‘പൊതുവേ ഗൗരവക്കാരൻ; അജയ് ദേവഗണിന് അധികമാരും കാണാത്ത മറ്റൊരുമുഖമുണ്ട്’: അവരുടെ ബന്ധം ദൃഢമായതിനു പിന്നിൽ
Mail This Article
എക്കാലവും ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ജീവിതത്തിലെ വിശേഷങ്ങളെല്ലാം താരങ്ങൾ പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും പ്രണയവിവാഹവും ജീവിതവും ആരാധകർക്കിടയിൽ ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും ദൃഢബന്ധത്തെ കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ഇരുവരുടെയും സുഹൃത്തും സംവിധായകനുമായ അനീസ് ബാസ്മി
ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തതിൽ അതിയായ സന്തോഷമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അവർ ഇരുവരും പലകാര്യങ്ങളിലും പരസ്പരം അഭിനന്ദിക്കുകയും അതുപോലെ തന്നെ വിമർശിക്കുകയും ചെയ്യുന്നവരാണെന്നും അനീസ് പറയുന്നു. ‘‘അജയ് പൊതുവേ ഗൗരവക്കാരനാണ്. എന്നാൽ വളരെ ലാഘവത്തോടെ സൗഹാർദപരമായി പെരുമാറുന്ന മറ്റൊരുമുഖം അദ്ദേഹത്തിനുണ്ട്. പക്ഷേ, അത് അധികമാരും കണ്ടിട്ടുണ്ടാകില്ല. വളരെ ശാന്തതയോടെ നിൽക്കുന്ന ഒരാണ് അജയ്. എന്നാൽ കജോൾ ഒട്ടുംഗൗരവത്തോടെയല്ല കാര്യങ്ങളെ സമീപിക്കുന്നത്. അവർ എപ്പോഴും വികൃതിക്കുട്ടിയെ പോലെയാണ്. എന്നാല്‍ അവർ ഒരുമിച്ച് ജീവിതം മനോഹരമാക്കുന്നു.’’–അനീസ് ബാസ്മി പറഞ്ഞു.
സ്നേഹം മറച്ചുവയ്ക്കാതെ പ്രകടിപ്പിക്കുന്നവരാണ് ഇരുവരും. പരസ്പരം നന്നായി അറിയുന്നവരാണ്. ഇരുവരും വിവാഹിതരായപ്പോൾ തനിക്ക് വളരെ സന്തോഷം തോന്നിയിരുന്നതായും അദ്ദേഹം കുട്ടിച്ചേർത്തു. തൊണ്ണൂറുകളുടെ മധ്യത്തിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് വിവാഹിതരായി. ഒരിക്കൽ മറ്റുപലരുമായി ഡേറ്റിങ്ങിലായിരുന്നെന്നും അക്കാലത്തും തങ്ങൾക്കിടയിലുള്ള സൗഹൃദം നിലനിന്നിരുന്നതായും കജോൾ ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ‘‘ഞാൻ മറ്റൊരാൾക്കൊപ്പം സമയം ചെലവഴിക്കുകയും പുറത്തു പോവുകയും ചെയ്തിരുന്നു. അക്കാലത്ത് അജയ്‌യും അങ്ങനെയായിരുന്നു. തുടർന്ന് ഞങ്ങൾ ഇരുവരും ചേർന്ന് ഒരു സിനിമ ചെയ്തു. അന്നു മുതൽ നല്ല സുഹൃത്തുക്കളായി.’’– കജോൾ വ്യക്തമാക്കി.
നാലുവർഷം നീണ്ട ഡേറ്റിങ്ങിനു ശേഷം 1999ലാണ് കജോളും അജയ് ദേവ്ഗണും വിവാഹിതരായത്. നൈസയും യുഗും മക്കളാണ്. കരിയറിലും വ്യക്തി ജീവിതത്തിലുമുണ്ടായ ഉയർച്ചകളും താഴ്ചകളും ഒരുമിച്ചു നേരിടാൻ ഇരുവർക്കും സാധിച്ചതാണ് ബന്ധം കൂടുതൽ ദൃഢമാക്കിയത്.