ADVERTISEMENT

പത്താം വയസിൽ സ്കൂളിൽ പോകാനാകാതെ വഴിമുട്ടിനിന്ന ഒരു കുടുംബത്തിലെ പെൺകുട്ടിയ്ക്ക്  മാതാപിതാക്കൾ തെളിച്ചുകൊടുത്തത് കൃഷിയിലേയ്ക്കുള്ള വഴിയായിരുന്നു. അന്ന് പാടത്തെ ചെളിയിലേക്കു പൂണ്ടുപോയ തന്റെ കാലുകളെ അവൾ പിന്നീട് ഒരിക്കലും അതിൽ നിന്നും വലിച്ചൂരിയെടുക്കാൻ ശ്രമിച്ചില്ല. അത്രത്തോളം മണ്ണും കൃഷിയും അവളിൽ ആഴ്ന്നിറങ്ങി. അതുകൊണ്ടാവാം ഇന്ന് രാജ്യം അവരെ ‘വിത്ത് മാതാവ്’ എന്ന് അഭിസംബോധന ചെയ്തത്. എന്നന്നേയ്ക്കുമായി തേഞ്ഞുമാഞ്ഞുപോകുമായിരുന്ന നൂറുകണക്കിന് നാടൻ വിത്തിനങ്ങളാണ് ഈ അമ്മ സംരക്ഷിക്കുന്നത്. മക്കൾക്കും പേരക്കുട്ടികൾക്കും വേണ്ടി ഒരമ്മ ആരംഭിച്ച പോരാട്ടം അവരെ രാജ്യത്തെ പരമോന്നത ബഹുമതിക്കർഹയാക്കി.  മഹാരാഷ്ട്രയിലെ ആദിവാസി കർഷകയായ റാഹിബായ് സോമയുടെ ജീവിതം തന്നെ ഒരു പാഠമാണ്. പത്തു വിത്തു വിതച്ച് നൂറുമേനി കൊയ്ത കഥ. 

മക്കളും കൊച്ചുമക്കളും നിരന്തരം രോഗബാധിതരാകുന്നത് കണ്ട് ഭക്ഷണരീതിയും ഉപയോഗിക്കുന്ന ആഹാരപദാർഥങ്ങളുമെല്ലാം സ്വയം ഉല്‍പാദിപ്പിക്കാൻ വേണ്ടി മഹാരാഷ്ട്രയിലെ റാഹിബായ് സോമ പ്രാദേശിക വിത്തുകൾ ശേഖരിക്കുകയും സ്വയം സഹായ സംഘം രൂപീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ 'വിത്തമ്മ' എന്നും 'വിത്തു സ്ത്രീ' എന്നും അറിയപ്പെടുന്ന റാഹിബായ് ഏതാണ്ട്154 നാടൻ വിത്തുകൾ ഇന്നും സംരക്ഷിച്ചുപോരുന്നു. അഹമ്മദ്‌നഗർ ജില്ലയിലെ തന്റെ ഗ്രാമമായ കൊമ്പാൽനെയിലെ കർഷകർക്കും മണ്ണിനും വേണ്ടി സ്വയം സമർപ്പിച്ചു ജീവിക്കുന്നയാളാണ് റാഹിബായ്. 

മണ്ണ് നമ്മുടെ അമ്മയെപ്പോലെയാണ്. വിവാഹിതയായ ഒരു സ്ത്രീ അവളുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് അവളുടെ മാതാപിതാക്കളുടെ വീട്ടിവെത്തുമ്പോൾ ലഭിക്കുന്ന സ്നേഹവും കരുതലുമാണ് നമുക്ക് നമ്മുടെ മാതൃഭൂമിയുമായുള്ള ബന്ധം. ആ വികാരത്തോടെയാണ് വിത്ത് വിതയ്ക്കുന്നതെന്നാണ് റാഹിബായ് പറയുന്നത്. ‘‘എഴുത്തും വായനയും വശമില്ലാത്തതിനാൽ എപ്പോഴാണ് വിത്തുശേഖരണം തുടങ്ങിയതെന്ന് കൃത്യമായി ഓർമയില്ല. എങ്കിലും 20–22 വർഷം മുൻപാണ്.’’– റാഹി ബായ് പറയുന്നു. 

പതിനേഴാം വയസിൽ വിവാഹിതയായി വന്നതു മുതൽ അവർക്ക് വീടും കൃഷിയിടവുമായിരുന്നു എല്ലാം. കൊച്ചുമക്കൾക്ക് രോഗങ്ങൾ വിട്ടുമാറാതെ വന്നപ്പോഴാണ് റാഹിബായ് കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നതുകൊണ്ടാണ് ഇതുസംഭവിക്കുന്നതെന്ന് മനസ്സിലാക്കിയ റാഹിബായ് കൃഷിയിലൂടെ നഷ്ടപ്പെട്ട ആരോഗ്യത്തെ തിരിച്ചുപിടിയ്ക്കാൻ തീരുമാനിച്ചു. എപ്പോഴും ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന് പറയുമായിരുന്ന തന്റെ അച്ഛന്റെ വാക്കുകളെ ഓർത്ത് റാഹിബായ് വിത്തുകൾ സൂക്ഷിക്കാൻ തുടങ്ങി. മാർക്കറ്റിലും മറ്റും ലഭിക്കാത്ത നൂറുകണക്കിന് പഴയ ഇനം വിത്തുകളും അരിയും ധാന്യങ്ങളുമെല്ലാം ഇന്ന് ഈ അമ്മയുടെ കയ്യിലുണ്ട്. 

തുടക്കത്തിൽ, അവരുടെ ഗ്രാമത്തിലെ സ്ത്രീകൾ പോലും  റാഹിബായിയെ നോക്കി കളിയാക്കി ചിരിക്കുമായിരുന്നുവെങ്കിലും, പതിയെപ്പതിയെ ആളുകൾ അവർ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ തുടങ്ങി.  ഭർത്താവും മൂന്ന് ആൺമക്കളും ഒരു മകളും അടങ്ങുന്ന കുടുംബം എപ്പോഴും റാഹിബായ്ക്കൊപ്പം നിന്നു. താമസിയാതെ അവരെ തേടി അംഗീകാരങ്ങളും എത്തിത്തുടങ്ങി. താൻ പഠിച്ചതെല്ലാം വിജയകരമായി നടപ്പിലാക്കിയതിനു ശേഷം, വിത്ത് തിരഞ്ഞെടുക്കൽ, മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികതകൾ, കീടനിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് റാഹിബായി ഇപ്പോൾ കർഷകരെയും വിദ്യാർഥികളെയും പരിശീലിപ്പിക്കുന്നുണ്ട്. അവർ നാടൻ വിളകളുടെ തൈകൾ കർഷകർക്ക് വിതരണം ചെയ്യുന്നു. നാടൻ ഇനങ്ങളിലേക്കു മാറാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. പരമ്പരാഗത കൃഷിയുടെയും ജലസേചനത്തിന്റെയും ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നു. അങ്ങനെ ഒരു ഭാവിതലമുറയെ വാർത്തെടുക്കുകയാണ് ഈ അമ്മ. 

നാടൻ വിത്തുകൾ സംരക്ഷിക്കുന്നതിനായി റാഹിബായ് ‘കൽസുഭായ് പരിസാർ ബിയാനീ സംവർധൻ സമിതി’ എന്ന പേരിൽ ഒരു സ്വയം സഹായ സംഘം രൂപീകരിച്ചിട്ടുണ്ട്. അതിലൂടെ കാർഷിക സംരംഭങ്ങൾക്ക് പുറമേ ആരോഗ്യ ക്യാംപുകളും സോളാർ ലാംപ് വിതരണവും പോലുള്ള നിരവധി സാമൂഹിക സംരംഭങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. ഏകദേശം 13,000 സ്ത്രീകൾ ഇപ്പോൾ അവൾക്കൊപ്പം ജോലി ചെയ്യുന്നു. മണ്ണിനുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവച്ച ഈ അമ്മ ഒരു മാതൃകയാണ് വരും തലമുറയ്ക്ക് പാഠമാക്കാവുന്ന ഒരു മികച്ച മാതൃക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com