ആക്രിയല്ല, ഡംസ്റ്റർ ഡൈവർ; ചവറ്റുകുട്ടകൾ പെറുക്കി യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങൾ
Mail This Article
നമ്മുടെ നാട്ടിൽ ചവറ്റുകുട്ടയിൽ നിന്നും മറ്റും സാധനങ്ങൾ പെറുക്കി എടുക്കുന്നവരെ ആക്രി എന്ന് വിളിക്കും. എന്നാൽ വിദേശരാജ്യങ്ങളില്‍ ഇത്തരക്കാരുടെ നിലയും വിലയും പേരും വരെ മാറും. ചവറ്റുകുട്ടയിലെ സാധനങ്ങൾ ശേഖരിക്കുന്നവരുടെ മോഡേൺ പേരാണ് ഡംസ്റ്റർ ഡൈവർ. ഇങ്ങനെ ചവറ്റുകുട്ടയിലേക്ക് എടുത്തുചാടി മാസം ലക്ഷങ്ങളാണ് ഒരു വീട്ടമ്മ സമ്പാദിക്കുന്നത്. ടെക്സസ് സ്വദേശിനിയും 34 കാരിയുമായ ടിഫാനി ബട്‌ലർ ഒരു മുഴുവൻ സമയ ഡംപ്‌സ്റ്റർ ഡൈവർ എന്ന നിലയിൽ ഏകദേശം ഒരു മാസം 76,000 ഡോളറിലധികം സമ്പാദിക്കുന്നുണ്ടത്രേ. അതായത് നമ്മുടെ നാട്ടിലെ 6 ലക്ഷം രൂപയ്ക്ക് മുകളിൽ വരും.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, ചവറ്റുകുട്ടയിൽ നിന്നും താൻ കണ്ടെത്തിയ സാധനങ്ങൾ വീണ്ടും വിൽപന നടത്തിയതിലൂടെ ഏകദേശം 80,000 ഡോളർ (66,99376 രൂപ) സമ്പാദിച്ചതായും ടിഫാനി അവകാശപ്പെട്ടതോടെയാണ് കൗതുകരമായ വിശേഷം പുറംലോകമറിഞ്ഞത്. ഇത്തരത്തില്‍ കണ്ടെത്തുന്ന വസ്തുക്കള്‍ മൂന്ന് ദശലക്ഷം ഫോളവേഴ്സുള്ള സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ടിഫാനി പങ്കുവയ്ക്കാറുമുണ്ട്.
ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ടിഫാനി ചവറ്റുകുട്ടകൾ അരിച്ചു പെറുക്കും. ഈയടുത്ത് അങ്ങനെ ഒരു ഡസ്റ്റ്ബിന്നിൽ പരിശോധന നടത്തുന്നതിനിടെ ഒരേ ബ്രാൻഡിൽ നിന്നുള്ള വാട്ടർ ബോട്ടിലുകൾ, ടീ-ഷർട്ടുകൾ, സോക്‌സുകൾ എന്നിവയുൾപ്പെടെ നിരവധി പുതിയ ഇനങ്ങൾ ഉൾപ്പെട്ട വലിയൊരു ബാഗാണ് തനിക്ക് ലഭിച്ചതെന്ന് ടിഫാനി ടിക്ടോക്ക് അക്കൗണ്ടിലൂടെ വെളിപ്പെടുത്തുകയുണ്ടായി. ഓരോന്നും 10,000 രൂപയിലധികം വിലയുള്ള പരിശീലന ഉപകരണങ്ങളാണെന്നും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വേസ്റ്റ് ബിന്നുകളില്‍ പരിശോധന നടത്താറുള്ള തനിക്ക് ആദ്യമായിട്ടാണ് ഇത്രയും വിലപിടിപ്പുള്ള സാധനങ്ങൾ ചവറ്റുകുട്ടയിൽ നിന്നും ലഭിക്കുന്നതെന്നും അവർ പറഞ്ഞു.
മിക്കവാറും വലിയ ബ്രാൻഡഡ് ഷോപ്പുകളുടെ പുറകിലുള്ള ഡസ്റ്റ് ബിന്നുകളിലാണ് ടിഫാനി കൂടുതലും ഡംസ്റ്റർ ഡൈവിങ് നടത്താറുള്ളത്. ഏകദേശം 8 വർഷത്തോളമായി ഇവർ വ്യത്യസ്തമായ ഈ പ്രവർത്തനം ചെയ്തുവരുന്നു.ചവറ്റുകുട്ടയിൽ ഉപേക്ഷിക്കപ്പെടുന്ന സാധനങ്ങൾ പെറുക്കി വീണ്ടും വിറ്റ് അവർക്ക് ലക്ഷങ്ങൾ സമ്പാദിക്കാനായി എന്നത് സമൂഹമാധ്യമത്തിലുടനീളം ചർച്ചാവിഷയമായി .എന്തായാലും വീട്ടമ്മയ്ക്ക് പിന്തുണയും അതുപോലെതന്നെ വിമർശനവുമായി നിരവധിപേർ രംഗത്ത് വന്നു കഴിഞ്ഞു. ടെക്സസിലും മറ്റു പല സംസ്ഥാനങ്ങളിലും ഡംസ്റ്റർ ഡൈവിങ് നിയമപരമായി നടത്താവുന്ന ഒരു കാര്യമാണ്. ഡസ്റ്റ് ബിന്നിലേയ്ക്ക് എടുത്തു ചാടിയാണെങ്കിലും സമ്പാദിക്കാൻ പറ്റും എന്ന് പലരും ഇതുപോലെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.