യൂട്യൂബ് വിഡിയോകൾക്ക് എട്ടുലക്ഷം വരെ ചെലവ്; ഒരുരൂപ പോലും വരുമാനമില്ല: ചാനൽ നിർത്തുകയാണെന്ന് യുവതി
Mail This Article
യൂട്യൂബ് വിഡിയോയിലൂടെ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുന്നവരുടെ വാർത്തകൾ ദിനംപ്രതി എത്താറുണ്ട്. എന്നാൽ യൂട്യൂബ് ചാനൽ ആരംഭിച്ച് നഷ്ടം സംഭവിച്ചവരുടെ കഥ അധികമൊന്നും കേൾക്കാറില്ല. മൂന്നുവര്‍ഷം കൊണ്ട് എട്ടുലക്ഷം രൂപ നിക്ഷേപിച്ചിട്ടും ഒരുരൂപ പോലും വരുമാനം ഉണ്ടായില്ലെന്നു പറയുകയാണ് നളിനി ഉനഗർ എന്ന യുവതി.
‘നളിനീസ് കിച്ചൻ റെസിപ്പി’ എന്ന യൂട്യൂബ് ചാനലിലൂടെ ഇതുവരെ 250 വിഡിയോകൾ ഇറക്കി. എന്നാൽ ഇത്രയും കാലമായി 2450 സബ്സ്ക്രൈബേഴ്സ് മാത്രമാണുള്ളതെന്നും അവർ പറയുന്നു. ഒരുരൂപ പോലും യുട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് വിഡിയോകൾ മുഴുവൻ ഒഴിവാക്കുകയാണെന്ന് നളിനി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. തന്റെ സ്റ്റുഡിയോ ഉപകരണങ്ങള്‍ വിൽക്കുകയാണെന്നും അവർ പറഞ്ഞു.
‘‘യുട്യൂബിനോടു ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്. ഞാൻ എന്റെ സമയവും പണവും ചെലവഴിച്ചു. എന്റെ യൂട്യൂബ് ചാനലിനു വേണ്ടി ജോലിയിൽ പോലും വെല്ലുവിളി നേരിട്ടു. എന്നാൽ യുട്യൂബ് എനിക്കൊന്നും നല്‍കിയില്ല.’’– നളിനി വ്യക്തമാക്കി. ‘നിങ്ങൾ പരാജയപ്പെടുമ്പോള്‍ പരാജയം പോലും വിജയമാണെന്നു കരുതുക.’– എന്ന കുറിപ്പോടെ തന്റെ പരാജയം റിപ്പോർട്ട് ചെയ്ത മാധ്യമവാർത്തകളുടെ സ്ക്രീൻ ഷോട്ടും നളിനി പങ്കുവച്ചു.
യൂട്യൂബറുടെ ഈ പോസ്റ്റിന് നിരവധി കമന്റുകളും എത്തി. തിരിച്ചടികളിൽ പതറാതെ മുന്നോട്ടു പോകണമെന്നാണ് പലരും കമന്റ് ചെയ്തത്. അതേസമയം യൂട്യൂബിനെ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുന്നവർക്ക് നളിനിയുടെ അനുഭവം ഒരു പാഠമാണെന്നും ചിലർ കമന്റ് ചെയ്തു.