9 വയസ്സുള്ള ഫോട്ടോ കണ്ട് ട്രോളരുത്, ഈ ഹെയർസ്റ്റൈലിന് അമ്മയ്ക്ക് നന്ദി: പ്രിയങ്ക ചോപ്ര
Mail This Article
പലരുടേയും ചെറുപ്പകാലത്തെ ഫോട്ടോ കണ്ടാൽ ചിലപ്പോൾ നമ്മൾ തന്നെ ഞെട്ടിപ്പോകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്, ഇത് ഞാൻ തന്നെയാണോ എന്ന് ആശ്ചര്യത്തോടെയും കൗതുകത്തോടെയുമെല്ലാം നോക്കും. താനും അതിൽ നിന്ന് വ്യത്യസ്തയല്ലെന്ന് പറയുകയാണ് പ്രിയങ്ക ചോപ്ര. ആരും തന്നെ ട്രോളരുതെന്ന് പറഞ്ഞാണ് പ്രിയങ്ക ചോപ്ര തന്റെ കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രങ്ങൾ പങ്കുവച്ചത്.
‘അന്നും ഇന്നും’ എന്ന കുറിപ്പോടെയുള്ള ഫോട്ടോയ്ക്കൊപ്പമാണ് ആരും തന്നെ ട്രോളരുതെന്നും താരം പറയുന്നത്. ഏകദേശം 25 വർഷങ്ങൾക്കു ശേഷം തന്റെ 9-ം വയസിലെ ഫോട്ടോ കണ്ടുപിടിച്ചിരിക്കുകയാണെന്നും പ്രിയങ്ക പറയുന്നു. മിസ് ഇന്ത്യ ടൈറ്റിൽ നേടിയപ്പോഴുള്ള ഫോട്ടോയ്ക്കൊപ്പമാണ് ചെറുപ്പത്തിലെ ഫോട്ടോകൂടിചേർത്ത് താരം ഷെയർ ചെയ്തിരിക്കുന്നത്.
"പ്രായപൂർത്തിയാകുന്നതും അണിഞ്ഞൊരുങ്ങുന്നതും ഒരു പെൺകുട്ടിയെ എങ്ങനെ മാറ്റുമെന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് വളരെ വന്യമാണ്. ഇടതുവശത്ത് ഞാൻ കൗമാരകാലഘട്ടത്തിന്റെ തുടക്കത്തിലാണ് . കൗമാരത്തിന് മുമ്പുള്ള ഒരു "ബോയ് കട്ട്" ഹെയർസ്റ്റൈൽ സ്‌കൂളിൽ ബുദ്ധിമുട്ടുള്ള കാര്യമല്ല.’’–പ്രിയങ്ക ചോപ്ര സമൂഹമാധ്യമത്തിൽ കുറിച്ചു. ആ ഹെയർസ്റ്റൈലിന് പ്രിയങ്ക അമ്മയ്ക്ക് നന്ദിയും പറയുന്നുണ്ട്. തുടർന്ന് തൊട്ടടുത്തുള്ള ഫോട്ടോയെ കുറിച്ചും താരം വാചാലയായി. 17–ാംവയസിൽ മിസ് ഇന്ത്യ കിരിടം ചൂടിയ കാലത്തെ ഫോട്ടോയായിരുന്നു അത്. 2000-ലാണ് പ്രിയങ്ക ചോപ്ര മിസ് ഇന്ത്യ കിരീടം നേടിയത്. രണ്ട് ചിത്രങ്ങളും ഒരു ദശാബ്ദത്തിൽ താഴെ ഇടവേളയിൽ എടുത്തതാണെന്നും പ്രിയങ്ക പറയുന്നുണ്ട്.
വിനോദത്തിന്റെ വലിയ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ താൻ ഒരു പെൺകുട്ടിയോ സ്ത്രിയോ ആണെന്ന് തോന്നിയിരുന്നില്ലെന്നും ആ പ്രായം അങ്ങനെയായിരുന്നുവെന്നും പോപ്പ് ഗായിക ബ്രിട്നി സ്പിയേഴ്സിനെ ഉദ്ധരിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു. ഏകദേശം 25 വർഷങ്ങൾക്ക് ശേഷം ഇപ്പോഴും അത് താൻ മനസിലാക്കുന്നുവെന്നും എല്ലാവരും അവരവരുടെ ചെറുപ്പത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ സ്വയമൊരു ബോധ്യം കൈവരിക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം.