ആഭരണത്തിലും മേക്കപ്പിലും ശ്രദ്ധവേണം, അമിത ആഡംബരം വേണ്ട; 2024ൽ മിനിമൽ ഫാബുലസ്നെസ്സ് ഫാഷൻ
Mail This Article
ഫാഷൻ ലോകത്തെ ട്രെൻഡുകൾ മാറിമറിയാൻ ദിവസങ്ങളോ ആഴ്ചകളോ മാത്രം മതി. 2024ലെ ഫാഷൻ ട്രെൻഡ് എന്താകുമെന്നതിന്റെ സൂചന നൽകി കൊണ്ടാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഗോൾഡൻ ഗ്ലോബ് പുരസ്കാര ദാന ചടങ്ങ് നടന്നത്. പ്രൗഢിയിൽ തെല്ലും കുറവ് തോന്നിക്കാതെ എന്നാൽ ലാളിത്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള താരങ്ങളുടെ വസ്ത്രധാരണമായിരുന്നു ശ്രദ്ധയാകർഷിച്ചത്. മാർഗോട്ട് റോബി മുതൽ എമ്മ സ്റ്റോണും ലില്ലി ഗ്ലാഡ്‌സ്റ്റണും വരെയുള്ള താരങ്ങൾ അണിഞ്ഞ വസ്ത്രങ്ങളെല്ലാം ഇതിന് ഉദാഹരണമാണ്.
ഗ്ലാമറും മിനിമലിസവും ഒത്തുചേർന്ന ഫാഷൻ ശൈലിയെ മിനിമൽ ഫാബുലസ്നെസ്സ് എന്ന് വിശേഷിപ്പിക്കുകയാണ് ഫാഷൻ ഡയറക്ടറായ വനേസ ഫ്രൈഡ്മാൻ. മിനിമൽ, ഫാബുലസ് എന്നീ വാക്കുകൾ പരസ്പരവിരുദ്ധങ്ങളാണെങ്കിലും ഇവ തമ്മിൽ ഇണചേർന്നുള്ള ഒരു പുതിയ ട്രെൻഡിനാണ് ഗോൾഡൻ ഗ്ലോബിന്റെ റെഡ് കാർപെറ്റ് തുടക്കം കുറിച്ചു വച്ചിരിക്കുന്നത്. തന്റെ ബാർബി ലുക്കിൽ വിട്ടുവീഴ്ച വരുത്താതെ പിങ്ക് ഗൗണാണ് മാർഗോട്ട് റോബി തിരഞ്ഞെടുത്തത്. 1977 സൂപ്പർസ്റ്റാർ ബാർബി ഡോളിനെ ഓർമിപ്പിക്കുന്ന വിധത്തിൽ പിങ്ക് സീക്വിനുകൾ നിറഞ്ഞ ഗൗണും ഞൊറികളുള്ള ട്യൂൾ ബോവയുമായിരുന്നു താരത്തിന്റെ വേഷം. ഹെയർ സ്റ്റൈലിങ്ങിലും മേക്കപ്പിലും ആഡംബരങ്ങൾ ഒന്നുമില്ലാതെ ഗൗണിന്റെ തിളക്കം മാത്രമായിരുന്നു ഈ മിനിമൽ ലുക്കിന്റെ പകിട്ട്.
ഡ്രാമ വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ലില്ലി ഗ്ലാഡ്സ്റ്റോൺ ഒറ്റനിറത്തിലുള്ള വാലന്റീ ഹോ ഗൗണാണ് തിരഞ്ഞെടുത്തത്. ഓഫ് വൈറ്റ് നിറത്തിൽ തികച്ചും ലളിതമായ ഗൗണിന്റെ മാറ്റ് കൂട്ടിയതാകട്ടെ കറുപ്പ് നിറത്തിലുള്ള ഒരു ഫ്ലോർ സ്വീപ്പിംഗ് ഡ്രേപ്പാണ്. സിംപിൾ ഹെയർ സ്റ്റൈലിനൊപ്പം വജ്രശോഭയുള്ള നെക്ലൈസ് ചേർന്നപ്പോൾ വസ്ത്രധാരണത്തിലെ പാറ്റേൺ നിലനിർത്താനായി. ഒറ്റ നിറത്തിലുള്ള ഡിയോർ ഗൗണിന്റെ മിനിമൽ ലുക്കിന് വിപരീതമായി വലിയ കണ്ണടയും സ്റ്റേറ്റ്മെന്റ് ആഭരണങ്ങളും അണിഞ്ഞാണ് അലി വോങ് ട്രെൻഡിന്റെ ചുവടുപിടിച്ചത്. വ്യക്തിഗത ശൈലി കൈവിട്ടുകളയാതെ മിനിമലിസം എങ്ങനെ ഉൾപ്പെടുത്താം എന്നതിന്റെ ഉദാഹരണമായിരുന്നു ഈ ലുക്ക്.
അമിത ആഡംബരങ്ങൾ ഒന്നുമില്ലാത്ത ആഭരണങ്ങളാണ് താരങ്ങളിൽ ഏറെയും തിരഞ്ഞെടുത്തത്. എന്നാൽ അവ എടുത്തറിഞ്ഞതാകട്ടെ വസ്ത്രത്തിന്റെയും മേക്കപ്പിന്റെയും ലാളിത്യം കൊണ്ടാണ്. ഗോൾഡൻ ഗ്ലോബ് ചടങ്ങിൽ എത്തിയ പുരുഷ താരങ്ങളും ട്രെൻഡിൽ നിന്നും വിട്ടു നിന്നിരുന്നില്ല. പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള സ്യൂട്ടിനൊപ്പം അതേ നിറത്തിൽ തിളക്കമുള്ള ജാക്കറ്റ് ധരിച്ച് തിമോത്തിഷലമെറ്റ് ശ്രദ്ധ ആകർഷിച്ചത് ഇതിന് ഉദാഹരണമാണ്.
ക്ലാസിക് മിനിമൽ ലുക്കിന് പ്രാധാന്യം നൽകുന്നതായിരുന്നു 2023ലെ ഫാഷൻ സ്റ്റേറ്റ്മെന്റ്. എന്നാൽ അതിനോടൊപ്പം അല്പം ഗ്ലാമർ ലുക്കുകൾ കൂടി ചേർന്നാണ് 2024ലെ മിനിമൽ ഫാബുലസ്നെസ്സിലേയ്ക്ക് എത്തുന്നത്. ഫാഷൻ ലോകത്ത് മിനിമലിസ്റ്റ് സ്റ്റൈലിനെ പിന്തുണയ്ക്കുന്നവരും വിമർശിക്കുന്നവരുമുണ്ട്. കാലാതീതമായ ഫാഷൻ ശൈലി എന്ന് മിനിമലിസത്തെ ഒരു വിഭാഗം വിശേഷിപ്പിക്കുമ്പോൾ ഇത് കാഴ്ചയിൽ അങ്ങേയറ്റം മടുപ്പുളവാക്കുന്നു എന്നാണ് വിമർശകരുടെ പക്ഷം.
ഗ്ലാമർ ലുക്കിൽ വിട്ടുവീഴ്ചയില്ലാതെ മിനിമലിസം പിന്തുടരാൻ ചില മാർഗങ്ങളുമുണ്ട്. ശരീരഘടനയോട് ചേർന്ന് നിൽക്കുന്ന തരത്തിലുള്ള വസ്ത്രം തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. മൊത്തത്തിലുള്ള ലുക്ക് സ്റ്റൈലിഷാക്കാൻ എംബ്രോയിഡറിയോ സീക്വൻസ് വർക്കുകളോ ചെയ്ത സിൽക്ക്, ഫൈൻ കോട്ടൺ തുണിത്തരങ്ങൾക്ക് സാധിക്കും. ന്യൂട്രൽ നിറത്തിലുള്ള വസ്ത്രങ്ങൾ മിനമൽ ലുക്ക് നൽകും. ഇതിനൊപ്പം ഫാബുലസ് ലുക്കിനായി മേക്കപ്പിലും ആഭരണങ്ങളിലും വ്യത്യസ്ത നിറങ്ങൾ തിരഞ്ഞെടുക്കാം.