അത് ഹിറ്റാകുമെന്ന് കരുതിയില്ല, 25 വർഷമായി സൂക്ഷിക്കുന്ന വസ്ത്രങ്ങളും; വൈറൽ ഷർട്ടുകൾക്ക് പിന്നിൽ ഇദ്ദേഹം
Mail This Article
ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കുന്നവരാണ് മലയാളത്തിലെ യുവതാരങ്ങളെങ്കിൽ ട്രെൻഡുകൾക്കു മുന്നേ പോയി സ്വയം ട്രെൻഡായി മാറുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പതിവ്. അടുത്തിടെ തന്റെ പുതിയ ചിത്രമായ ‘കാതൽ’ പ്രമോഷനു വേണ്ടി വന്നപ്പോൾ അദ്ദേഹം ധരിച്ചിരുന്ന പ്രിന്റഡ് ഷർട്ട് വളരെ പെട്ടെന്നാണ് വൈറലായത്. ഗ്രേറ്റ് ഫാദർ എന്ന ചിത്രം മുതൽ അദ്ദേഹത്തിന്റെ പേർസണൽ കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്തിന് ഈ വസ്ത്രങ്ങളെ പറ്റി പറയാനുള്ളത്.
ആ ഷർട്ടുകൾക്കു പിന്നിലെ കഥ ?
മമ്മൂക്ക ഇട്ട കോമിക് സീരീസ് ഷർട്ടുകൾ സത്യത്തിൽ ഒരു വർഷം മുമ്പ് വാങ്ങി വച്ചിരുന്നതാണ്. സോൾഡ് സ്റ്റോറിന്റെ ആർച്ചി കോമിക്സിന്റെ പ്രിന്റും എച്ച് ആൻഡ് എമ്മിന്റെ ഗ്രാഫിക് പ്ലിന്റഡ് ഷർട്ടുമാണ് പ്രമോഷൻ സമയത്ത് മമ്മൂക്ക ഇട്ടത്. ബോംബെയിലെ സ്റ്റോറിൽ നിന്നും നേരിട്ട് വാങ്ങിയതാണ്. വിസ്കോസ് ഫാബ്രിക് ആയതിനാൽ ചൂടൊന്നും അറിയില്ല, ഇടാനും സുഖമാണ്. ഈ ഷർട്ടുകൾ ഇത്ര ഹിറ്റാകുമെന്ന് കരുതിയില്ല. ഇതേ പോലുള്ള മൂന്നു നാലെണ്ണം കൂടി ഉണ്ടായിരുന്നു. അതൊക്കെ ഇനി അദ്ദേഹം ഇടുമോയെന്ന് അറിയില്ല.
പുതിയ സിനിമയിലെ മാസ് ലുക്ക് ?
ഷൂട്ട് നടന്നു കൊണ്ടിരിക്കുന്നത് ടർബോ എന്ന സിനിമയാണ്. അതിൽ ഒരു നാടൻ ലുക്ക് ആണ്. അടി ഇടി പടമാണ്. ഒരു ഫാൻബോയ് എന്നുള്ള നിലയ്ക്കാണ് ഇൗ സിനിമയ്ക്കായി ഞാൻ കോസ്റ്റ്യൂം ചെയ്യുന്നത്. ഇൗ സിനിമയുടെ സംവിധായകനായ വൈശാഖ് ചേട്ടൻ അതിനു പൂർണമായി സപ്പോർട്ട് ചെയ്യുന്നുമുണ്ട്. നമ്മൾ തന്നെ ഡിസൈൻ ചെയ്ത റഗ്ഡ് ഫീൽ കിട്ടുന്ന കോർഡ്രോയ് ഗാർമെന്റ്ഡൈ പാച്ച് പോക്കറ്റ് ഷർട്ടുകളും ഹാൻഡ്‌ലൂം ഡിസൈൻ ബോർഡർ മുണ്ടുകളുമാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിന് ഒരു വുഡൻ കൊന്തയും, ആരാധകർക്കും കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും വലിയ ആവേശമായിരിക്കും ടർബോ.
മമ്മൂക്ക ഷർട്ടുകൾ സൂക്ഷിക്കാറുണ്ടോ ?
മമ്മൂക്ക ഷർട്ടുകൾ ഒക്കെ എന്താണ് ചെയ്യുന്നതെന്ന് ഒരുപാടു പേർ ചോദിക്കാറുണ്ട്. അദ്ദേഹം ചിലത് സൂക്ഷിച്ചു വയ്ക്കും, ചിലത് ആർക്കെങ്കിലുമൊക്കെ കൊടുക്കും. അദ്ദേഹത്തിന്റെ കയ്യിൽ കാലങ്ങളായി ഇരിക്കുന്ന ഷർട്ടുകളുണ്ട്. 20–25 വർഷങ്ങളായി സൂക്ഷിക്കുന്ന ചിലതുണ്ട്. ഇഷ്ടപ്പെട്ട ഷർട്ടുകൾ അദ്ദേഹം വീണ്ടും ഇടാറുമുണ്ട്.
രണ്ടു സിനിമയിൽ ഒരേ കോസ്റ്റ്യൂം ഉപയോഗിക്കാറുണ്ടോ ?
കണ്ണൂർ സ്ക്വാഡ് സിനിമയിലെ ഒരു കഥാപാത്രം നൻപകൽ നേരത്തു മയക്കത്തിലെ മമ്മൂക്കയുടെ കോസ്റ്റ്യൂം ഇട്ടെന്നു പറഞ്ഞു സമൂഹമാധ്യമങ്ങളിൽ ചിലർ പോസ്റ്റുകളിട്ടതു കണ്ടിരുന്നു. അതു ശരിയാണ്. രണ്ടു സിനിമകളും മമ്മൂട്ടി കമ്പനി നിർമിച്ച സിനിമകളാണ്. ആദ്യ സിനിമ കഴിഞ്ഞ് കോസ്റ്റ്യൂസ് പ്രൊഡക്ഷൻ ടീമിന് കൈമാറും. അതു പിന്നീട് മറ്റു സിനിമകളിലെ കോസ്റ്റ്യൂം ടീം വസ്ത്രങ്ങൾ ഏതെങ്കിലും വിധത്തിൽ ഉയോഗിക്കാമെങ്കിൽ ഉപയോഗിക്കും. അങ്ങനെയാണ് കണ്ണൂർ സ്ക്വാഡിൽ വീണ്ടും അതേ ഷർട്ടും മുണ്ടും കാണുന്നത്. ജനങ്ങൾ അത്രത്തോളം മമ്മൂക്കയുടെ വസ്ത്രങ്ങൾ പോലും ശ്രദ്ധിക്കുന്നതിൽ സന്തോഷം..