ADVERTISEMENT

ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവെലിലെ വേദിയിൽ നിറവയറുമായി എത്തിയപ്പോഴാണ് ബോളിവുഡ് താരം രാധിക ആപ്തെ ഗർഭിണിയാണെന്ന വിവരം ആരാധകർ അറിഞ്ഞത്. സ്വകാര്യ ജീവിതം പൊതുയിടത്തിൽ അധികം ചർച്ചയാക്കാൻ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് രാധിക. ഇപ്പോൾ ഗർഭകാലത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗർഭകാലത്തെ അനുഭവങ്ങളെ കുറിച്ച് രാധിക വിവരിക്കുന്നത്.

‘എന്റെ വയർ ശ്രദ്ധിക്കപ്പെടുമെന്ന് ഞാൻ കരുതിയിരുന്നില്ല. പക്ഷേ, അത് വളരെ വലുതായിരുന്നു. അല്ലെങ്കിൽ ഞാൻ ഗർഭിണിയാണെന്ന വിവരം നിങ്ങളൊരിക്കലും അറിയില്ല. കാരണം, ഞാൻ ഗർഭിണിയാണെന്നോ ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ചെന്നോ സമൂഹമാധ്യമത്തിലോ മറ്റോ പോസ്റ്റ് ചെയ്ത് ലോകത്തെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് ഞങ്ങളുടെ സ്വകാര്യതയാണ്.’– രാധിക പറയുന്നു.

ഗർഭകാലത്തെ കുറിച്ചുള്ള ചോദ്യത്തിന് അതത്ര സുഖകരമല്ലെന്നാണ് രാധിക പറയുന്നത്. ‘തുടർച്ചയായി അഞ്ചു രാത്രികൾ എനിക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ല. ആദ്യത്തെ മൂന്നുമാസം വളരെ ബുദ്ധിമുട്ടാണ്. എനിക്ക് വലിയ ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നു. അപ്പോഴെല്ലാം കുഞ്ഞിനെ ഓർത്ത് സന്തോഷമായിരിക്കാൻ എനിക്കു ചുറ്റിലുമുള്ളവർ പറഞ്ഞിരുന്നു. മറ്റുള്ളവർക്കു പറയാൻ എളുപ്പമാണ്.’– രാധിക വ്യക്തമാക്കി.

കുട്ടികള്‍ വേണമെന്നു തീരുമാനിച്ചിരുന്നില്ലെന്നും രാധിക കൂട്ടിച്ചേർത്തു. ‘‘ഇതൊരു വഴിത്തിരിവാണ്. ഞാൻ ഒരിക്കലും കുട്ടികൾ വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എന്താണ് ഗർഭകാലമെന്നോ ഈ സമയത്ത് എന്തെല്ലാം സംഭവിക്കുമെന്നോ എനിക്ക് അറിഞ്ഞിരുന്നില്ല. ശരീരം എന്തെല്ലാം മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്? ഗർഭധാരണം വളരെ പവിത്രമാണെന്നു മാത്രമാണ് എല്ലാവരും പറയുന്നത്. എന്നാൽ സത്യമെന്താണെന്ന് ആരും പറയുന്നില്ല. ഗർഭകാലം വളരെ കഠിനമാണെന്നതാണ് വാസ്തവം. ഇത് തമാശയല്ല. ചിലർക്ക് അത് എളുപ്പമായിരിക്കും. എന്നാൽ ചിലർക്ക് അങ്ങനെയല്ല. അത് ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കും. ശരീരത്തിൽ വളരെ വലിയ മാറ്റങ്ങളുണ്ടാകും. അതുകൊണ്ടു തന്നെ ഇതൊരു കഠിനമായ യാത്രയാണ്. ഇതേകുറിച്ച് ഒരു നുണ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ വളരെ ഊർജസ്വലയായിരിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ വരാനിരിക്കുന്ന അവസ്ഥയെ കുറിച്ച് മാനസികമായും ശാരീരികമായും തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.’’– രാധിക കൂട്ടിച്ചേർത്തു.

English Summary:

Radhika Apte Gets Candid About Her 'Difficult' Pregnancy Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com