ADVERTISEMENT

രാധികാ ഗുപ്തയുടേത് ഒരു അവിശ്വസനീയമായ കഥയാണ്. ചെറുപ്പം മുതൽ കഴുത്തൊടിഞ്ഞ പെൺകുട്ടി എന്ന പരിഹാസത്തിലാണ് അവൾ വളർന്നുവന്നത്. തന്റെ അസ്വഭാവികമായ രൂപത്തിന്റെ പേരിൽ എല്ലായിടത്തു നിന്നും അവൾ പുറന്തള്ളപ്പെട്ടു. എന്നാൽ തോറ്റു പിൻമാറാൻ തയാറല്ലായിരുന്നു രാധിക. നിശ്ചയദാർഢ്യവും ജീവിതത്തിൽ വിജയിക്കണമെന്ന ഉറച്ച തീരുമാനവും ഈ യുവതിയെ ഇന്ന്  ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഓമാരിൽ ഒരാളാക്കി മാറ്റി. 

തിരിച്ചടികൾക്കിടയിലും ജീവിതം മുന്നോട്ട് പോകണം എന്നതാണ് രാധികാ ഗുപ്തയുടെ വിജയ യാത്രയിലെ മന്ത്രം. ഇന്ത്യയിലെ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എഡൽവെയ്‌സ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഗുപ്ത നിരവധി തിരിച്ചടികൾക്കും അവഹേളനങ്ങൾക്കും പരിഹാസങ്ങൾക്കും ശേഷമാണ് കോർപ്പറേറ്റ് ലോകത്ത് തന്റേതായ ഇടം നേടിയെടുത്തത്. കഴുത്ത് ഒടിഞ്ഞ പെൺകുട്ടി എന്നായിരുന്നു ചെല്ലുന്നയിടത്തെല്ലാം രാധികയുടെ മേൽവിലാസം. കഴിവുണ്ടായിട്ടും അവളുടെ അസാധാരണമായ രൂപം കാരണം, സുഹൃത്തുക്കളിൽ നിന്നും സഹപാഠികളിൽ നിന്നും പിന്നീട് ജോലിസ്ഥലത്ത് നിന്നും നിരവധി  കളിയാക്കലും ഭീഷണിപ്പെടുത്തലും നേരിടേണ്ടി വന്നു, ഒരു ഘട്ടത്തിൽ ഈ ജീവിതം തന്നെ അവസാനിപ്പിക്കാൻ രാധിക ആലോചിച്ചു. 

radhika-guptha1
രാധിക ഗുപ്ത, Image Credits: Instagram/iamradhikagupta

എന്നാൽ 2005-ൽ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ലഭിച്ചതോടെ രാധികയുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. സ്വന്തമായി ഫിനാൻഷ്യൽ സർവീസ് ബിസിനസ് ആരംഭിക്കുന്നതിന് മുമ്പുള്ള പരിശീലനമായിരുന്നു ആ ജോലി എന്ന് രാധിക തന്നെ പറയുന്നു. ഇന്ന് ഇന്ത്യ മുഴുവനും അറിയുന്ന ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേറ്റ് സിഇഓമാരിൽ ഒരാളാണ് രാധിക ഗുപ്തയെ. കഴിഞ്ഞ ലോക മാനസികാരോഗ്യ ദിനത്തിൽ രാധിക എക്സിൽ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. 

‘അഞ്ചു വർഷം മുമ്പ്, ഞാൻ കഴുത്ത് ഒടിഞ്ഞ പെൺകുട്ടി തന്നെയാണ് എന്ന് സ്വയം പ്രഖ്യാപിച്ചത് മുതൽ എന്റെ ജീവിതത്തെയും മാനസികാരോഗ്യത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിയ്ക്കുന്നതായിരുന്നു. നമ്മൾ ഓരോരുത്തരും രണ്ട് ജീവിതം നയിക്കുന്നവരാണ്. ഒന്ന് തിരശീലയ്ക്ക് മുന്നിൽ, ആളുകൾ കാണുന്നത്, അത് വലിയ പ്രശ്നമല്ലാത്ത ഒരു മുഖമാണ്. എന്നാൽ തിരശ്ശീലയ്ക്ക് പിന്നിലെ മനുഷ്യനെ ആരും കാണാറില്ല. അയാൾ അനുഭവിക്കുന്നത് അരാജകത്വവും ഹൃദയവേദനയും പരാജയവും നിരാശയും എല്ലാം നിറഞ്ഞ ഒരു ജീവിതമായിരിക്കും. നിങ്ങളുടെ ബാക്ക് സ്റ്റേജിനെ മറ്റൊരാളുടെ ഫ്രണ്ട് സ്റ്റേജുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. നിങ്ങളുടെ പിന്നാമ്പുറ വികാരങ്ങൾ പങ്കിടാൻ ഒരിക്കലും ഭയപ്പെടരുത്. ഒരു സഹപ്രവർത്തകൻ, സുഹൃത്ത്, വ്യക്തി എന്നീ നിലകളിൽ ആരെങ്കിലുമൊക്കെ നമുക്കൊപ്പം  സ്റ്റേജിന് പുറകിലുണ്ടെന്ന് ഓർക്കുക, സഹായം വേണ്ട സമയത്ത് ചോദിക്കാൻ മടിക്കരുത് ആ ചോദിക്കുന്ന നിമിഷം മുതൽ നിങ്ങൾ ജീവിക്കാൻ ആരംഭിക്കും’. 

radhika-guptha2
രാധിക ഗുപ്ത, Image Credits: Instagram/iamradhikagupta

ജീവിതത്തിൽ താൻ നേടിയെടുത്ത വിജയങ്ങൾക്ക് പിന്നിലെ വിഷമതകളത്രയും രാധിക ഈ വാക്കുകളിൽ വരച്ചിട്ടുണ്ട്. നമ്മൾ മാറ്റിനിർത്തുന്ന, വാക്കുകൾ കൊണ്ടോ, ഒരു നോട്ടം കണ്ടോ, പെരുമാറ്റം കൊണ്ടോ വേദനിപ്പിക്കുന്ന ഒരു മനുഷ്യന് അവന്റേതായ വിഷമങ്ങളും പ്രയാസങ്ങളും ഉണ്ടെന്ന് തിരിച്ചറിയാനുള്ള മനസ്സ് ഓരോരുത്തർക്കും ഉണ്ടാകണം എന്നതാണ് തന്റെ ജീവിതം കൊണ്ട് ഈ യുവതി കാണിച്ചുതരുന്നത്. 

English Summary:

Radhika's Journey from Bullying Victim to Corporate Powerhouse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com