ADVERTISEMENT

ആഡംബരങ്ങളുടെ സുൽത്താൻ! ഒറ്റവാചകത്തിൽ അങ്ങനെ വിശേഷിപ്പിക്കാം ബ്രൂണയ് ഭരണാധികാരി ഹസനുല്‍ ബോൽക്കിയയെ. ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളാണ് അദ്ദേഹം. 7000 ആഡംബരകാറുകൾ, ഏറ്റവും വലിയ കൊട്ടാരത്തിൽ ജീവിതം സുൽത്താന്റെ ആര്‍ഭാട ജീവിതം എന്നും ലോകത്തിനു തന്നെ കൗതുകമാണ്.

മകളുടെ വിവാഹത്തിന് സ്വർണം പൂശിയ റോൾസ് റോയിസ് കാറ് ഒരുക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. സുൽത്താന്റെ വാഹന ശേഖരത്തിൽ 600 റോൾസ് റോയ്സ് കാറുകളുണ്ടെന്നാണ് കണക്ക്. 90കളിൽ ലോകത്തിലെ റോൾസ് റോയിസ് കാറുകളുടെ പകുതിയിലധികവും അദ്ദേഹത്തിന്റെ കൈവശമായിരുന്നു. കൂടാതെ 450ൽ അധികം ഫെരാരി, പോഷേ, ലംബോർഗിനി, ബിഎംഡബ്ലിയു എന്നിവയും ഉൾപ്പെടുന്നു.

ആഡംബര കാറുകൾക്കു പുറമേ ബോയിങ്–ജെറ്റ് വിമാനങ്ങളും അദ്ദേഹത്തിനു സ്വന്തമായുണ്ട്. ‘പറക്കുന്ന കൊട്ടാരം’ എന്നാണ് അദ്ദേഹത്തിന്റെ ബോയിങ് വിമാനം അറിയപ്പെടുന്നത്. ഈ സ്വകാര്യ വിമാനത്തിനകത്ത് വാഷ് ബേസിനുകൾ വരെ സ്വർണം കൊണ്ട് നിർമിതമാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ മകൾക്ക് പിറന്നാൾ സമ്മാനമായി സുൽത്താൻ നൽകിയത് എ–340 എയർബസാണത്രേ.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊട്ടാരമായ ഇസ്താന നൂറുല്‍ ഇമൻ‌ കൊട്ടാരത്തിലാണ് അദ്ദേഹത്തിന്റെ താമസം. 22 കാരറ്റ് സ്വർണം പൂശിയതാണ് രണ്ട് മില്യൻ ചതുരശ്രയടി വിസ്തീർണമുള്ള കൊട്ടാരം. കൊട്ടാരത്തിനകത്ത് അഞ്ച് നീന്തൽക്കുളങ്ങളുണ്ട്. 1700 കിടപ്പുമുറികളും 257 ശുചിമുറികളും അടങ്ങിയ കൊട്ടാരത്തിൽ 110 ഗ്യാരേജുകളും ഉൾപ്പെടുന്നു. കൂടാതെ 30 ബെംഗാൾ കടുവകളും വിവിധയിനം പക്ഷികളും ഉൾപ്പെടുന്ന സ്വകാര്യമൃഗശാലയും ഉണ്ട്.

1967 മുതല്‍ ബ്രൂണയ്‌യുടെ രാജാവായ അദ്ദേഹം 1984-ല്‍ ബ്രിട്ടിഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിനു ശേഷം പ്രധാനമന്ത്രി സ്ഥാനവും വഹിക്കുന്നു. ധനമന്ത്രി, വിദേശകാര്യമന്ത്രി, സായുധസേനയുടെ കമാന്‍ഡര്‍, പൊലീസ് മേധാവി, പെട്രോളിയം യൂണിറ്റ് മേധാവി, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍, ഇസ്‌ലാം മതകാര്യ സമിതി പരമോന്നത തലവന്‍, ബ്രോഡ്കാസ്റ്റിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തലവന്‍ എന്നീ പദവികളെല്ലാം അദ്ദേഹം വഹിക്കുന്നുണ്ട്.

2008-ലെ ഫോര്‍ബ്‌സ് മാസികയുടെ കണക്കുപ്രകാരം ബോല്‍കിയയുടെ ആസ്തി 1.4 ലക്ഷം കോടി രൂപയാണ്. ഡാര്‍ജിലിങ്ങിലെ പ്രത്യേക തോട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന  തേയില ഉപയോഗിച്ചുള്ള ചായയാണ് അദ്ദേഹം കുടിക്കുന്നത്.  ഒരു കിലോയ്ക്ക് ഒരു ലക്ഷത്തോളം രൂപയാണ് ഈ തേയിലയുടെ വില. മുടിവെട്ടാന്‍ മാത്രം ബോല്‍ക്കിയ ഏകദേശം 15 ലക്ഷം രൂപയാണ് ചെലവഴിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഹസനുൽ ബോൽക്കിയയുടെ പ്രത്യേക ക്ഷണ പ്രകാരം സെപ്റ്റംബർ 3,4 തിയതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണയ് സന്ദർശിച്ചതോടെയാണ് അദ്ദേഹം വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com