പ്ലസ്ടു കാലം മുതൽ ഞങ്ങൾ ഡേറ്റിങ്ങിൽ, ഒളിച്ചോടേണ്ടി വരുമോ എന്നത് പേടിസ്വപ്നമായിരുന്നു: കീർത്തി സുരേഷ്
Mail This Article
ഡിസംബർ 12നായിരുന്നു പ്രമുഖ നടി കീര്‍ത്തി സുരേഷും സുഹൃത്ത് ആന്റണി തട്ടിലും തമ്മിലുള്ള വിവാഹം. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. തമിഴ് ബ്രാഹ്മണ ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും പ്രൗഢ ഗംഭീരമായ വിവാഹമായിരുന്നു ഗോവയിൽ നടന്നത്. ദീർഘകാലത്തെ പ്രണയം വിവാഹത്തിലെത്തിയത് ശരിക്കും സ്വപ്ന സാക്ഷാത്കാരമാണെന്നു പറയുകയാണ് കീർത്തി.
‘‘വിവാഹത്തെ കുറിച്ചു പറയുകയാണെങ്കിൽ അതൊരു സ്വപ്നമായിരുന്നു. എന്നാൽ പൂർണമായും സ്വപ്നം എന്നെനിക്കു പറയാൻ സാധിക്കില്ല. കാരണം ഒളിച്ചോടേണ്ടി വരുമോ എന്ന പേടിസ്വപ്നം പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇതിനെ പൂർണാർഥത്തിൽ സ്വപ്നമെന്ന് വ്യാഖ്യാനിക്കാൻ സാധിക്കുമോ എന്നെനിക്കറിയില്ല. ഇപ്പോൾ എന്റെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ച് ഇത് വളരെ വൈകാരികമായ നിമിഷമാണ്. കാരണം ഞങ്ങൾ എപ്പോഴും ഇത് ആഗ്രഹിച്ചിരുന്നു.’’– കീർത്തി സുരേഷ് പറഞ്ഞു.
സ്കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തുക്കളാണ് കീർത്തിയും ആന്റണിയും. ഖത്തറിലായിരുന്നു ആന്റണി ജോലി ചെയ്തിരുന്നത്. ദീർഘകാലം ‘ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പി’ലായിരുന്നെന്നും കീർത്തി പറയുന്നുണ്ട്. ‘‘ഞാൻ പ്ലസ്ടുവിനു പഠിക്കുന്ന കാലം മുതൽ ഞങ്ങൾ ഡേറ്റിങ്ങിലാണ്. എന്നെക്കാൾ ഏഴ് വയസ്സു കൂടുതലാണ് ആന്റണിക്ക്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആന്റണി തിരക്കിലായപ്പോൾ ഞങ്ങൾ ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായി. നാല്–അഞ്ച് വര്‍ഷങ്ങൾക്കു ശേഷം ആന്റണി തിരികെ ഇന്ത്യയിലെത്തി. കൊച്ചിയിൽ സ്വന്തമായി ബിസിനസ് ആരംഭിച്ചു.’’– കീർത്തി വ്യക്തമാക്കി.
അഭിനയ ജീവിതം തുടങ്ങിയപ്പോൾ തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് ആന്റണിയാണെന്നും കീർത്തി കൂട്ടിച്ചേർത്തു. ‘എല്ലാ പെൺകുട്ടികൾക്കും അവരുടെ അച്ഛനായിരിക്കും ആദ്യത്തെ സൂപ്പർഹീറോ. ചിലർക്കു മാത്രമാണ് പങ്കാളിയും സൂപ്പര്‍ ഹീറോയാകുന്നത്. എന്റെ അച്ഛന്റെ ഒരുപാട് ഗുണങ്ങൾ എനിക്ക് ആന്റണിയിലും കാണാൻ സാധിച്ചു. ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്.’– കീർത്തി കൂട്ടിച്ചേർത്തു.