നാഗചൈതന്യക്ക് വിലയേറിയ സമ്മാനങ്ങൾ നൽകി; ധാരാളം പണം വെറുതെ കളഞ്ഞു: സാമന്ത
Mail This Article
നടനും തന്റെ മുൻഭർത്താവുമായ നാഗചൈതന്യക്ക് വിവാഹസമയത്ത് വിലയേറിയ സമ്മാനങ്ങൾ നൽകിയതായി നടി സാമന്ത റൂത്ത് പ്രഭു. ‘സിറ്റാഡൽ ഹണി ബണ്ണി’ എന്ന ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി സഹതാരം വരുൺ ധവാനുമായി നടത്തിയ നർമസംഭാഷണത്തിലായിരുന്നു സാമന്ത ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ പണം വെറുതെ ചെലവഴിച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന വരുണിന്റെ ചോദ്യത്തിനായിരുന്നു സാമന്തയുടെ മറുപടി. ‘എന്റെ മുൻഭർത്താവിനു നൽകിയ വിലയേറിയ പാരിതോഷികങ്ങൾ’ എന്നാണ് സാമന്ത പറഞ്ഞത്.
എന്തായിരുന്നു ആ സമ്മാനം, അതിന് എത്ര പണം മുടക്കി എന്നും വരുണ് അദ്ഭുതത്തോടെ വീണ്ടും ചോദിച്ചു. എന്നാൽ ചിരിച്ചു കൊണ്ട്‘കുറച്ചധികം’ എന്ന മറുപടിയിൽ സാമന്ത ആ സംഭാഷണം അവസാനിപ്പിച്ചു. സാമന്തയുടെയും വരുണിന്റെയും ഈ സംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയ്ക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. 2017-ൽ വിവാഹ സമയത്ത് സാമന്ത വളരെ വിലകൂടിയ ഒരു ബൈക്ക് നാഗ ചൈതന്യയ്ക്കു സമ്മാനമായി നൽകിയെന്നാണ് വിഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്. ഗംഭീരമായ മറുപടി, അയാൾ അത് അർഹിക്കുന്നു എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.
ഏതാനും വർഷങ്ങൾ പ്രണയിച്ചതിനു ശേഷം 2017ലായിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം. 2021ൽ താരദമ്പതികൾ വേർപിരിഞ്ഞു. പിരിയുകയാണെന്ന് വ്യക്തമാക്കി കൊണ്ട് ഇരുവരും ഒരുമിച്ച് പ്രസ്താവനയും ഇറക്കിയിരുന്നു.
അടുത്തമാസമാണ് നാഗചൈതന്യ–ശോഭിത ധുലിപാല വിവാഹം. ഡിസംബർ–4ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് വിവാഹം നടക്കുന്നത്. തനിക്കും കുടുംബത്തിനും വൈകാരികമായി അടുപ്പമുള്ള സ്ഥലമാണ് ഇതെന്നും നാഗചൈതന്യ വ്യക്തമാക്കിയിരുന്നു. 1976ൽ നാഗചൈതന്യയുടെ മുത്തശ്ശനും തെലുങ്കുനടനുമായ അഖിനേനി നാഗേശ്വര റാവുവാണ് അന്നപൂർണ സ്റ്റുഡിയോ സ്ഥാപിച്ചത്.