രണ്ടാം വയസ്സിലെ പോളിയോ കുത്തിവയ്പ്പിൽ കാലുകൾ തളർന്നു; സുവർണയുടെ പോരാട്ടജീവിതം
Mail This Article
വിസ്മയങ്ങൾ നിറഞ്ഞ ജീവിതം! ഒറ്റവരിയിൽ അങ്ങനെ പറയാം സുവർണ രാജിന്റെ കഥ. ദേശീയ മെഡലുകൾ നേടുന്നതു മുതൽ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതു വരെ, വൈകല്യം ഒരിക്കലും ശരീരത്തെയും മനസ്സിനെയും കീഴ്പ്പെടുത്തരുതെന്ന് തെളിയിച്ച വ്യക്തിയാണ് സുവർണ രാജ്. ഒരു പാരാ-അത്‌ലീറ്റും ആക്‌സസിബിലിറ്റി അഭിഭാഷകയുമായ സുവർണ ഇന്ന് മറ്റുള്ളവരെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രചോദിപ്പിക്കുന്നത് സ്വന്തം ജീവിതം കൊണ്ടാണ്. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നു പോയിട്ടും വിവാഹിതയായി കുടുംബജീവിതം നയിക്കാനും ഒരു കായികതാരമായി ഇന്ത്യയ്ക്കുവേണ്ടി വിവിധ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടാനും സുവർണരാജിന് സാധിച്ചത് അവരുടെ മനസ്സിന്റെ ധൈര്യവും ശക്തിയും കൊണ്ടാണ്.
രണ്ടാംവയസ്സിലെ പോളിയോ കുത്തിവയ്പ്പിലൂടെയാണ് സുവർണ രാജ് എന്ന പെൺകുട്ടി അരക്കു താഴേക്കു തളർന്നു പോയത്. വർഷങ്ങളോളം, നിരവധി ചികിത്സകൾക്കു വിധേയയായി സുവർണ വീട്ടിൽ ഒതുങ്ങി. അവളുടെ കുട്ടിക്കാലം ആശുപത്രി, ക്ലിനിക്ക് സന്ദർശനങ്ങളുടെ ഒരു പരമ്പരയായിരുന്നു. മകളുടെ അസുഖം മാറാൻ മാതാപിതാക്കൾ പല രീതിയിലുള്ള ചികിത്സയ്ക്ക് പിന്നാലെ പോയി. പക്ഷേ, ആ ചികിത്സകൾക്കിടയിൽ നേരിട്ട വേദനകളെക്കാളും ആ കുഞ്ഞു പെൺകുട്ടിയെ വേദനിപ്പിച്ചത് അവളുടെ സ്വന്തം പിതാവിൽ നിന്നുള്ള തിരസ്കരണമായിരുന്നു. മകൾ വൈകല്യമുള്ളവളാണെന്ന് സദാസമയവും കുറ്റപ്പെടുത്തുന്ന പിതാവിന്റെ വാക്കുകൾ പിഞ്ചുമനസ്സിൽ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.
വികലാംഗരായ കുട്ടികൾക്കുള്ള ഹോസ്റ്റലിൽ ചേർക്കുമ്പോൾ സുവർണയ്ക്ക് ആറു വയസ്സ് മാത്രമായിരുന്നു പ്രായം. 1 മുതൽ 10 -ാം ക്ലാസ് വരെയുള്ള സുവർണയുടെ അധ്യയന വർഷങ്ങൾ വിവിധ ഹോസ്റ്റലുകളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി. ആ വർഷങ്ങൾ പഠനത്തിനും സഹവിദ്യാർഥികളുമായി ബന്ധം സ്ഥാപിക്കുന്നതിനും വൈകല്യങ്ങൾ നേരിടുന്ന മറ്റുകുട്ടികളോട് സഹാനുഭൂതി കാണിക്കുന്നതിനും വേണ്ടിയാണ് അവൾ ശ്രമിച്ചത്. ആളുകളുടെ തുറിച്ചുനോട്ടങ്ങളും പരിഹാസങ്ങളും തന്റെ ബിരുദപഠനം വരെ പിന്തുടർന്നിരുന്നുവെന്ന് സുവർണ രാജ് ഓർക്കുന്നു. എന്നാൽ ആ തടവുജീവിതം സ്വീകരിക്കാൻ സുവർണ തയാറായില്ല. പഠനം പൂർത്തിയാക്കി. ചെറുപ്പം മുതൽ സ്പോർട്സിനോടുള്ള സ്നേഹം കാത്തുസൂക്ഷിച്ചിരുന്ന ആളായിരുന്നു സുവർണ രാജ്. അവൾ വളർന്നതിനനുസരിച്ച് അതിനോടുള്ള അഭിനിവേശവും വളർന്നുവന്നു. ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ എന്നിവയിൽ ദേശീയ മെഡലുകൾ, പവർലിഫ്റ്റിങ് മത്സരങ്ങളിൽ സ്വർണവും വെള്ളിയും അങ്ങനെ സ്പോർട്സിൽ സുവർണയുടെ യാത്ര ശ്രദ്ധേയമാണ്.
വിവാഹം എന്നത് അത്ഭുതമായി കണ്ടിരുന്ന സുവർണ തന്റെ ജീവിതത്തിൽ ഒരിക്കലും അങ്ങനെയൊന്നു സംഭവിക്കില്ല എന്ന് വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ ഒരു കായിക പരിപാടിയിൽ വച്ചു കണ്ടുമുട്ടിയ പാരാ അറ്റ്ലീറ്റ് പ്രദീപുമായി സുവർണ പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു.അമ്മയായതോടെ സജീവമായ കരിയറിൽ നിന്ന് അവർ ഒരു ചെറിയ ഇടവേള എടുത്തു. എന്നാൽ കുറച്ച് വർഷങ്ങൾക്കു ശേഷം ടെന്നിസിലൂടെ അവർ കായിക ലോകത്തേക്കു മടങ്ങിയെത്തി. 2014ലെ പാരാഏഷ്യൻ ഗെയിംസിലും 2022ൽ ചൈനയിൽ നടന്ന ഹാങ്‌ഷൗ പാരാഏഷ്യൻ ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ച കായികപ്രതിഭയാണ് വൈകല്യത്തെ തോൽപ്പിച്ച സുവർണ
താൻ ആരാണെന്ന് സ്വയം തെളിയിച്ചെടുക്കാൻ 31 വർഷമാണ് എടുത്തതെന്ന് സുവർണ പറയുന്നു. 33 വയസ്സുള്ളപ്പോൾ രാജ്യം അവാർഡ് നൽകി ആദരിച്ചെന്നും അത് ഒരിക്കൽ തന്നെ തള്ളിപ്പറഞ്ഞ മാതാപിതാക്കൾക്ക് സന്തോഷിക്കാനുള്ള അവസരമായി മാറിയെന്നും ഭിന്നശേഷിയുള്ളവരെ സമൂഹം വ്യത്യസ്തമായാണ് കാണുന്നതെന്നും താരം പറഞ്ഞു. പാരാ-അത്‌ലീറ്റും വികലാംഗ അവകാശ അഭിഭാഷകയുമായ സുവർണ രാജിനെ 2024ൽ യുഎൻ എസ്ഡിജി ആക്ഷൻ അവാർഡ് നൽകിയും ആദരിച്ചു. 190 രാജ്യങ്ങളിൽ നിന്നുള്ള 5,500-ലധികം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സുവർണ, ഇന്ത്യയിലുടനീളമുള്ള വികലാംഗർക്ക് വേണ്ടി പ്രവർത്തിച്ചതിനാണ് അംഗീകാരം ലഭിച്ചത്. ഈ അഭിമാനകരമായ അവാർഡ് നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വികലാംഗ വനിതയാണ് സുവർണ. അരയ്ക്ക് താഴേക്കു തളർന്ന് വീൽചെയറിൽ തന്നെ ഒതുങ്ങി പോകുമായിരുന്ന തന്റെ ജീവിതത്തെ ആത്മധൈര്യത്തിന്റെ ചക്രങ്ങൾ പിടിപ്പിച്ച് മുന്നോട്ട് ചലിച്ചുകൊണ്ട് സുവർണ എത്തിയത് നേട്ടങ്ങളുടെ ട്രാക്കിലാണ്. വൈകല്യത്തെ മറന്ന് ജീവിതത്തിലെ വിജയങ്ങൾ തേടി പിടിക്കണമെന്ന് ഓരോരുത്തർക്കും സുവർണ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരുന്നു.