കൺപീലി ഭംഗിയാക്കാനുള്ള ചികിത്സയ്ക്ക് സമയം നല്‍കിയില്ല, ബ്യൂട്ടീഷന്റെ കാർ കത്തിച്ച് യുവതി
Mail This Article
കൺപീലികള്‍ ഭംഗിയാക്കാനുള്ള ചികിത്സയ്ക്കായി (eyelash extensions) ദിവസങ്ങൾ കാത്തു നിന്നു. എന്നിട്ടും ഇഷ്ട ബ്യൂട്ടീഷന്റെ സമയം ലഭിച്ചില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഒന്നുകിൽ മറ്റേതെങ്കിലും ബ്യൂട്ടീഷനെ സമീപിക്കുകയോ, കാത്തിരിക്കുകയോ ആണ് സാധാരണ എല്ലാവരും ചെയ്യുക. എന്നാല്‍ ഷിക്കാഗോയിൽ നിന്നുയരുന്ന വാര്‍ത്ത അല്‍പം വ്യത്യസ്തമാണ്. ഇവിടെ സമയം കിട്ടാത്തതിൽ പ്രതിഷേധിച്ച് ബ്യൂട്ടീഷന്റെ കാര്‍ തന്നെ ഒരു യുവതി കത്തിച്ചെന്നാണ് ആരോപണം.
ഷിക്കാഗോയില്‍ പ്രവർത്തിക്കുന്ന ‘ലാഷ്ഡ് ബൈ സെല്ല’ എന്ന സ്ഥാപനത്തിവന്റെ ഉടമയായ മാര്‍സെല്ല ഓർ കോബിൻസിന്റെ കാറാണ് ഒരു യുവതി കത്തിച്ചത്. ഇത് കൺപീലി ഭംഗി കൂട്ടാനുള്ള ചികിത്സയ്ക്ക് സമയം നല്‍കാത്തതിൽ പ്രതിഷേധിച്ചാണെന്നാണ് മാർസെല്ലയുടെ ആരോപണം. യുവതി കാർ കത്തിക്കുന്ന സിസിടിവി ദൃശ്യങ്ങൾ മാർസെല്ല സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.
ഹൂഡി ധരിച്ചൊരു യുവതി കാറിന് ചുറ്റും ഒരു ദ്രാവകം ഒഴിക്കുന്നതാണ് ആദ്യം വിഡിയോയിൽ കാണുന്നത്. ശേഷം അവര്‍ കാറിന് തീ കൊളുത്തുന്നു. പെട്ടെന്ന് തന്നെ കാർ കത്തി നശിക്കുന്നു.
യുവതിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടും മാർസെല്ല സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിൽ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും സമയം കിട്ടാത്തതിന്റെ നിരാശ യുവതി പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ആരോപണ വിധേയയായ യുവതി ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.