കാഴച ശക്തിയില്ല; പക്ഷേ, ആയിരത്തിലധികം കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് ഒൻപതു വയസ്സുകാരി
Mail This Article
കാഴ്ച വൈകല്യമുള്ള പെൺകുട്ടിയാണ് ഗരിമ. എന്നാൽ ഈ ഒമ്പത് വയസ്സുകാരി ഇന്ന് ആയിരത്തിലധികം വിദ്യാർഥികളെ ‘സാക്ഷർ പാഠശാല’ എന്ന തന്റെ സംരംഭത്തിനു കീഴിൽ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നു. കാഴ്ചയില്ലാത്തവളാണെങ്കിലും മറ്റുകുട്ടികളുടെ ജീവിതത്തിൽ അറിവിന്റെ വെളിച്ചം പകരുന്ന ഗരിമയെ രാജ്യം ‘പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം’ നൽകി ആദരിക്കുകയും ചെയ്തിരുന്നു.
ഹരിയാനയിലെ 9 വയസ്സുകാരി ഗരിമ മഹേന്ദ്രഗഡ് ജില്ലയിലെ നവഡി ഗ്രാമത്തിൽ നിന്നുള്ള നാലാംക്ലാസ് വിദ്യാർഥിയാണ്. ‘സാക്ഷർ പാഠശാല’ എന്ന ക്യാംപയിനിലൂടെ ഗരിമ ചേരിയിലെ കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായും ബന്ധപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവൾ അവരെ ബോധവാന്മാരാക്കുന്നു. കാഴ്ചാ വൈകല്യമുണ്ടെങ്കിലും തനിക്ക് വിദ്യാഭ്യാസം നേടാമെങ്കിൽ മറ്റുകുട്ടികൾക്ക് എന്തുകൊണ്ടു കഴിയുന്നില്ല എന്ന ചോദ്യമാണ് ഈ ക്യാംപയിനിലൂടെ ഗരിമ ചോദിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചേരി നിവാസികൾക്ക് വിശദീകരിക്കുകയും അവർക്ക് ആവശ്യമുള്ള വിദ്യാഭ്യാസം തന്നാലാവും വിധം എത്തിച്ചു നൽകാനുമാണ് ഗരിമ തന്റെ ക്യാംപയിനിലൂടെ ശ്രമിക്കുന്നത്. വിദ്യാഭ്യാസം നേടിയാലേ കുട്ടികൾ പുരോഗതി പ്രാപിക്കൂ എന്നും ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ മുഴുവൻ ധാരണയും മാറ്റാൻ വിദ്യാഭ്യാസത്തിനു ശക്തിയുണ്ടെന്നും ഗരിമ പറയുന്നു.
വിദ്യാഭ്യാസത്തിന്റെ ആദ്യ നാളുകളിൽ ഗരിമയ്ക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. കാഴ്ചയില്ലാതെ കഷ്ടപ്പെടുമ്പോഴും വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ പോലും നേടിയെടുക്കാനാവാതെ ബുദ്ധിമുട്ടുന്ന, കഷ്ടത അനുഭവിക്കുന്ന ആളുകളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് ഗരിമ തീരുമാനിച്ചു. മാതാപിതാക്കൾ പൂർണ പിന്തുണയുമായി അവൾക്കൊപ്പം നിന്നു.ഗരിമയുടെ അച്ഛൻ തൊഴിൽപരമായി അധ്യാപകനാണ്. അച്ഛനെപ്പോലെ അധ്യാപികയാകാനും സമൂഹത്തിനു സംഭാവന നൽകാനും ഗരിമയ്ക്കും ആഗ്രഹമുണ്ട്.
സാക്ഷർ പാഠശാല എന്ന ക്യാംപയിനിലൂടെ ഗരിമ ചേരി പ്രദേശങ്ങളിൽ നിന്നുള്ള 1000-ത്തിലധികം കുട്ടികൾക്കു വിദ്യാഭ്യാസവും അവശ്യ വിഭവങ്ങളും നൽകി അവരെ ശാക്തീകരിക്കുന്നു. തന്റെ കാഴ്ചാ വൈകല്യം ഒരു തടസ്സമായി കാണാതെ മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു പ്രേരകശക്തിയായും പോരാട്ടങ്ങളുമായി ഗരിമ മാറ്റി. ഗരിമ തന്റെ ഗ്രാമത്തിലെ മാത്രമല്ല, നാർനൗൾ, അറ്റെലി, റെവാരി എന്നിവിടങ്ങളിലെ ചേരികളിലെ കുട്ടികളെയും പഠിപ്പിക്കാൻ ആരംഭിച്ചു. അവർക്കു പഠനോപകരണങ്ങളും അടിസ്ഥാന സാക്ഷരതാ വൈദഗ്ധ്യവും ശോഭനമായ ഭാവിയുടെ പ്രതീക്ഷയും നൽകുകയാണ് ഇന്ന് ഈ മിടുക്കി.