹിതമാവും. എന്നാൽ കുഞ്ഞുങ്ങളുടെ പ്രായവും അവസ്ഥയും പരിഗണിച്ച് അവർക്ക് കൂടി ആസ്വദിക്കാവുന്ന പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്ന് മാത്രം.

ജീവിതത്തിലെ മാറ്റങ്ങൾ മനസ്സിലാക്കാം

സൗഹൃദങ്ങളിൽ കാലത്തിനൊത്ത് മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. സുഹൃത്തുക്കൾക്ക് ഓരോരുത്തർക്കും കുടുംബമായി കഴിഞ്ഞാൽ മുൻഗണനകളും ജീവിതരീതിയുമൊക്കെ മാറും. മുൻപുള്ളതുപോലെ ഏതൊരു ചെറിയ കാര്യത്തിനും പരസ്പരം ആശ്രയിക്കാനോ സന്തോഷങ്ങളോ വിഷമതകളോ അതാത് നിമിഷത്തിൽ പങ്കുവയ്ക്കാനോ സാധിക്കണമെന്നില്ല. ഇത് മനസ്സിലുള്ള സ്നേഹത്തിലെ ഏറ്റക്കുറച്ചിൽ മൂലമല്ല എന്നും സ്വാഭാവികമായ മാറ്റമാണെന്നും മനസ്സിലാക്കുന്നത് പ്രധാനമാണ്. ജീവിതത്തിൽ വന്നിട്ടുള്ള ഈ വ്യത്യാസങ്ങൾക്കിടയിലും സൗഹൃദം നിലനിർത്താനുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കുക.

തുറന്ന ആശയവിനിമയം

തുറന്ന സംസാരം തന്നെയാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം. കുഞ്ഞിന്റെ ജനന ശേഷം സുഹൃത്തുക്കളുമായി സംസാരിക്കാൻ വേണ്ടത്ര സമയം ലഭിക്കാത്തതുകൊണ്ടു മാത്രം ബന്ധങ്ങളിൽ അകൽച്ച ഉണ്ടാവുന്നതായി പലർക്കും അനുഭവപ്പെടാറുണ്ട്. എന്നാൽ തിരക്കുകൾക്കിടയിലും നിങ്ങളുടെ വിഷമതകളോ അവസ്ഥകളോ കൃത്യമായി മനസ്സിലാക്കുന്ന സുഹൃത്തുക്കളോട് സംസാരിക്കാനുള്ള സാഹചര്യം ഒരുക്കണം. സുഹൃത്തുക്കൾ അവരുടെ കാര്യങ്ങൾ പറയാനായി നിങ്ങളെ വിളിക്കുന്നുണ്ടെങ്കിൽ അത് കേൾക്കാനും തയാറാവുക. അവരുമായുള്ള ബന്ധത്തെ നിങ്ങൾ വിലമതിക്കുന്നുണ്ടെന്നും ജീവിതത്തിൽ അത്രത്തോളം പ്രാധാന്യം അവർക്ക് നൽകുന്നുണ്ടെന്നും പ്രവർത്തിയിലൂടെ തെളിയിക്കണം. തിരക്കുള്ള അവസരത്തിലാണ് സുഹൃത്തുക്കളുടെ വിളിയെത്തുന്നതെങ്കിൽ നിങ്ങളുടെ സാഹചര്യം പറഞ്ഞ് മനസ്സിലാക്കി അധികം വൈകാതെ അവരുമായി സംസാരിക്കാനുള്ള സമയം കണ്ടെത്താം എന്ന് ഉറപ്പു നൽകുകയും അത് പാലിക്കുകയും ചെയ്യുക.

അതിർവരമ്പുകളും പ്രധാനം

നിങ്ങളുടെ സാഹചര്യം എന്തുതന്നെയായാലും മുൻപുള്ളത് പോലെ എപ്പോഴും നിങ്ങളെ സമീപിക്കാം എന്ന് കരുതുന്നവർ സുഹൃത് വലയത്തിൽ ഉണ്ടാവാം. കുഞ്ഞുങ്ങളുടെ കാര്യത്തിൽ വ്യാപൃതരായിരിക്കുന്നതിനിടയിൽ ഇത്തരം സമീപനം ചിലർക്കെങ്കിലും അരോചകമാകും. മനസ്സിൽ സ്നേഹം ഉണ്ടെങ്കിൽ പോലും സാഹചര്യങ്ങൾ മൂലം ഇത്തരക്കാരെ ഒഴിവാക്കി നിർത്താനും നിങ്ങൾ നിർബന്ധിതരാകും. ഇത് ക്രമേണ സൗഹൃദത്തിൽ വിള്ളലുണ്ടാക്കാനും സാധ്യതയുണ്ട്. അതിനാൽ ഇടപെടലുകൾ ബുദ്ധിമുട്ടുണ്ടാക്കി തുടങ്ങുമ്പോൾ തന്നെ നിങ്ങൾക്ക് അവരോട് കരുതൽ ഉണ്ടെന്നും എന്നാൽ കുടുംബത്തിനായി സമയം നീക്കി വയ്ക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു മനസ്സിലാക്കുക.

English Summary:

Friendships After Baby: Keep the Connection Strong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com