ADVERTISEMENT

സ്വന്തമായൊരു വീട് ഏതൊരാളുടേയും സ്വപ്‌നമായിരിക്കും. ഒരു വീടില്ലാതെ വാടകവീടുകള്‍ കേറിയിറങ്ങേണ്ടി വരുന്നവര്‍ക്കായിരിക്കും അതേക്കുറിച്ച് പറയാനേറെയുണ്ടാവുക. ഒരു ദശാബ്ദത്തോളം വീടില്ലാതെ കഴിഞ്ഞ അമേരിക്കയിലെ ആറ് സഹോദരികള്‍ ഇപ്പോള്‍ അവരുടെ സ്വപ്‌നസാക്ഷാത്കാരത്തിനരികെ എത്തിയിരിക്കുകയാണ്. സ്വപ്‌നങ്ങളെ സ്വപ്‌നങ്ങളായിതന്നെ അവശേഷിപ്പിച്ചുവെക്കാതെ ആഗ്രഹിച്ചത് നേടിയെടുക്കാനുളള ഒരുക്കത്തിലാണവര്‍. ആതുരസേവകരെന്ന സ്വപ്‌നജോലി നേടിയെടുക്കുന്നതിനൊപ്പമാണ് വീടെന്ന സ്വപ്‌നവും അവര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. 

അമേരിക്കയിലെ ലോറന്‍സ് സഹോദരിമാരാണ് ഒരുമിച്ച് നഴ്‌സ് യൂനിഫോം ഇടാന്‍ ഒരുങ്ങുന്നത്. ഗുഡ് ന്യൂസ് മൂവ്‌മെന്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതുസംബന്ധിച്ച പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ബിരുദദാനചടങ്ങിനിടെ ഗൗണും തൊപ്പിയും ധരിച്ച മക്കള്‍ക്കൊപ്പം മാതാപിതാക്കളായ ഡേവിഡും യോണറ്റും നില്‍ക്കുന്ന ചിത്രമായിരുന്നു അത്. ഇനി വീടെന്ന സ്വപ്‌നം ഇവര്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രതീക്ഷയായിരുന്നു ആ പോസ്റ്റിലുണ്ടായിരുന്നത്. അതോടെയാണ് ആറ് സഹോദരിമാരുടെ ജീവിതം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. 

2013ലാണ് ഡേവിഡിനും യോണറ്റിനും തങ്ങളുടെ വീട് നഷ്ടപ്പെടുന്നത്. ന്യൂയോര്‍ക്കിലെ ക്വീന്‍സ് സിറ്റിയിലായിരുന്നു അവരുടെ വീട്. പിന്നീട് പിതാവ് ഡേവിഡിനും മാതാവ് യോണറ്റിനുമൊപ്പം ബന്ധുവീടുകളിലും വാടകവീടുകളിലും മാറിമാറിതാമസിച്ചാണ് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞുപോയത്. അന്നുമുതലാണ് ആറ് പെണ്‍മക്കളും സ്വന്തമായൊരു വീടെന്ന സ്വപ്‌നം കാണാന്‍ തുടങ്ങിയത്. ഇതിനിടെ ഒട്ടേറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് നേരിടേണ്ടിവന്നു. സ്‌കൂള്‍ പഠനം നിര്‍ത്തി. അതേസമയം തന്നെ ഡേവിഡും യോണറ്റും മക്കളുടെ വിദ്യാഭ്യാസം തുടരാന്‍ ഹോംസ്‌കൂളിംഗ് സംവിധാനം ഏര്‍പ്പെടുത്തി. 

19നും 25നും ഇടയ്ക്ക് പ്രായമുളളവരാണ് 6 സഹോദരിമാരും. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇവര്‍ ആറുപേരും ഓള്‍ഡ് വെസ്റ്റ്ബറിയിലുളള ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ നിന്ന് പൊതുജനാരോഗ്യത്തില്‍ ബിരുദം നേടി. മാത്രമല്ല ഇതേവിഷയത്തില്‍ ബിരുദാനന്തര ബിരുദവും ചെയ്യാനുളള ഒരുക്കത്തിലാണിവര്‍. പഠനത്തിനൊപ്പംതന്നെ നഴ്‌സിംഗ് ജോലിയിലേക്ക് പ്രവേശിക്കാനും ലോറന്‍സ് സഹോദരിമാര്‍ തയ്യാറെടുക്കുകയാണ്. ഈ ജോലിയില്‍ നിന്നുളള സമ്പാദ്യം വെച്ച് ഒരു മനോഹരമായ വീട് പണിയണമെന്നാണ് ആറുപേരുടേയും ആഗ്രഹം.

അതേസമയം മക്കള്‍ ഒന്നിച്ച് ബിരുദധാരികളായതില്‍ ഏറെ സന്തോഷത്തിലാണ് മാതാപിതാക്കള്‍. ''ജീവിതത്തില്‍ ഒട്ടേറെ വിഷമങ്ങളുണ്ടാകും ചിലപ്പോള്‍ അത് നിങ്ങളെ ഒരു പന്ത്‌പോലെ എടുത്തെറിയും എന്നിരുന്നാലും ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോയിക്കൊണ്ടേയിരിക്കണമെന്നാണ് താന്‍ തന്റെ മക്കളോട് എന്നും പറയാറെന്ന് '' ഡേവിഡ് പറയുന്നു. ഒട്ടേറെ കമന്റുകളാണ് ഇതിനിടെ ഇന്‍സ്റ്റഗ്രാമിലെ ഇവരുടെ ഫോട്ടോയ്ക്ക് ലഭിച്ചിട്ടുളളത്. മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കു നില്‍ക്കാതെ ഹോംസ്‌കൂളിങ്ങിലൂടെ വിദ്യാഭ്യാസം തുടരുകയും പിന്നീട് അവരെ നല്ലൊരു ജോലിയെന്ന സ്വപ്‌നത്തിലെത്തിക്കുകയും ചെയ്ത ഡേവിഡിനെയും യോണറ്റിനെയും അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങളിലുളളവര്‍. ഒപ്പം കഷ്ടപ്പാടുകള്‍ക്കിടയില്‍ മിടുക്കികളായി പഠിച്ച് വിജയിച്ച ആറ് സഹോദരിമാര്‍ മറ്റുളളവര്‍ക്ക് മാതൃകയാണെന്നും പോസ്റ്റിനുതാഴെ കമന്റുകള്‍ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com