ചുട്ടുപഴുത്ത ഉരകല്ലോ ഇരുമ്പോ മാറിടത്തിൽ വയ്ക്കും: പെൺകുട്ടികളുടെ സ്തനവളർച്ച തടയുന്ന അമ്മമാർ!
Mail This Article
ഏതാണ്ട് 10 വയസ്സ് പൂർത്തിയായതിനു ശേഷമുള്ള കാലം പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണെന്ന് പറയാം. ശൈശവം വിട്ട് കൗമാരത്തിലേയ്ക്ക് കടന്ന് പൂമ്പാറ്റകളെ പോലെ പറന്നു നടക്കുന്ന കാലം. ശാരീരികമായും മാനസികമായും വളരുന്ന കാലം കൂടിയാണിത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്ത്രീ എന്ന പൂർണതയിലേക്കുള്ള ആദ്യ ചുവടുകൾ വച്ചു തുടങ്ങുന്ന സമയം. എന്നാൽ 10 വയസ് പൂർത്തിയാകുന്നതിനെ ഭയത്തോടെ മാത്രം കണ്ടു ജീവിക്കുന്ന ഒരുപറ്റം പെൺകുട്ടികളുണ്ട് ആഫ്രിക്കയിൽ. സമൂഹത്തെ ഭയന്ന് ഇവരുടെ സ്വാഭാവികമായ ശാരീരിക വളർച്ചയ്ക്ക് തടയിടാൻ സമാനതകളില്ലാത്ത മുറകൾ സ്വീകരിക്കുകയാണ് അമ്മമാർ. കൗമാരത്തിലേക്കു കടക്കുന്നതോടെ വളർച്ച തടയുന്നതിനായി പെൺകുട്ടികളുടെ സ്തനങ്ങളിൽ ചൂടേൽപ്പിക്കുന്നത് ആഫ്രിക്കയിൽ ചിലയിടങ്ങളിലെ പാരമ്പരാഗത രീതിയാണ്.
ബ്രസ്റ്റ് അയണിങ് അല്ലെങ്കിൽ ബ്രസ്റ്റ് ഫ്ലാറ്റണിങ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. വീടുകളിൽ പതിവായി ഉപയോഗിച്ചുവരുന്ന അരകല്ലുകൾ, ഇരുമ്പ്, ചിരട്ട, ചുരയ്ക്കത്തോട്, ചുറ്റിക, വടി, ചട്ടുകം തുടങ്ങിയവ പെൺമക്കളുടെ സ്തനങ്ങളിൽ ചൂട് ഏൽപിക്കാനായി ഇവിടുത്തെ അമ്മമാർ ഉപയോഗിക്കുന്നു. ഇവ ചൂടാക്കിയ ശേഷം വളർന്നുവരുന്ന സ്തനങ്ങൾക്കുമേൽ അമർത്തുന്നതിലൂടെ സ്തന വളർച്ച മുരടിപ്പിക്കാനാണ് ശ്രമം. സ്തനങ്ങൾക്ക് സ്വാഭാവിക വളർച്ച ഇല്ലാതെ വരുന്നതോടെ പുരുഷന്മാർ ഇവരിലേയ്ക്ക് ആകൃഷ്ടരാകുന്നത് തടയാനും അതുവഴി ശാരീരിക അതിക്രമങ്ങളും പ്രായപൂർത്തി എത്താതെയുള്ള ഗർഭധാരണങ്ങളും ഒഴിവാക്കാനും സാധിക്കുമെന്ന് ഇവർ കരുതുന്നു.
പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് തടയാനും നിർബന്ധിത വിവാഹങ്ങൾ ഒഴിവാക്കാനും മക്കളുടെ വിദ്യാഭ്യാസകാലം പൂർത്തീകരിക്കാനുമുള്ള വഴിയായി കണ്ടാണ് അമ്മമാരും കുടുംബത്തിലെ മുതിർന്ന സ്ത്രീകളും ഈ കടുംകൈയ്ക്ക് മുതിരുന്നത്. എന്നാൽ ഈ പ്രക്രിയയിലൂടെ കടന്നുപോകുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ സമാനതകളില്ലാത്തതാണെന്ന് ആരോഗ്യ സംഘടനകളും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കുന്നുണ്ട്. ഈ ആചാരത്തിന് ഇരകളാകുന്ന പെൺകുട്ടികളിൽ ഏറിയപങ്കും വിദ്യാഭ്യാസം പൂർത്തീകരിക്കാനാവാതെ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നു.
ദിവസങ്ങൾ എടുത്താണ് സ്തന വളർച്ച തടയാനുള്ള പ്രക്രിയ നടത്തുന്നത്. കുടുംബത്തിലെ പുരുഷ അംഗങ്ങൾ അറിയാതെ അതീവ രഹസ്യമായി സ്ത്രീകൾ ഇത് കൈകാര്യം ചെയ്യുന്നു. എന്നാൽ പ്രക്രിയ അവസാനിപ്പിച്ചാലും പിന്നീടുള്ള ജീവിതത്തിൽ ഉടനീളം ഇതിന്റെ പ്രത്യാഘാതങ്ങൾ പെൺകുട്ടികൾ അനുഭവിച്ചുകൊണ്ടേയിരിക്കും എന്നതാണ് ദുരവസ്ഥ. സ്തനങ്ങളിലെ മസിലുകൾക്ക് ഗുരുതരമായ ബലക്ഷയം സംഭവിക്കും. വർഷങ്ങളോളം വേദനയുണ്ടാകുന്നതും പതിവാണ്. ശരീരത്തിന്റെ സ്വാഭാവിക ആകൃതി വികൃതമായി തീർന്നതിലെ നാണക്കേട് മൂലം പുറത്തിറങ്ങാൻ പോലും പെൺകുട്ടികൾ മടിക്കുന്നു.
വിവാഹശേഷം കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന സമയത്തും ബുദ്ധിമുട്ടുകളും വേദനയും നേരിടും. ഇത്തരം സാഹചര്യങ്ങളിൽ സ്തനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താൻ ചികിത്സ തേടുന്നവരും ഉണ്ട്. എന്നാൽ പലപ്പോഴും സാധാരണക്കാരായ ആളുകൾക്കു താങ്ങാവുന്നതിലും വലിയ തുകയാണ് ചികിത്സയ്ക്ക് വേണ്ടി വരുന്നത്. ഇതുമൂലം ജനിച്ച ദിവസം മുതൽ കുഞ്ഞുങ്ങൾക്കായി പാൽപ്പൊടിയെ ആശ്രയിക്കുന്നവരാണ് ബ്രസ്റ്റ് അയണിങ്ങിനു വിധേയരായ അമ്മമാരിൽ അധികവും.മുലപ്പാൽ ലഭിക്കാത്തതുമൂലം ആരോഗ്യം നഷ്ടപ്പെട്ട് കുഞ്ഞുങ്ങൾ മരണമടയുന്ന സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 3.8 മില്യൺ പെൺകുട്ടികൾ ബ്രസ്റ്റ് അയണിങ്ങിനു വിധേയരാകുന്നുണ്ട്. ലിംഗാധിഷ്ഠിത അതിക്രമങ്ങളിൽ വ്യക്തമായ കണക്കുകൾ പുറത്തു വരാതെ മറച്ചു പിടിക്കപ്പെടുന്ന ഗുരുതരമായ അഞ്ച് കുറ്റകൃത്യങ്ങളിൽ ഒന്നും ഇതുതന്നെയാണ്. കാമറൂണിലെയും നൈജീരിയയുടെ ചില ഭാഗങ്ങളിലെയും 25 മുതൽ 50 ശതമാനം വരെ പെൺകുട്ടികളും ഈ പ്രക്രിയയ്ക്ക് വിധേയരാകുന്നുണ്ടെന്ന് അന്നാൽസ് മെഡിക്കൽ റിസർച്ച് ആൻഡ് പ്രാക്ടീസ് എന്ന് ജേർണലിലെ പഠന വിവരങ്ങളും വ്യക്തമാക്കുന്നു.
പൊതുജനങ്ങൾക്കിടയിൽ ഈ രീതിയുടെ ദോഷഫലത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി മനുഷ്യാവകാശ സംഘടനകൾ ഊർജിതമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതുമൂലം ഉണ്ടാകുന്ന ശാരീരിക-മാനസിക പ്രശ്നങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന് പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കാനാണ് ശ്രമം. അപകട സാധ്യതകൾ മനസ്സിലാക്കി പലരും പിന്തിരിയാൻ തയാറാകുന്നുണ്ടെങ്കിലും പരമ്പരാഗത രീതികളിൽ അടിയുറച്ച് വിശ്വസിക്കുന്നവർ ഇപ്പോഴും ഏറെയാണ്. ചേലാകർമം ചെയ്യുന്നതുപോലെ ബ്രസ്റ്റ് അയണിങ്ങും തൊഴിലായി സ്വീകരിച്ചിരിക്കുന്ന സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ വാക്കുകൾക്ക് മുൻതൂക്കം നൽകിയാണ് സ്ത്രീകൾ വീണ്ടും പെൺമക്കളെ ഈ ദുരിതമനുഭവിക്കാൻ നിർബന്ധിക്കുന്നത്.
പല പ്രദേശങ്ങളിലും ബ്രസ്റ്റ് അയണിങ് ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കി അതിനു തടയിടുന്നതിനായി നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്. നൈജീരിയയിൽ ചേലാകർമ്മമോ ബ്രസ്റ്റ് അയണിങ്ങോ നിർബന്ധിത വിവാഹമോ നടന്നാൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യക്തികളെ നാലുവർഷം തടവിൽ പാർപ്പിക്കാനും 25000രൂപ പിഴ ഈടാക്കാനും നിയമം അനുശാസിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയിടാനുള്ള യുഎന്നിന്റെ വ്യത്യസ്ത ഉടമ്പടികളിൽ ബ്രസ്റ്റ് അയണിങ് മനുഷ്യാവകാശ ലംഘനമായി തന്നെയാണ് കണക്കാക്കുന്നത്. ഇവയിൽ നിന്നും പെൺകുട്ടികളെ സംരക്ഷിക്കാനും അവരുടെ സ്വാഭാവിക വളർച്ചയും ആരോഗ്യവും ഉറപ്പാക്കാനും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനുമായി ധാരാളം സംഘടനകളും ഐക്യരാഷ്ട്ര സംഘടനയുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്.