എയർ ഹോസ്റ്റസിൽ നിന്നും വിമാനകമ്പനിയുടെ സിഇഒ പദവിയിലേയ്ക്ക്, ചരിത്രം തിരുത്തി മിത്സുകോ
Mail This Article
ജപ്പാൻ എയർലൈൻസിന്റെ (ജെഎഎൽ) ആദ്യ വനിതാ സിഇഒയായി മിത്സുകോ ടോട്ടോറിയെ നിയമിച്ചു. ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് എന്ന നിലയിൽ നിന്നാണ് രാജ്യത്തിന്റെ പ്രധാന എയർലൈനിന്റെ സിഇഒ ആയി മിത്സുകോ ടോട്ടോറിയോ ഉയർന്നത്. ലോകത്ത് ഏറ്റവും പുരോഗതിയാർജ്ജിക്കുന്ന രാജ്യമായ ജപ്പാനിൽ നേതൃസ്ഥാനങ്ങളിലും ഉന്നത പദവികളിലും സ്ത്രീകൾക്ക് മുൻഗണനയോ പരിഗണനയോ ലഭിക്കുന്നില്ല. എയർലൈനിന്റെ ആദ്യ വനിത സിഇഒയായി മാറി മിത്സുകോ തിരുത്തിയതും ആ ചരിത്രമാണ്.
മിത്സുകോയ്ക്ക് തന്റെ മുൻഗാമികളായ പ്രസിഡന്റുമാരുടേതുപോലെ ഉയർന്ന സാമ്പത്തിക പശ്ചാത്തലമോ, കുടുംബ മഹിമയോ ഇല്ല. എയർഹോസ്റ്റസായി സേവനമാരംഭിച്ച അവർ കഠിനാധ്വാനവും അർപ്പണ മനബോധവും കൊണ്ടാണ് ഈ നിലയിലെത്തിയത്. 1985-ൽ ജപ്പാൻ എയർലൈൻസിൽ ഫ്ലൈറ്റ് അറ്റന്ററായി സേവനമാരംഭിച്ച മിത്സുക്കോ ടോട്ടോറി മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം 2015 ൽ, ക്യാബിൻ അറ്റൻഡന്റുകളുടെ സീനിയർ ഡയറക്ടറായി നിയമിതയായി. ഇതിനു പിന്നാലെയാണ് 2024-ൽ ജപ്പാൻ എയർലൈൻസിന്റെ പ്രസിഡന്റും സിഇഒയും ആയത്.
മിത്സുകോയുടെ പശ്ചാത്തലം അവരുടെ മുൻഗാമികളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. കഴിഞ്ഞ 10 ജെഎഎൽ പ്രസിഡന്റുമാരിൽ ഏഴു പേരും പ്രശസ്തമായ ടോക്കിയോ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവരാണ്. ഇതിനു വിപരീതമായി സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിൽ പ്രധാന പങ്കുവഹിച്ച സ്ഥാപനങ്ങളുടെ ശൃംഖലയുടെ ഭാഗമായ നാഗസാക്കിയിലെ ക്വാസുയി വിമൻസ് ജൂനിയർ കോളജിലാണ് ടോട്ടോറി പഠിച്ചത്.