ഇടനെഞ്ചിൽ രത്തൻ ടാറ്റ; കാരണം വെളിപ്പെടുത്തി യുവാവ്– വൈറലായി വിഡിയോ
Mail This Article
പ്രമുഖ വ്യവസായിയും ടാറ്റാ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റയുടെ വിയോഗം ഇന്ത്യയിലെ സാധാരണക്കാരുടെ ഹൃദയത്തെ പോലും സ്പർശിച്ചിരുന്നു. ഒക്ടോബർ 6നാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. തുടർന്ന് സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ നേരിട്ടും സൈബർ ഇടങ്ങൾ വഴിയും അദ്ദേഹത്തിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു. ഇതിനിടെ രത്തൻ ടാറ്റയുടെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന ഒരു യുവാവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായത്.
മുംബൈയിലെ ടാറ്റൂ ആർട്ടിസ്റ്റ് മഹേഷ് ചവാനാണ് ടാറ്റൂ ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. എന്നാൽ ഈ യുവാവ് രത്തൻ ടാറ്റയുടെ മുഖം സ്വന്തം നെഞ്ചിൽ ടാറ്റൂ ചെയ്തതിനു പിന്നിൽ ഒരു കഥയുണ്ട്. ടാറ്റയുടെ ചിത്രം ഇടനെഞ്ചിൽ ടാറ്റൂ ചെയ്തതിനെ കുറിച്ച് യുവാവ് പറയുന്നത് ഇങ്ങനെ: ‘‘അർബുദത്തോട് പോരാടിയ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി ഞങ്ങൾ പോയി. പക്ഷേ ഞങ്ങൾക്കു താങ്ങാൻ കഴിയാത്ത ചികിത്സാ ചെലവാണ് അവർ പറഞ്ഞത്. ആ സമയത്ത് ആരും തന്നെ ഞങ്ങളെ സഹായിക്കാൻ എത്തിയില്ല. അപ്പോഴാണ് ടാറ്റ ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞത്. ഞങ്ങൾ സഹായത്തിനായി അവരെ സമീപിച്ചു. അവസാനം എന്റെ സുഹൃത്തിന് സൗജന്യ ചികിത്സ ലഭ്യമാക്കി. ’’
തന്റെ സുഹൃത്തിന്റെ ജീവന്‍ രക്ഷിച്ചത് രത്തൻ ടാറ്റയാണെന്നും യുവാവ് പറഞ്ഞു. ഇത്തരത്തിൽ പലർക്കും ടാറ്റ ട്രസ്റ്റിലൂടെ സഹായം ലഭിക്കാന്‍ കാരണം രത്തൻ ടാറ്റയാണെന്നും യുവാവ് കൂട്ടിച്ചേർത്തു. ‘‘ഏകദേശം ഒന്നരവർഷമെടുത്താണ് എന്റെ സുഹൃത്ത് കാൻസറിൽ നിന്ന് മുക്തനായത്. രത്തൻ ടാറ്റയോടും അദ്ദേഹത്തിന്റെ സ്ഥാപനത്തോടും ഞങ്ങൾ വളരെയധികം കടപ്പെട്ടിരിക്കുന്നു. ഞങ്ങളെ പോലെ എത്രപേർക്ക് അദ്ദേഹം സഹായം നൽകിയിട്ടുണ്ടെന്ന് എനിക്കറിയില്ല. എനിക്ക് അദ്ദേഹം ജീവിച്ചിരിക്കുന്ന ദൈവമായിരുന്നു.’’– യുവാവ് വ്യക്തമാക്കി.