ADVERTISEMENT

പ്രൈമറി ക്ലാസുകളിൽ തോളിൽ കയ്യിട്ട് നടന്നിരുന്ന ഒരുവനെയോ ഒരുവളെയോ ഇന്നുമോർക്കുന്നുണ്ടോ? വലിയ ക്ലാസുകളിലേക്കും അവിടെ നിന്ന് വലുതായിപ്പോയ ജീവിതത്തിലേക്കും നടന്നുകയറിയപ്പോൾ നാം മറന്നുപോയതെന്തൊക്കെയാണ്. ജീവിതപ്പാച്ചിന്റെ വേഗം കുറഞ്ഞുതുടങ്ങുമ്പോൾ, മനസ് മുന്നോട്ടല്ല പിന്നോട്ടാണ് ഓടുന്നതെന്ന് തിരിച്ചറിയുമ്പോൾ ആരെയെങ്കിലും വീണ്ടും കാണണമെന്നും മണിക്കൂറുകളോളം മിണ്ടിയും പറഞ്ഞുമിരിക്കണമെന്നും തോന്നുന്നുവെങ്കിൽ ഉറപ്പായും അത് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ തന്നെയാകും.

ഔപചാരികതയോ അടിച്ചേൽപ്പിക്കലോ ഇല്ലാതെ നിയമപരമായ ഉറപ്പുകളുടെ ആവശ്യമില്ലാതെ ബന്ധുത്വത്തിന്റെ ചങ്ങലക്കണ്ണികളിൽ കുടുങ്ങാതെ, കടമയോ കടപ്പാടോ ഉപാധികളാകാതെ മനുഷ്യൻ മനുഷ്യന്റെ തോളിൽ കയ്യിടുന്നതാണ് സൗഹൃദം. ആ സൗഹൃദത്തിന് വലിപ്പ ചെറുപ്പമോ ആൺപെൺ വ്യത്യാസമോ പ്രായമോ അതിരുകളാകില്ല. പരസ്പരം കെട്ടിപ്പിടിച്ചോ കൈകോർത്തോ തോളോടു തോൾ ചേർന്നിരിക്കണമെന്നില്ല. വീണ്ടും നേരിട്ട് കണ്ടില്ലെങ്കിൽ പോലും അത് പിന്നെയും പൂത്തുലയും.

അങ്ങനെ പൂത്തുലയുകയാണ് ഇ-ലോകത്ത് സൗഹൃദങ്ങളുടെ വലിയ കൂട്ടായ്മ. ഉത്തരവാദിത്തങ്ങളുടെ മാറാപ്പുചുമന്ന് തളർന്നിരിക്കുന്ന വൈകുന്നേരങ്ങളിൽ, അലോസരപ്പെടുത്തുന്ന നൂറുകൂട്ടം പ്രശ്നങ്ങൾ സ്വസ്ഥത കെടുത്തുമ്പോൾ ഫോണെടുത്ത് പഴയ സ്കൂൾ മുറ്റത്തേക്കും കോളജ് ക്യാംപസിലേക്കും തിരിഞ്ഞോടുന്നവരുടെ കാലമാണിത്. ഒരു യൗവനകാലമാകെ പൂത്ത് തളിർത്തുനിൽക്കുന്ന ആ കൂട്ടായ്മയിൽ എഴുപത് കഴിഞ്ഞവരൊക്കെ യുവതീയുവാക്കളാകും.

ഏത് മനുഷ്യനും ജീവിതകാലം മുഴുവൻ പ്രിയപ്പെട്ടതാണ് അവന്റെ സൗഹൃദങ്ങൾ. പരസ്പരവിശ്വാസം, ബഹുമാനം, അടുപ്പം, കരുതൽ അങ്ങനെ സൗഹൃദത്തെ സൗഹൃദമാക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ട്. വൈകാരികമായ പിന്തുണയാണ് ഓരോ സൗഹൃദത്തെയും അത്രമാത്രം ആഴത്തിലാക്കുന്നതെന്ന് തോന്നാറുണ്ട്. എന്നോ വഴിപിരിഞ്ഞുപോയവർ ഏതൊക്കെയോ ഊടുവഴികളിൽ നിന്ന് കയറിവരുന്നു. കാണാതെപോയവരെ മറ്റുള്ളവർ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതിനായി ബസുകൾ മാറിക്കയറി ആരും ആരുടെയും നാടോ വീടോ അന്വേഷിച്ചുപോകുന്നതേയില്ല. ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് അവർ ചിതറിപ്പോയെങ്കിലെന്ത്? ഇന്റർനെറ്റ് ലോകത്തിന് സാധ്യമല്ലാത്തതെന്തുണ്ട്? സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് അവരോരുത്തരും വീണ്ടും കണ്ടുമുട്ടി ഒന്നിച്ചൊരു കൂടുതീർത്ത് ദിവസവും ഒരുമണിക്കൂറെങ്കിലും അവിടെ ചേക്കേറി തിരികെ പറക്കുമ്പോൾ ആഹാ..പഴയ പോലെ ജീവിതത്തിനെന്ത് നിറവും സുഗന്ധവുമെന്നോ.

ഒരു സുപ്രഭാതത്തിൽ പാൽ വാങ്ങിവരാൻ സ്കൂട്ടറുമെടുത്തിറങ്ങിയ ഭർത്താവ് ആംബുലൻസിൽ ചേതനയറ്റു തിരികെവന്നപ്പോൾ നടുങ്ങിപ്പോയതാണ് ഗീത. ഏറ്റെടുക്കുന്ന പ്രോജക്ടുകൾ തീർക്കാനായി ജീവിതത്തിന്റെ നല്ലൊരു ഭാഗവും കമ്പ്യൂട്ടറിനു മുന്നിലിരുന്ന് തീർക്കുന്ന ഐടിക്കാരിയാണ് നീലിമ. നാട്ടിലൊരു ഓണംകേറാമൂലയിലാണ് ഗീതയെങ്കിൽ അമേരിക്കയിലെ പ്രമുഖ നഗരത്തിലാണ് നീലിമ. പക്ഷേ, രണ്ടുപേരും എന്നേ മടുത്തുപോയ ജീവിതത്തിൽ ഒരുതിരിവെളിച്ചമായി കാണുന്നത് പഴയ കോളജ് ജീവിതക്കഥകൾ മാത്രം നിറയുന്ന വാട്സ് ആപ്പ് കൂട്ടായ്മയെയാണ്. വെറുതേ ഓർമകളിലേക്കൊന്നു തിരിഞ്ഞുനടക്കുന്നതിന്റെ ഒരു ചെറുസുഖത്തിൽ അൽപനേരമിരിക്കാമല്ലോ. വ്യക്തിപരമായ സൗഹൃദങ്ങളെക്കാൾ കൂട്ടായ്മയുടെ കരുതലാണ് പഴയസഹപാഠികളുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ പലപ്പോഴും നിറയുന്നത്. അതുകൊണ്ട് തന്നെ കൂട്ടത്തിലൊരാൾ വീഴാൻ തുടങ്ങുമ്പോൾ താങ്ങാൻ പലകൈകൾ ഒന്നിച്ചുയരുന്നുണ്ട്. പഴയ കൂട്ടുകാരൻ കാൻസർ ബാധിതനായി മരണത്തിലേക്കു നടന്നടുക്കുന്നതു കണ്ടപ്പോൾ ചികിത്സാചെലവിനായി മാസം തോറും മോശമല്ലാത്ത ഒരു തുക ശേഖരിച്ച് അയച്ചുകൊടുക്കുന്ന കൂട്ടായ്മയുടെ ഭാഗമാണ് നീലിമ. ഭർത്താവില്ലാതായപ്പോൾ രണ്ട് കുട്ടികളുമായി പകച്ചുനിന്ന ഗീതയേയും തേടിയെത്തി ഹൈസ്കൂളിലെ പഴയ സഹപാഠികളുടെ സഹായഹസ്തം. പുതിയകാല ഓൺലൈൻ കൂട്ടായ്മകളിലെ രണ്ട് ജീവിതം മാത്രമാണിത്. ഇതുപോലെ എത്രയോ പേർ.

രാഷ്ട്രീയമോ വിലക്കയറ്റമോ പരിസ്ഥിതിപ്രശ്നങ്ങളോ ഈ ഗ്രൂപ്പിൽ വേണ്ട കേട്ടോ എന്ന മുന്നറിയിപ്പ് പരസ്പരം നൽകിയായിരിക്കും മിക്കവരും എല്ലാവർക്കും ഒത്തുകൂടാനൊരു ഗ്രൂപ്പ് സൃഷ്ടിക്കുന്നത്. എത്ര പറഞ്ഞാലും മതിവരാത്ത ജീവിതത്തിന്റെ വസന്തകാലത്തെക്കുറിച്ച് പിന്നെയും പിന്നെയും കേൾക്കാനിഷ്ടമില്ലാത്തവരാരുണ്ട്. അന്ന് നീയെത്ര മെലിഞ്ഞതായിരുന്നു എന്ന് സുഹൃത്ത് പറയുമ്പോഴാണ് തടിച്ചുവീർത്ത്, കൊണ്ടുനടക്കാൻ ബുദ്ധിമുട്ടുന്ന ഈ ശരീരത്തിന് അങ്ങനെയൊരു കാലമുണ്ടായിരുന്നല്ലോ എന്ന ഓർമയുണരുന്നത്. അതിൻറെ ആനന്ദത്തിൽ മനസ് നിറഞ്ഞൊന്നു പുഞ്ചിരിക്കുന്നത്. താടിയും മുടിയും മീശയുമൊക്കെ നരച്ച് നീ അപ്പുപ്പനായല്ലോടോ എന്ന കളിയാക്കലിൽ ഇതൊന്നുമല്ലാതിരുന്ന ഒരാളുണ്ടായിരുന്ന കാലമാണ് സൂചിപ്പിക്കപ്പെടുന്നത്. അതിവേഗം പ്രായമാകുന്ന ശരീരത്തിൽ ഒരിക്കലും പ്രായമാകാത്ത മനസിനിഷ്ടം ആ തിളയ്ക്കുന്ന യൗനത്തിന്റെ നിറപ്പകിട്ടാകുമ്പോൾ അത് പറയാനും കേൾക്കാനും അന്ന് കൂടെയുണ്ടായിരുന്നവർ തന്നെ വേണ്ടിവരും.

ജീവിതത്തിന്റെ ഓരോഘട്ടങ്ങളും പുതിയ സൗഹൃദങ്ങളെ സമ്മാനിച്ചുകൊണ്ടേയിരിക്കും. ഒന്നിച്ചൊരു ചായകുടിക്കലിലോ ഷോപ്പിങ്ങിലോ മാത്രം ഒതുങ്ങുന്നവയുണ്ട്. അൽപം കൂടി ആഴമുണ്ടായാൽ ഒരുപക്ഷേ ജീവിതപ്രാരാബ്ധങ്ങളുടെ ഭാണ്ഡം പരസ്പരമൊന്നു തുറക്കാൻ ശ്രമിച്ചേക്കും. അതിനുമപ്പുറം സാമ്പത്തികമായി പര്സപരം താങ്ങായെന്നും വന്നേക്കും. പക്ഷേ, എല്ലാം മറന്ന് നിർത്താനാകാത്ത ഒരു പൊട്ടിച്ചിരിയിലേക്ക് വലിച്ചെറിയുന്ന സൗഹൃദങ്ങൾ കണ്ടെന്ന് വരില്ല. ആ മാജിക്കും മാസ്മരികതയും സമ്മാനിക്കാൻ കഴിയുന്നവർ വേറെയാണ്. ഭാവിയെക്കുറിച്ച് സുന്ദരമായ സ്വപ്നങ്ങൾ മാത്രമുണ്ടായിരുന്ന, പറയത്തക്ക ഉത്തരവാദിത്തങ്ങളൊന്നുമില്ലാതിരുന്ന കാലത്തെ സൗഹൃദങ്ങൾ അത്രമേൽ പ്രിയപ്പെട്ടതാണ്. കാരണം അന്നത്തെ ആ സുഹൃത്തുക്കൾ സ്വപ്നം കണ്ടിരുന്നത് പോലും ഒന്നിച്ചായിരുന്നല്ലോ.

വിചിത്രമാണ് ജീവിതം പലപ്പോഴും. ഏറെ പ്രിയപ്പെട്ടവരെ ചിലപ്പോൾ അത് അടർത്തി എവിടയെൊക്കെയോ എത്തിച്ചെന്ന് വരും. ഏറ്റവും പ്രിയപ്പെട്ടവർ ചിലപ്പോൾ ഒരു കാരണവുമില്ലാതെ അകന്നുപോയെന്നും വരും. അന്നത്തെ മനസും സാഹചര്യവുമൊക്കെ അങ്ങനെയായിരിക്കും. പക്ഷേ പിന്നീടെപ്പൊഴൊക്കെയോ അവരുമായി ചെലവഴിച്ചിരുന്ന സമയത്തിന്റെ സ്വർഗിയത വല്ലാത്ത നഷ്ടമായിത്തോന്നും. ആരോടും പറയാത്ത രഹസ്യങ്ങൾ പങ്ക് വച്ചിരുന്ന ആ ഒരാളിന്റെ ഓർമയിൽ ഒന്നും ഒരാളോടും പറയാനാകാത്ത നിസ്സഹായത ശ്വാസം മുട്ടിക്കും. അത്രയും അടുപ്പമുള്ള ആഴമുള്ള വിശ്വസനീയമായ മറ്റൊരാളെ ചിന്തിക്കാൻ കൂടി കഴിഞ്ഞെന്ന് വരില്ല. കാലങ്ങൾ നീണ്ടുനിന്ന നിശബദ്തയ്ക്ക് ശേഷം അപ്രതീക്ഷിതമായി വാട്സ് ആപ്പ് ഗ്രൂപ്പിൽ ആ ആളെ കാണുമ്പോൾ എന്തായിരിക്കും തോന്നുക..

ഒരേ ക്ലാസിൽ ഒന്നിച്ച് വർഷങ്ങളോളം പഠിച്ചിട്ടും പരസ്പരം മിണ്ടാത്തവരുമുണ്ട് പല ഗ്രൂപ്പുകളിലും. അന്ന് പറയാതിരുന്നതൊക്കെ ഇന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കാൻ കഴിയുന്നെന്നാണ് ഇവർ പറയുന്നത്. കൂട്ടുകാരൊക്കെ വലിയ നിലയിലെത്തിയപ്പോൾ ഒന്നുമാകാൻ കഴിയാതെ പോയ നിരാശകൊണ്ട് മാറി നിൽക്കുന്നവരുണ്ട്. പക്ഷേ എന്നാലും ഗ്രൂപ്പിലെ ആ പഴയകാലലോകത്തെ പാടേ തിരസ്കരിക്കാൻ കഴിയുന്നില്ലെന്ന് ഇവർ സമ്മതിക്കും.

ഹൃദയഭേദകങ്ങളായ ചില നഷ്ടങ്ങളെക്കുറിച്ചും ഇത്തരം കൂട്ടായ്മകൾ ഓർമിപ്പിക്കുന്നുണ്ട്. അന്ന് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച് എല്ലാവരോടും കൂട്ടുകൂടി നടന്നിരുന്ന ഒരാളോ ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയ്ക്ക് ഒതുങ്ങിയിരുന്ന ഒരാളോ ഈ ലോകത്തിലേ ഇല്ല എന്ന സങ്കടം. സൗഹൃദങ്ങളിലെ എന്നേക്കുമായ വലിയ നഷ്ടങ്ങളിലൊന്നാണ്. .

എത്ര വലിയ പദവിയിലെത്തായാലും, ഒന്നുമാകാതെ എവിടെയെങ്കിലും ചുരുങ്ങിപ്പോയാലും മനുഷ്യൻ എന്നും സാമൂഹികജീവി തന്നെയാണ്. പരസ്പരം കേൾക്കാനും പറയാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. അത്തരത്തിലുള്ള പങ്കിടലാണ് ജീവിതത്തെ കൂടുതൽ ശക്തവും അർഥവത്തുമാക്കുന്നത്. വിജയങ്ങളിലുംപരാജയങ്ങളിലും ഉയർച്ചകളിലും താഴ്ച്ചകളിലും ആരെങ്കിലുമൊക്കെ ഉണ്ടാകണം. വൈകാരികമായ ആവശ്യമാണത്. ആത്മീയമായ ഉണർവാണ് അതുവഴി ലഭിക്കുന്നത്. മാത്രമല്ല ജീവിതത്തിൽ എന്ത് നേടി എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരം കൂടിയാണ് സുഹൃത്തുക്കളുടെ സാന്നിധ്യം.

സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ഇന്നലെ കണ്ട് ഇന്ന് പിറക്കുന്ന സൗഹൃദങ്ങളുണ്ട്. പരസ്പരം കാണാതെ കേൾക്കാതെ ദീർഘകാലം അത് തുടരുന്നവരുമുണ്ട്. പലപ്പോഴും ചതിക്കപ്പെട്ടെന്നും വരും. ഇവിടെ ഒരാൾക്ക് മറ്റൊരാളെ മനസിലാകാൻ സമയമെടുക്കും. പക്ഷേ, പഴയകാല സുഹൃത്തുക്കൾ പരസ്പരമറിഞ്ഞവരാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരുടെയും വ്യക്തിത്വത്തെ അംഗീകരിച്ചുകൊണ്ട് തന്നെ സൗഹൃദം തുടരാനാകും. പറ്റില്ലെങ്കിൽ ‘നീ പോടാ’ അല്ലെങ്കിൽ ‘പോടീ’ എന്ന് പറഞ്ഞ് തിരിഞ്ഞുനിൽക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

നേർക്കു നേർ നിന്ന് പരസ്പരം ചതിക്കുന്നവരുടെ ലോകത്ത് ഓൺലൈൻ സൗഹൃദങ്ങളെ അപകടകരമായി കാണുന്നവരുണ്ട്. സൗഹൃദത്തെ അതിന്റെ ഏറ്റവും നല്ല അർഥത്തിൽ മാത്രം ഉൾക്കൊണ്ട് പറയുമ്പോഴാണ് ഇതൊക്കെ സാധ്യമാകുന്നത്. ഘടകവിരുദ്ധമായ കഥകളുടെ പ്രവാഹം എഴുതാനുണ്ടായേക്കും. മടുത്തുപോയ കുടുംബബന്ധത്തിന്റെ കഥ പറഞ്ഞ് പരസ്പരം പ്രണയിച്ചിറങ്ങിപ്പാകാനുള്ള പ്ലാറ്റ്ഫോമായി പഴയ സൗഹൃദക്കൂട്ടായ്മകളെ കാണുന്നവരെക്കുറിച്ചല്ല സത്യസന്ധമായ സൗഹൃദത്തെക്കുറിച്ചാണ് പറയുന്നത്. ആവശ്യങ്ങൾ സാധിക്കാനുള്ള ഉപാധിയാകരുത് സൗഹൃദം. അത് അർഥപൂർണവും ആത്മനിഷ്ഠവുമായിരിക്കണം. അതുകൊണ്ടു തന്നെ പഴയകാല സൗഹൃദങ്ങളുടെ പുതിയകാലകൂട്ടായ്മകൾ നിലനിൽക്കട്ടെ. പരസ്പരം പറഞ്ഞും കേട്ടും ആവശ്യമെങ്കിൽ കൈത്താങ്ങായും അത് വളരട്ടെ..

English Summary:

Reconnecting with Old Classmates: How WhatsApp Groups Revive Friendships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com