കുഞ്ഞിനൊപ്പം യുകെയിൽ; ഉറക്കമില്ലാത്ത രാത്രികൾ: കഠിനപ്രയത്നത്തിലൂടെ അയന സ്വന്തമാക്കി, ഇന്ത്യയിലെ ആദ്യ റെക്കോർഡ്
Mail This Article
മുപ്പത്തിയാറാം വയസ്സിൽ, പരിചിതമായതെല്ലാം ഉപേക്ഷിച്ച് പുതിയ രാജ്യത്തേക്ക് ജീവിതം പറിച്ചു നടുമ്പോൾ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊയ്തെടുക്കാൻ തനിക്ക് അവസരം ഉണ്ടാകുമെന്ന് അയന അഞ്ചുമൻ അറിഞ്ഞിരുന്നില്ല. വിദ്യാഭ്യാസം തുടരുക എന്നത് അയന ഇതുവരെ എടുത്തിട്ടുള്ളതിൽ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു . 14 വർഷങ്ങൾക്കു മുൻപ് പൂർത്തീകരിച്ച പഠനം പൊടിതട്ടി എടുത്തപ്പോൾ അയന പോലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു വിജയം. വിവാഹിതയായി അമ്മയായി ജീവിതം മറ്റൊരു തലത്തിലേക്ക് എഴുതിച്ചേർക്കുമ്പോൾ മനസ്സിൽ കുറിച്ചിട്ട തുടർവിദ്യാഭ്യാസം എന്ന സ്വപ്നം കൈവിടാതെ കാത്തുസൂക്ഷിച്ചിരുന്നു. സ്കോട്ട്ലാൻഡിലെ ഗ്ലാസ്‌ഗോ കലിഡോണിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ്‌സി ബിഗ് ഡേറ്റ ടെക്നോളജിയിൽ റെക്കോർഡ് മാർക്ക് നേടിയ വ്യക്തിയാണ് അയന അഞ്ചുമൻ. ഈ ബഹുമതി കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയായ മലയാളി. അയന അടക്കം 60 വിദ്യാർഥികളായിരുന്നു ഈ കോഴ്‌സിൽ എൻറോൾ ചെയ്തത്. അതിൽ തന്നെ അയനയുടെ കൂടെ ത്രി സെമസ്റ്ററിൽ പ്രൊജക്ട് ചെയ്തത്, പത്തിൽ താഴെ പേരും.
ഉറക്കമില്ലാത്ത രാത്രികളും, ഒരു വീട്ടമ്മയെന്ന നിലയിൽ ചെയ്തു തീർക്കേണ്ട കർത്തവ്യങ്ങളുമെല്ലാം അയനയുടെ വിജയയാത്രയ്ക്ക് തടസമായില്ല. ഭർത്താവും അമ്മയും സഹോദരിയുമാണ് ഈ വിജയം നേടിയെടുക്കാൻ അയനയ്ക്ക് ഒപ്പം നിന്നത്. വിവാഹം കഴിഞ്ഞാൽ, അമ്മയായാൽ പിന്നിടൊരിക്കലും നിലച്ചുപോയ പഠനം പൂർത്തികരിക്കാൻ സാധിക്കില്ലെന്ന് കരുതരുത്. മനസ്സിലൊന്ന് നേടണമെന്ന് തീരുമാനിച്ചുറിച്ച് നിങ്ങൾ മുന്നോട്ട് നീങ്ങിയാൽ അത് നേടിയെടുക്കാൻ സാധിക്കുമെന്നാണ് അയന ജീവിതം കൊണ്ട് തെളിയിച്ചത്.‘‘വിവാഹം കഴിഞ്ഞ ആദ്യ കാലങ്ങളിൽ തന്നെ എന്റെ ഉപരിപഠനം ആരംഭിക്കണമെന്ന് ഭർത്താവ് പറഞ്ഞിരുന്നു. പക്ഷേ, 14 വർഷങ്ങൾക്കിപ്പുറമാണ് ആ സ്വപ്നം എനിക്ക് എത്തിപ്പിടിക്കാൻ സാധിച്ചത്. പുറത്തു പോയി പഠിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. എന്നാൽ മോൻ ഉണ്ടായതോടെ എന്റെ എല്ലാ ശ്രദ്ധയും അവനിലേയ്ക്കായി. അന്നൊക്കെ കാനഡ ഭയങ്കര ട്രെൻഡായിരുന്നു. പക്ഷേ, കുട്ടിയില്ലാതെ ഒറ്റയ്ക്കു പോകാൻ എനിക്ക് താൽപര്യം തോന്നിയില്ല. അവൻ കുറച്ച് വളരട്ടെ എന്നിട്ടാകാം എന്റെ പഠനമെന്നു കരുതി.
തുടർന്ന് അന്വേഷണം തുടങ്ങി. എല്ലാം ഒറ്റയ്ക്കായിരുന്നു. ഏജൻസികളോ ഏജന്റുമാരോ ഒന്നുമില്ല. ഞങ്ങൾ തന്നെയാണ് യൂണിവേഴ്സിറ്റികളും കോഴ്സുകളുമെല്ലാം അനേഷിച്ചത്.’’– അയന പറയുന്നു. ഈ കാലത്തു തന്നെ കുവൈത്തിലെ മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ അയന ജോലി ചെയ്തിരുന്നു. ജോലി ഉപേക്ഷിച്ചായിരുന്നു പഠിക്കാനുള്ള തീരുമാനം. അങ്ങനെ കഴിഞ്ഞ വർഷം സെപ്റ്റംബർ ഇൻടേക്കിൽ ഗ്ലാസ്ഗോയിലേയ്ക്ക് അയന പറന്നു. സ്വപ്നം നേടിയെടുക്കാൻ. അമ്മയായും ഭാര്യയായുമെല്ലാം നിലകൊള്ളുമ്പോഴും താനൊരു വിദ്യാർഥിയാണെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു അയന. ആ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഈ ബഹുമതി.
കടമ്പകൾ ഏറെ, സധൈര്യം മുന്നോട്ട്
‘‘2009ൽ എൻജിനീയറിങ് പഠിച്ചിറങ്ങിയ, ഇയർ ഗ്യാപ്പുള്ള ഒരാൾ വീണ്ടും പഠിക്കാൻ പോകുമ്പോൾ അതിന്റേതായ ചോദ്യങ്ങളും പറച്ചിലുകളും ഉണ്ടാകുമല്ലോ. സ്റ്റഡി വിസ ആയതിനാൽ തന്നെ കുറേ വെരിഫിക്കേഷനുകൾ നേരിടേണ്ടിവന്നു . എല്ലാ കാര്യങ്ങളും യൂണിവേഴ്സിറ്റിയുമായി ഡയറക്ട് ചെയ്യുകയായിരുന്നു. ജോലി ചെയ്തിരുന്ന സമയത്തെ കാര്യങ്ങൾ വരെ വെരിഫൈ ചെയ്താണ് പോകാൻ സാധിച്ചത്. അങ്ങനെ കുഞ്ഞുമായി പഠിക്കാൻ യുകെയിലേക്ക് പോയി. അതുവരെയുണ്ടായിരുന്ന സ്ഥിര വരുമാനം നിലച്ചു. എന്തിനും മറ്റുള്ളവരെ ആശ്രയിക്കണം. മാസാമാസം കൃത്യമായി കിട്ടിക്കൊണ്ടിരുന്ന ശമ്പളമില്ല. എല്ലാ കാര്യങ്ങളും തനിച്ച് ചെയ്യണം.യുകെയിലെത്തി ജീവിച്ചു തുടങ്ങിയപ്പോൾ കുവൈറ്റിലെ എന്റെ ജീവിതം ലക്ഷ്വറി ആയിരുന്നുവെന്നു തോന്നി. പക്ഷേ പഠിക്കാനാണ് അവിടെയെത്തിയത് അതുകൊണ്ട് അത് തുടരുക തന്നെ വേണമെന്നു തീരുമാനിച്ചു. പാർട് ടൈം ജോലി കിട്ടിയെങ്കിലും പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റാതെയായപ്പോൾ അത് ഉപേക്ഷിച്ചു. ബുദ്ധിമുട്ടുള്ള കോഴ്സ് ആയതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും ജയിക്കാതെ പോവുകയാണ് പതിവ്. അത് അവിടെയെത്തി പഠനം ആരംഭിച്ചപ്പോഴാണ് അറിഞ്ഞത്. മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വയ്ക്കാൻ തയ്യാറല്ലാത്തതു കൊണ്ട് പഠിച്ചു പാസാകാൻ തീരുമാനിച്ചു. രണ്ടാമത്തെ ട്രൈസെമസ്റ്ററിൽ പ്രോജക്ട് സ്റ്റാർട്ട് ചെയ്തപ്പോൾ ബുദ്ധിമുട്ടുകൾ വർധിച്ചു. വീട്ടിലെ കാര്യം നോക്കണം കുഞ്ഞിന്റെ കാര്യങ്ങൾ, പഠനം, പ്രോജക്ട് വർക്ക് അങ്ങനെ താങ്ങാവുന്നതിൽ കൂടുതൽ ഭാരമായി. ആദ്യം ഞാനും കുഞ്ഞും മാത്രമായിരുന്നു പോയത്. അവിടെ ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. ഭർത്താവ് കൂടി വന്നപ്പോൾ താമസിക്കാൻ മറ്റൊരു വീടു തിരഞ്ഞു. നമ്മുടെ നാട്ടിലൊക്കെ വാടക വീട് കിട്ടുന്നതുപോലെ അവിടെ പെട്ടെന്ന് വീട് ലഭിക്കില്ല. കുഞ്ഞുണ്ടായിട്ടുപോലും വീടു കിട്ടാൻ ഏകദേശം ആറുമാസത്തോളമെടുത്തു. കാലാവസ്ഥ പറ്റാത്തതിനാൽ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളും തരണം ചെയ്യേണ്ടി വന്നു. ഒന്നും ഈസി ആയിരുന്നില്ല. പക്ഷേ, കഠിനാധ്വാനം ചെയ്താൽ വിജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു.’’
ജീവിതയോട്ടം വിജയ യാത്രയായി മാറിയപ്പോൾ
‘‘രണ്ടുതരത്തിലായിരുന്നു ക്ലാസ്. ഒന്ന് രാവിലെ ഓൺലൈൻ വഴി. അതുകഴിഞ്ഞാൽ ഉച്ചയോടെ യൂണിവേഴ്സിറ്റിയിൽ എത്തണം. ഓൺലൈൻ ക്ലാസ് കഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി ട്രെയിൻ കയറലാണ് ആദ്യത്തെ യജ്ഞം. ട്രെയിനിൽ കയറി യൂണിവേഴ്സിറ്റി എത്തുന്നത് വരെയുള്ള അര മണിക്കൂർ ഗ്യാപ്പിലാണ് എഴുത്തും പ്രൊജക്ടും. അങ്ങനെ ഭൂരിഭാഗം പേരും തോറ്റ സബ്ജക്ടുകളിൽ എല്ലാം ആ ട്രൈസെമസ്റ്ററിൽ ഡിസ്റ്റിങ്ഷനോടുകൂടി പാസായി. സ്കോട്ട്‌ലാൻഡിലെ പ്രശസ്തമായ സ്കോട്ടിഷ് ടെക് ആർമി എന്ന കമ്പനിയിൽ ഇതിനിടയിൽ വളണ്ടിയർ ആയി സേവനമനുഷ്ഠിക്കാനും അവസരം ലഭിച്ചു. പകൽ യൂണിവേഴ്സിറ്റിയിലെ ക്ലാസ് കഴിഞ്ഞ് എത്തി രാത്രിയിൽ മകനെ അരികിൽ കിടത്തിയുറക്കി ആയിരുന്നു അന്ന് പ്രോജക്ട് വർക്കുകൾ ചെയ്തിരുന്നത്. തനിച്ചിരുന്നു കരഞ്ഞുതീർത്ത ദിവസങ്ങൾ ഉണ്ടായിരുന്നു. എന്നെക്കൊണ്ട് പറ്റില്ല എന്ന് തോന്നിയ നിമിഷങ്ങളിലൊക്കെയും ആരോ ഉള്ളിലിരുന്ന് വിജയം നേടണമെന്ന് പറഞ്ഞുകൊണ്ടിരുന്നു. ഗ്ലാസ്‌ഗോ റോയൽ കൺസേർട്ട് ഹാളിൽ എന്റെ പേര് വിളിക്കുന്നത് കാത്തിരിക്കുമ്പോൾ, അവിടെ വരെ എത്താൻ ഞാൻ എടുത്ത പ്രയത്നങ്ങളായിരുന്നു മനസ് നിറയെ. എനിക്ക് നിരന്തരം പിന്തുണയുമായി കൂടെനിന്നത് കുടുംബമാണ്. എനിക്ക് പറക്കാൻ ചിറകുകൾ തന്നത് അമ്മയും പപ്പയുമാണ്. ഞാൻ എന്നെത്തന്നെ സംശയിച്ചപ്പോൾ എന്നിൽ വിശ്വസിച്ച് എനിക്കൊപ്പം നിന്ന് ഈ വിജയം കൈവരിക്കാൻ സഹായിച്ചത് ഭർത്താവാണ്. എനിക്ക് സാധിക്കുമെങ്കിൽ നിങ്ങളിൽ ആർക്കും സാധിക്കും. നേടിയെടുക്കണമെന്ന ആഗ്രഹവും തന്നിലുള്ള വിശ്വാസവും മാത്രം മതി.’’
തന്റെ കഥകേട്ട് പ്രചോദനം ഉൾക്കൊണ്ട ഒരാളു കൂടിയുണ്ടെന്നും അയന പറയുന്നു. ‘മകന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ അമ്മയായ ദക്ഷിണാഫ്രിക്കക്കാരി. വർഷങ്ങൾക്കു മുമ്പ് യുകെയിലേക്ക് കുടിയേറിയവർ. അവരുടെ മൂത്ത കുട്ടി കോളജിൽ പഠിക്കുകയാണ്. വിവാഹത്തോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ എന്റെ കഥ കേട്ട അവരിപ്പോൾ തുടർപഠനത്തിനു ശ്രമിക്കുകയാണ്. എന്റെ ജീവിതം മറ്റൊരാൾക്ക് പ്രചോദനമാകുന്നതിൽ സന്തോഷമുണ്ട്.പ്രായമായി എന്ന് കരുതി നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് വിചാരിക്കരുത്.സമയം കഴിഞ്ഞുപോയി എന്നു കരുതി സ്വപ്നങ്ങൾക്കു പിന്നാലെ പോകാനും ഇഷ്ടങ്ങൾ നേടിയെടുക്കാനും ആരും മടിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. വിദ്യാഭ്യാസം ഏതു പ്രായത്തിലും മനുഷ്യന് ആവശ്യമാണ്. അത് സാധ്യമാക്കിയെടുക്കാൻ സ്വയം പ്രാപ്തമാക്കണം എന്നേയുള്ളൂ. നമുക്ക് നമ്മിൽ തന്നെ വിശ്വാസം ഉണ്ടായാൽ മതി ഏതുകാര്യവും സാധിച്ചെടുക്കാം.’’