വിമാനത്തിന്റെ സാങ്കേതിക തകരാർ; 141 പേരുടെ ജീവൻ രക്ഷിച്ച മകൾ: ആ വിവരം കേട്ട് തരിച്ചിരുന്നുപോയ മാതാപിതാക്കൾ
Mail This Article
ഒക്ടോബർ 12ന് തിരുച്ചിറപ്പള്ളിയിൽ നിന്ന് 141 യാത്രക്കാരുമായി ഷാർജയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ സാങ്കേതിക തകരാർ അനുഭവപ്പെടുന്നു. തിരുച്ചിറപ്പള്ളിയിൽ തിരികെ ഇറങ്ങാൻ ശ്രമിക്കുന്നതിനു മുൻപ് ഇന്ധന ഭാരം കുറയ്ക്കാൻ വിമാനം ആകാശത്ത് വട്ടമിട്ടു പറക്കേണ്ടി വന്നു. എങ്കിലും ഒരു അപകടവും കൂടാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ പൈലറ്റുമാർക്ക് സാധിച്ചു. പറന്നുയർന്ന് മൂന്ന് മണിക്കൂറിനു ശേഷം അടിയന്തരമായി ലാൻഡ് ചെയ്യേണ്ട വന്ന വിമാനത്തിന്റെ പൈലറ്റുമാരിൽ ഒരാളായിരുന്നു മൈത്രേയി. 141 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ധീരരായ പൈലറ്റുമാരിൽ ഒരാൾ.
സമൂഹമാധ്യമങ്ങളിലും തമിഴ്നാട് ഗവർണറുമെല്ലാം പൈലറ്റുമാരെ പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തത് ഈ ദിവസങ്ങളിലെ വലിയ വാർത്തകളിൽ ഒന്നായിരുന്നു. എന്നാൽ ആ വാർത്ത ആദ്യം അറിഞ്ഞ മനുഷ്യരിൽ മൈത്രേയിയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. മകൾ പറത്തുന്ന വിമാനം സാങ്കേതിക തകരാർ നേരിട്ടുവെന്ന് അത്യന്തം നെഞ്ചിടിപ്പോടെയാണ് ഇരുവരും കേട്ടത്.
ശ്രീകൃഷ്ണയുടെയും രുഗ്മിണിയുടെയും മൂത്ത മകൾ മൈത്രേയി കൂടി ഉൾപ്പെട്ട ടീമാണ് കഴിഞ്ഞദിവസം നൂറിലധികം പേരുടെ ജീവൻ രക്ഷിച്ച വിമാനയാത്രയുടെ സാരഥികൾ. സംഭവം നടന്ന ഒക്ടോബർ 12 ന് ഷാർജയിലേക്കുള്ള വിമാനത്തിന് സാങ്കേതിക തകരാറുണ്ടായപ്പോൾ മൈത്രേയിയുടെ ഇളയ സഹോദരി പഠിക്കാൻ ജർമനിയിലേക്ക് പോകുകയായിരുന്നു. മാതാപിതാക്കൾ ഇളയ മകളെ യാത്രയാക്കുന്ന തിരക്കിലും. ആകാശത്ത് സംഭവിക്കുന്നതിനെ കുറിച്ച് ആ കുടുംബത്തിനു യാതൊരു അറിവും ഉണ്ടായിരുന്നില്ല. വിമാനം സുരക്ഷിതമായി ഇറക്കിയതിനുശേഷം മൈത്രേയി തന്നെയാണ് അമ്മയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുന്നത്. മകൾ പറഞ്ഞതുകേട്ട ആ നിമിഷം തന്റെ ശരീരമാകെ മരവിച്ചു പോയി എന്നും നിന്നിടത്തു നിന്നും അനങ്ങാൻ പോലും സാധിച്ചില്ല എന്നും രുഗ്മിണി പറയുന്നു. അമ്മയെ വിളിച്ചതിനു പിന്നാലെ അച്ഛനെയും മൈത്രേയി തന്നെയാണ് വിളിച്ചതും കാര്യങ്ങൾ പറഞ്ഞതും.
മകളെ കുറിച്ചോർത്ത് തങ്ങൾ ഏറ്റവും അധികം അഭിമാനിക്കുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. അങ്ങേയറ്റം ആത്മധൈര്യത്തോടെയും സംയമനത്തോടെയും ആ സാഹചര്യത്തെ നേരിടാൻ തങ്ങളുടെ മകൾക്കായത് അവളുടെ കഴിവിന്റെ പൂർണതയായി കാണുന്നുവെന്ന് അവർ പറഞ്ഞു. അന്നേദിവസം ഏതാണ്ട് 500ൽ അധികം കോളുകളെങ്കിലും വന്നിട്ടുണ്ടാകും. അവയിൽ അധികവും മകൾക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ളതായിരുന്നു എന്നും ശ്രീകൃഷ്ണയും രുഗ്മിണിയും പറയുന്നു. മകൾ പൈലറ്റ് ആകണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ അച്ഛനമ്മമാർ തടസ്സം നിന്നില്ല. ‘‘ഒരു വിമാനം പറത്തുമ്പോൾ അതിലെ മുഴുവൻ മനുഷ്യരുടെയും ജീവന്റെ ഉത്തരവാദിത്തം നിനക്കാണ് അത് എപ്പോഴും ഓർമ്മയുണ്ടാകണം’’.– എന്നായിരുന്നു ജോലി ലഭിച്ചപ്പോൾ അവൾക്കു ജോലി ലഭിച്ചപ്പോൾ അച്ഛനമ്മമാര്‍ നൽകിയ ഉപദേശം. ഇന്ന് മകൾ അത് തെളിയിച്ചതിൽ തങ്ങൾ ഏറെ അഭിമാനിക്കുന്നുവെന്ന് അമ്മ പറയുന്നു.
പൊതുവേ, പെൺമക്കളെ 21-22 വയസ്സിൽ വിവാഹം കഴിപ്പിച്ച് അയക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്നവരായിട്ടുപോലും തങ്ങളുടെ മകളെ അവളുടെ സ്വപ്നങ്ങൾക്കു പിറകെ പോകാനാണ് ഈ മാതാപിതാക്കൾ പഠിപ്പിച്ചത്. ചെറുപ്പം മുതൽ മൈത്രേയി കണ്ണട ഉപയോഗിക്കുന്ന ആളായതിനാൽ പൈലറ്റ് ആകുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആകുമോ എന്ന സംശയം കരിയറിൽ ഉടനീളം മകൾക്കുണ്ടായിരുന്നതായി അമ്മ രുഗ്മിണി ഓർത്തെടുക്കുന്നു. എങ്കിലും ബിരുദാനന്തരം പൈലറ്റ് പരിശീലനത്തിനു പോകാൻ മൈത്രേയി തീരുമാനിച്ചു. ന്യൂസിലാൻഡിലെ ഡുനെഡിനിലുള്ള മെയിൻലാൻഡ് ഏവിയേഷൻ കോളജിൽ നിന്നാണ് മൈത്രേയി കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടിയത്.