ADVERTISEMENT

വിവാഹചടങ്ങിനിടെ വരൻ ബോധരഹിതനായതിനെ തുടർന്ന് വധു കതിർമണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഝാർഖണ്ഡിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു ഝാർഖണ്ഡ് സ്വദേശിയായ അർണവിന്റെയും ബിഹാർ സ്വദേശിയായ അങ്കിതയുടെയും വിവാഹം. എന്നാൽ മണ്ഡപത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാവുകയായിരുന്നു.

കൊടുംതണുപ്പ് സഹിക്കാന്‍ കഴിയാതെ വരൻ മണ്ഡപത്തിൽ ബോധരഹിതനാവുകയായിരുന്നു. സാധാരണയായി വധുവിന്റെ വീട്ടിലാണ് വിവാഹചടങ്ങുകൾ നടക്കുന്നത്. വിവാഹവേദിയിലേക്ക് ബന്ധുക്കളോടൊപ്പം വരൻ പുറപ്പെടുന്ന ‘ബറാത്ത്’ ഉത്തരേന്ത്യൻ വിവാഹങ്ങളുടെ പ്രധാന ചടങ്ങാണ്. എന്നാൽ അര്‍ണവിന്റെയും അങ്കിതയുടെയും വിവാഹാഘോഷങ്ങൾ പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്തമായിരുന്നു. വധുവിന്റെ വീട്ടുകാരും വധുവുമാണ് വിവാഹവേദിയിലേക്ക് എത്തിയത്. പരമ്പരാഗത രീതിയിൽ നിന്നും ചടങ്ങു മാറിയതിൽ അങ്കിത നേരത്തേ തന്നെ വീട്ടുകാരോട് ആശങ്ക അറിയിച്ചിരുന്നു.

വധൂവരൻമാർ പരസ്പരം വരണമാല്യം അണിയിക്കുന്ന ചടങ്ങിനിടെയാണ് അർണവ് ബോധരഹിതനായത്. പൂജാരി മന്ത്രങ്ങൾ ചൊല്ലുന്നതിനിടെ വരൻ തണുത്ത് വിറച്ച് ബോധംകെട്ടു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള ഡോക്ടറെ വിളിച്ചു. ഡോക്ടർ സ്ഥലത്തെത്തി ഒന്നരമണിക്കൂറിനു ശേഷമാണ് വരനു ബോധംവീണത്. എന്നാൽ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച വധുവും കുടുംബവും വിവാഹത്തിൽ നിന്ന് പിന്‍മാറുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വധുവും കുടുംബവുമായി സമവായത്തിനു ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല.

English Summary:

Groom Collapses, Bride Leaves: Jharkhand Wedding Ends in Chaos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com