മൂന്നുമാസത്തിനുള്ളിൽ 65 കുത്തിവയ്പ്പുകളെടുത്തു; എന്നിട്ടും കുഞ്ഞിനെ നഷ്ടമായി: പൊട്ടിക്കരഞ്ഞ് നടി
Mail This Article
ഗർഭകാലത്തു തന്നെ കുഞ്ഞിനെ നഷ്ടമായതിന്റെ വേദന പങ്കുവച്ച് ഭോജ്‌പുരി നടിയും മോഡലുമായ സംഭാവ്ന സേത്തും ഭർത്താവ് അവിനാശ് ദ്വിവേദിയും. കുഞ്ഞിനെ നഷ്ടമായതിന്റെ ദുഃഖം വ്ലോഗിലൂടെയാണ് ഇരുവരും പങ്കുവച്ചത്. കുഞ്ഞിനായുള്ള ദീർഘനാളത്തെ കാത്തിരിപ്പിലായിരുന്നു ദമ്പതികൾ. എന്നാൽ ഒടുവിൽ കുഞ്ഞിനെ നഷ്ടമായെന്നും ഇരുവരും വിഡിയോയിൽ പറയുന്നുണ്ട്.
‘കഴിഞ്ഞ കുറേകാലമായി ഞങ്ങൾ ഈ അനുഭവത്തിലൂടെ കടന്നു പോകുന്നു. എന്നാൽ വീണ്ടും അതുതന്നെ സംഭവിച്ചു. സംഭാവ്ന മൂന്നുമാസം ഗർഭിണിയായിരുന്നു. ഇന്ന് ഞങ്ങൾക്കൊരു സ്കാനിങ് ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഈ സന്തോഷവാർത്ത എല്ലാവരെയും അറിയിക്കാമെന്നായിരുന്നു കരുതിയത്. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടതോടെ എല്ലാം ശരിയായി എന്നാണ് വിചാരിച്ചത്. എന്നാൽ അവസാനത്തെ സ്കാനിങ്ങിൽ കുട്ടിയുടെ ഹൃദയമിടിപ്പ് ഡോക്ടർക്കു കണ്ടെത്താനായിരുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആർക്കും അറിയില്ല.’– സംഭാവ്നയുടെ ഭർത്താവ് അവിനാശ് വ്യക്തമാക്കി.
ഈ കുഞ്ഞിനെ ലഭിക്കുന്നതിനായി എന്തെല്ലാം കഠിനമായ അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് സംഭാവ്നയും വികാരാധീനയായി പറഞ്ഞു. മൂന്നുമാസത്തിനുള്ളിൽ ഏകദേശം 65 കുത്തിവയ്പ്പുകൾ എടുത്തതായും സംഭാവ്ന അറിയിച്ചു. ‘എത്ര കുത്തിവയ്പ്പുകൾ എടുത്തിട്ടുണ്ടെന്ന് എനിക്കു തന്നെ വ്യക്തമല്ല. അത് വളരെ വേദനാജനകമായിരുന്നു. എന്റെ കുഞ്ഞിനെ ലഭിക്കുന്നതിനായി എല്ലാ മുൻകരുതലുകളും ഞാൻ എടുത്തിരുന്നു.’–സംഭാവ്ന പറഞ്ഞു.
ഗർഭിണിയായപ്പോൾ ഇരട്ടക്കുട്ടികളായിരിക്കുമെന്ന് ഡോക്ടർ പറഞ്ഞിരുന്നതായും ദമ്പതികൾ വ്യക്തമാക്കി. നിരവധി തവണ ഐവിഎഫ് ചികിത്സകൾക്ക് വിധേയയായതിനു ശേഷമാണ് സംഭാവന ഗർഭിണിയായത്. ഈ കഠിനമായ കാലത്ത് കൂടെനിൽക്കണമെന്ന് സംഭാവ്നയും അവിനാശും വിഡിയോയിലൂടെ ആരാധകരോട് ആവശ്യപ്പെട്ടു.