മുപ്പത്തിനാലാം വയസ്സിൽ മുത്തശ്ശി! നിങ്ങളൊരു പരാജയപ്പെട്ട അമ്മയെന്ന് യുവതിക്ക് വിമർശനം
Mail This Article
മുപ്പത്തിനാലാം വയസ്സിൽ അമ്മയാകുന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ ഈ പ്രായത്തിൽ മുത്തശ്ശിയായിരിക്കുകയാണ് സമൂഹമാധ്യമ ഇൻഫ്ലുവൻസറായ ഒരു യുവതി. സിംഗപ്പുർ സ്വദേശിയായ ഷേർളി ലിങ്ങാണ് മുപ്പത്തിനാലാം വയസ്സിൽ മുത്തശ്ശിയായിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ലിങ്ങിന്റെ 17 വയസ്സുള്ള മകൻ അച്ഛനായത്.
പതിനേഴാമത്തെ വയസ്സിലാണ് ഷേർളി ലിങ്ങിന് ആദ്യത്തെ ആൺകുഞ്ഞ് ജനിച്ചത്. ഇപ്പോൾ രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും ഷേര്‍ളിക്കുണ്ട്. മുത്തശ്ശിയായ വിവരം അടുത്തിടെ യുവതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചെറുപ്രായത്തിൽ തന്നെ മുത്തശ്ശിയായതിന്റെ അനുഭവവും ലിങ് വിഡിയോയിലൂടെ പങ്കുവച്ചു. ‘‘ഇക്കാര്യം നല്ലതാണോ മോശമാണോ എന്ന് എനിക്കറിയില്ല. പക്ഷേ, കഴിഞ്ഞ വർഷം പതിനേഴുകാരനായ മകന്റെ പെൺസുഹൃത്ത് ഗർഭിണിയാണെന്ന് അറിഞ്ഞത് എനിക്ക് അത്ഭുതമായില്ല .’’– ലിങ് പറഞ്ഞു.
കുട്ടിക്കാലത്തും മകന് കൗതുകം കൂടുതലായിരുന്നെന്നും ലിങ് പങ്കുവച്ച വിഡിയോയിൽ തമാശരൂപേണ പറയുന്നുണ്ട്. എന്നിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടായിരിക്കും അവന്‍ പതിനേഴാം വയസ്സില്‍ അച്ഛനായത്. മറ്റുകുട്ടികളെ അപേക്ഷിച്ച് കുട്ടിക്കാലത്തു തന്നെ അവന് അൽപം കൗതുകം കൂടുതലായിരുന്നു. കാമുകി ഗർഭിണിയാണെന്ന് അവൻ എന്നോട് പറഞ്ഞപ്പോൾ അവന്‍ ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തം അവനു തന്നെയാണ്. ഇതിലെ ശരിയും തെറ്റും നിങ്ങളെങ്ങനെ ഇക്കാര്യങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.’’– ഷേർളി ലിങ് പറഞ്ഞു.
വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളുണ്ടാകുന്നതിൽ മക്കളെ പ്രോത്സാഹിപ്പിക്കില്ലെന്നും ഷിർലി ലിങ് വ്യക്തമാക്കി. വളരെ ചെറുപ്പത്തിൽ തന്നെ അമ്മയായതിന്റെ ബുദ്ധിമുട്ട് തനിക്കറിയാമെന്നും അവർ കൂട്ടിച്ചേർത്തു. ‘‘എന്നാൽ ഇവിടെ ഇത് സംഭവിച്ചു കഴിഞ്ഞു. അതിനെ എങ്ങനെ അഭിമുഖീകരിക്കണം എന്നുമാത്രമാണ് എനിക്ക് അവർക്ക് നൽകാൻ കഴിയുന്ന ഉപദേശം. എന്ത് തീരുമാനം എടുക്കണമെന്നും ഇനി എത്രമാത്രം ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും അവർ ചിന്തിക്കണം. രണ്ടാമതൊരു കുഞ്ഞ് ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പു പറയാൻ സാധിക്കില്ല. ശ്രദ്ധിച്ചില്ലെങ്കിൽ അവർ ഈ തെറ്റ് ആവർത്തിക്കും. അവർക്ക് ആവശ്യമുണ്ടെങ്കിൽ രക്ഷിതാക്കൾ അവര്‍ക്ക് ആവശ്യമുള്ള ഉപദേശം നൽകും. എന്ത് സംഭവിച്ചാലും അവർ മക്കളാണല്ലോ.’’– ഷേർളി ലിങ് വ്യക്തമാക്കി.
ഷേർളിയുടെ വിഡിയോയ്ക്കു താഴെ അവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. പരാജയപ്പെട്ട അമ്മയാണ് ഷിർലി ലിങ് എന്നായിരുന്നു അവർക്കെതിരെ ഉയർന്ന പ്രധാന വിമർശനം. മക്കള്‍ക്കു നൽകുന്ന പിന്തുണയ്ക്ക് ഷിർലി ലിങ് അഭിനന്ദനം അർഹിക്കുന്നു എന്ന് പറയുന്നവരും ഉണ്ട്. അതേസമയം അമ്പത്തിമൂന്നാം വയസ്സിൽ ലിങ്ങിന്റെ പേരക്കുട്ടികൾക്കു മക്കളാകുമെന്നു കളിയാക്കി കമന്റ് ചെയ്തവരും ഉണ്ട്.