‘മുഖത്തിന് മാറ്റം വരുത്തി, വെളുത്ത വർഗക്കാരിയാക്കി, വംശത്തെ അധിക്ഷേപിച്ചു’; പരാതിയുമായി മോഡൽ
Mail This Article
അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി സീരീസുകളിലൂടെ ശ്രദ്ധേയനായ ഫാഷൻ ഡിസൈനർ മൈക്കിൾ കോസ്റ്റലോയ്ക്കെതിരെ ഗുരുതര ആരോപണവുമായി മോഡൽ ഷെറീൻ വു. താൻ പങ്കെടുത്ത മൈക്കിൾ കോസ്റ്റലോയുടെ ഫാഷൻ ഷോയിലെ ചിത്രങ്ങളിൽ തന്റെ വംശം തിരിച്ചറിയാത്ത വിധത്തിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖത്തിന് മാറ്റം വരുത്തി വെളുത്തവർഗ്ഗക്കാരിയായി അവതരിപ്പിച്ചു എന്നാണ് ആരോപണം. സ്വന്തം ചിത്രവും കോസ്റ്റലോ സമൂഹ മാധ്യമത്തിൽ പങ്കുവച്ച എഡിറ്റ് ചെയ്ത ചിത്രവും ഷെറീൻ ടിക് ടോക്കിലൂടെ പുറത്തുവിട്ടു.
ചിത്രങ്ങളിൽ ഷെറീന്റെ മുഖത്തിന് പകരം വെളുത്ത നിറമുള്ള മറ്റൊരു മോഡലിന്റെ മുഖമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഷ്യൻ അമേരിക്കൻ വംശജയാണ് ഷെറീൻ. ഫാഷൻ ഷോയിൽ ഷെറീൻ റാംപിൽ നടക്കുന്ന ചിത്രങ്ങളിലാണ് മാറ്റങ്ങൾ വരുത്തി കോസ്റ്റലോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വംശം തിരിച്ചറിയാത്ത വിധത്തിൽ മുഖം മാറ്റിയത് അങ്ങേയറ്റത്തെ അനാദരവാണെന്ന് ഷെറീൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. എന്നാൽ ഇതേക്കുറിച്ച് താൻ വെളിപ്പെടുത്തിയിട്ടും കോസ്റ്റലോ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല എന്നതാണ് മോഡലിനെ കൂടുതൽ ചൊടിപ്പിക്കുന്നത്.
ചിത്രങ്ങൾ പകർത്തിയ ഫൊട്ടോഗ്രാഫറിന്റെ പിഴവാണിതെന്ന് വരുത്തി തീർക്കാനാണ് കോസ്റ്റലോയുടെ ശ്രമമെന്നും ഷെറീൻ ആരോപിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്തപ്പോഴാണ് മുഖവും നിറവും മാറിയതെന്നും താൻ അതിൽ കുറ്റക്കാരനല്ല എന്നുമാണ് കോസ്റ്റലോയുടെ വാദം.
ചിത്രങ്ങൾ പകർത്തിയ ഫൊട്ടോഗ്രാഫറിനോടും ഷെറീൻ സംസാരിച്ചിരുന്നു. എന്നാൽ പകർത്തിയ ചിത്രങ്ങളിൽ യാതൊരു തരത്തിലുള്ള മാറ്റങ്ങളും താൻ വരുത്തിയിട്ടില്ല എന്നാണ് ഫൊട്ടോഗ്രാഫർ നൽകിയ വിശദീകരണം. ഫൊട്ടോയിൽ മാറ്റം വരുത്തിയതിയിലൂടെ തന്റെ വംശം മറച്ചു വെക്കുക മാത്രമല്ല ഭാവിയിൽ കിട്ടാനിരിക്കുന്ന തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും കൂടിയാണ് കോസ്റ്റലോ ചെയ്തത് എന്ന് ഷെറീൻ പറയുന്നു. കോസ്റ്റലോയ്ക്കൊപ്പം ചെയ്ത ഫാഷൻ ഷോയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല എന്നും ഇവർ പറയുന്നു.
ഫൊട്ടോയിൽ മാറ്റങ്ങൾ വരുത്തിയതായി ഷെറീൻ പരാതിപ്പെട്ടതോടെ കോസ്റ്റലോ നിലവിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് ഒരു വശത്തായി ഷെറീന്റെ മുഖമുള്ള യഥാർഥ ചിത്രവും പോസ്റ്റ് ചെയ്യാമെന്നാണ് പ്രതികരിച്ചത്. എന്നാൽ ഇത് സംഭവിച്ച തെറ്റിനുള്ള ഒരു മാപ്പായി കണക്കാക്കാനാവില്ല എന്നാണ് ഷെറീന്റെ നിലപാട്.
കറുത്ത വർഗ്ഗക്കാരിയായ ഒരു മോഡലിന്റെ നിറം വെളുപ്പിക്കാൻ ശ്രമിച്ചതും പിന്നീട് അതിന്റെ ഉത്തരവാദിത്വം മേക്കപ്പ് ആർട്ടിസ്റ്റിനുമേൽ ചുമത്തിയതും ബാക്ക് സ്‌റ്റേജിൽ ഒരു മോഡലിനോട് കയർത്തു സംസാരിച്ചതിനെ തുടർന്ന് അവർ കരയുന്ന അവസ്ഥയിൽ റാംപിൽ എത്തിയും എന്നാൽ അതിനുശേഷം അവരെ പുകഴ്ത്തി പോസ്റ്റിട്ടതുമെല്ലാം കോസ്റ്റലോയുടെ ഭാഗത്തുനിന്നും ഉണ്ടായ പിഴവുകളായി ഷെറീൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. മോഡലിന്റെ പോസ്റ്റുകൾ പുറത്തുവന്നതോടെ കോസ്റ്റിലോയ്ക്ക് എതിരെ രൂക്ഷ വിമർശനങ്ങളാണ് ലോകത്തിലെ പല ഭാഗത്തുനിന്നും ഉയരുന്നത്.