മമ്മൂട്ടിയെ വാഴ്ത്തിപ്പാടിയ ആ വരികൾ ഇടുക്കിയുടെ സ്വന്തം അമ്മുവിന്റേത്
Mail This Article
പൂമണി മാളിക..
പൊന്മാളിക കാൺകെ
തമ്പുരാനെ പുകളേറ്റു വാങ്ങുവാൻ
കടലും കര വാഴും...
(ഭ്രമയുഗം സിനിമയിലെ ഗാനം)
അർജുൻ അശോകനെ മാത്രമല്ല, സിനിമ കണ്ടിറങ്ങിയവരെയെല്ലാം പാണന്മാരാക്കി പാടിച്ച ഭ്രമിപ്പിക്കുന്ന ഈ വരികളെഴുതിയത് അമ്മു മരിയ അലക്സ് എന്ന ഇടുക്കിയുടെ സ്വന്തം മിടുക്കിയാണ്. ഭ്രമയുഗത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കൊടുമൺ പോറ്റിയെ വാഴ്ത്തി, അർജുൻ അശോകന്റെ പാണൻ കഥാപാത്രം പാടുന്ന പാട്ടിലൂടെ അമ്മു പകർന്ന വാങ്മയചിത്രങ്ങൾ അവിസ്മരണീയം.
യക്ഷിക്കഥാപാത്രം മാത്രം സ്ത്രീയായി വന്ന പുരുഷകേന്ദ്രീകൃത സിനിമയായ ഭ്രമയുഗത്തിലെ ഏക വനിതാ പിന്നണിപ്രവർത്തക കൂടിയായ അമ്മു മരിയ അലക്സ് (27) ആണു സിനിമാസംവിധാനം ലക്ഷ്യമാക്കിയ മിടുക്കി.
ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻനാഥ് പുത്തഞ്ചേരിയും അമ്മുവുമാണു ഭ്രമയുഗത്തിലെ ഗാനരചയിതാക്കൾ. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായിരുന്നു അമ്മു. ‘ദാണ്ട് പച്ചേ പെരുത്ത് മഞ്ഞ’ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവാണ്.
വാഴത്തോപ്പ് കുഴിപ്പള്ളിയിൽ സിബി തോമസ്–ജാസ്മിൻ സിബി ദമ്പതികളുടെ 3 മക്കളിൽ മൂത്ത മകളാണ് അമ്മു. സഹോദരികൾ: പൊന്നു മാഗി അലക്സ്, സിസ്റ്റർ ആഗ്നസ്.