വിവാഹം കഴിഞ്ഞ് 10 വർഷങ്ങൾക്കു ശേഷം കാഴ്ച പോയി; ഇന്ത്യയിലെ അന്ധയായ ആദ്യത്തെ പാചക യൂട്യൂബർ
Mail This Article
സുന്ദരമായ ഈ ഭൂമിയെ കണ്ട് ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരു നിമിഷത്തിൽ പെട്ടെന്ന് കാഴ്‌ച നഷ്‌ടപ്പെടുക. ജീവിതത്തിന്‍റെ സകല പ്രതീക്ഷകളും നഷ്‌ടപ്പെടുന്ന സമയമായിരിക്കുമത്. അങ്ങനെ ഒരു അവസ്ഥ വന്നാൽ നമ്മളിൽ പലരും തകർന്നുപോകും. പിന്നീടുള്ള ജീവിതത്തിൽ നിന്നും ഒളിച്ചോടാനായിരിക്കും ശ്രമം. എന്നാൽ തളരാതെ, തന്നെ തോൽപ്പിക്കാൻ ശ്രമിച്ച അന്ധതയെ പോരാടി തോൽപിച്ച വ്യക്തിയാണ് ബെംഗളുരു സ്വദേശി ഭൂമിക. ഭൂമിക അന്ധതയെ തോൽപ്പിച്ചത് വേറിട്ട രീതിയിലായിരുന്നു. കുക്കിങ് യൂട്യൂബ് ചാനൽ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാഴ്‌ചാ വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഭൂമിക. ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പൂർവാസിയായ ഭൂമിക, കാഴ്‌ച പൂർണമായും നഷ്‌ടപ്പെട്ടുവെങ്കിലും പാചകകലയിലൂടെ ജീവിതത്തെ തിരിച്ചുപിടിക്കുകയാണ്.
കാഴ്‌ചയില്ലെങ്കിൽപോലും വളരെ പെട്ടെന്നുതന്നെ കുറച്ചുമാത്രം ചേരുവകൾ ഉപയോഗിച്ച് രുചികരമായ ഭക്ഷണം പാചകം ചെയ്യാനുള്ള കഴിവാണ് ഭൂമികയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തയാക്കുന്നത്. തന്‍റെ പാചകകലയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ യൂട്യൂബിൽ 'ഭൂമിക കിച്ചണ്‍' (Bhumika Kitchen) എന്ന ഒരു കുക്കിങ് ചാനലും ഇവർ ആരംഭിച്ചു. ഇന്ന് ഏകദേശം 88,000 ൽ അധികം സബ്സ്ക്രൈബ് ഭൂമികയുടെ ചാനലിനുണ്ട്.
പച്ചക്കറികൾ വൃത്തിയാക്കുക, അവ കൃത്യമായി മുറിക്കുക, സുഗന്ധവ്യഞ്ജനങ്ങൾ തിരിച്ചറിയുക, അവ പാകത്തിന് ഉപയോഗിക്കുക, ഭക്ഷണത്തിന്‍റെ മണം, രുചി എന്നിവ തിരിച്ചറിയുക തുടങ്ങി എല്ലാകാര്യങ്ങളും ഭൂമിക ഒറ്റയ്‌ക്കുതന്നെയാണ് ചെയ്യുന്നത്. കാഴ്ചാവൈകല്യം നേരിടുന്ന ഒരാൾ എങ്ങനെ ഇതൊക്കെ കൃത്യമായി ചെയ്യുന്നു എന്നത് കണ്ടുനിൽക്കുന്നവർക്ക് അത്ഭുതമാണ്. വിവാഹം കഴിഞ്ഞ് 10 വർഷങ്ങൾക്കു ശേഷമാണ് ഭൂമികയുടെ കാഴ്‌ച നഷ്‌ടപ്പെടുന്നത്. അഞ്ചുലക്ഷത്തിൽ ഒരാൾക്കുമാത്രം വരുന്ന ഒപ്‌റ്റിക്കൽ ന്യൂറിറ്റിസ് എന്ന അപൂർവ നേത്രരോഗമാണ് അന്ധതയ്‌ക്ക് കാരണമായത്.
2010ൽ തലവേദനയ്‌ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയപ്പോൾ ആയിരുന്നു ഭൂമിക കണ്ണിന്‍റെ രോഗാവസ്ഥ തിരിച്ചറിഞ്ഞത്. ക്രമേണ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുമെന്ന് ഡോക്ടർ അന്നുതന്നെ ഭൂമികയോട് പറഞ്ഞിരുന്നു. 2018–ൽ അവരുടെ കാഴ്‌ച ശക്‌തി പൂർണമായും നഷ്‌ടപ്പെട്ടു. കാഴ്ച നഷ്ടപ്പെട്ടതോടെ എല്ലാം തകർന്നവളായി ഭൂമിക മാറി. എന്നാൽ ഇങ്ങനെ ഇരുന്നാൽ പോരാ ജീവിതത്തിൽ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് അവർ തീരുമാനിച്ചു ഭൂമികയുടെ ആ തീരുമാനത്തിന് പൂർണമായി കുടുംബവും ഒപ്പം നിന്നു. ഒരു ബന്ധു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട് എന്നറിഞ്ഞ ഭൂമിക എന്തുകൊണ്ട് തനിക്കും അത് ചെയ്തുകൂടാ എന്ന് ചിന്തിക്കുകയായിരുന്നു. അങ്ങനെ 2018ൽ ഭൂമിക തന്‍റെ യൂട്യൂബ് ചാനലായ 'ഭൂമിക കിച്ചണ്‍' ആരംഭിച്ചു. എന്നാൽ ആദ്യ സമയങ്ങളിൽ കാഴ്‌ചയില്ലാതെ പാചകം ചെയ്യുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. മോശം പച്ചക്കറികൾ തിരിച്ചറിയുക, പാകത്തിനുള്ള ചേരുവകൾ ചേർക്കുക എന്നിവയൊക്കെ ഭൂമികയ്ക്ക് വലിയ വെല്ലുവിളി സൃഷ്‌ടിച്ചിരുന്നു.
അക്കാലത്ത് 'ബ്ലൈൻഡ് ഫ്രണ്ട് ലീ കുക്കിങ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഭൂമിക അംഗമായിരുന്നു. അതിൽ നിന്നും ലഭിച്ച ഉപദേശങ്ങളും സഹായങ്ങളും ആണ് ഭൂമികയിലേക്ക് പിന്നീട് ചാനൽ ഭംഗിയായി കൊണ്ടുപോകാനുള്ള പ്രചോദനം. ചാനൽ തുടങ്ങി രണ്ടുമാസങ്ങൾ കൊണ്ടുതന്നെ മികച്ച അഭിപ്രായങ്ങൾ ലഭിച്ചു തുടങ്ങി. വളരെ എളുപ്പത്തിലും കുറച്ച് ചേരുവകൾ ഉപയോഗിച്ചും പാചകം ചെയ്യുന്നതാണ് ഭൂമികയുടെ ശൈലി. ഭർത്താവ് സുദർശൻ തന്നെയാണ് ഭൂമികയുടെ പ്രധാന ശക്‌തി. പാചക വിഡിയോകൾ ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും സുദർശനാണ്. കൂടാതെ സുദർശന്‍റെ മാതാപിതാക്കളുടെ പിന്തുണയും ഭൂമികയ്‌ക്കുണ്ട്. ആയിരത്തിലധികം പാചക വിഡിയോകളാണ് ഭൂമിക തന്‍റെ യൂട്യൂബ് ചാനലിൽ ഇതിനകം പങ്കുവച്ചിട്ടുള്ളത്. മികച്ച വരുമാനവും ചാനലിലൂടെ ഭൂമിക സ്വന്തമാക്കുന്നുണ്ട്.