102 സാരികളുടെ പാറ്റേൺ, അനന്തിന്റെയും രാധികയുടെയും പേര്; ഇന്ത്യൻ പാരമ്പര്യം നിറഞ്ഞ സാരിയിൽ നിതാ അംബാനി
Mail This Article
നിതാ അംബാനിയുടെ കാഞ്ചീപുരം സാരിയാണ് ഇപ്പോൾ ഇന്റർനെറ്റിലെ ശ്രദ്ധാ കേന്ദ്രം. മാർച്ച് ആറിന് റിലയൻസ് ജീവനക്കാർക്കായി ഗുജറാത്തിലെ ജാംനഗറിൽ ഒരുക്കിയ അത്താഴവിരുന്നിലാണ് കാഞ്ചീപുരത്തിന്റെ പ്രൗഢിയിൽ നിതാ അംബാനി എത്തിയത്. സ്വദേശ് കരകൗശല വിദഗ്ധർ രൂപകൽപന ചെയ്ത കാഞ്ചീപുരം കൈത്തറി സാരിയാണ് നിതാ അംബാനി ധരിച്ചത്. മകന്റെ പ്രീ വെഡിങ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിരുന്നിനുവേണ്ടി പ്രത്യേകമായി തയാറാക്കിയ സാരിയിൽ അനന്തിന്റെയും രാധികയുടെയും പേരുകളുടെ ആദ്യ ആക്ഷരങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.
കരകൗശലവിദഗ്ധർ പ്രത്യേകമായി തയാറാക്കിയ മെറൂൺ കാഞ്ചീപുരം സാരിയിൽ സിൽവറും ഗോൾഡും ഇടകലർന്ന പാറ്റേൺ വസ്ത്രത്തിന്റെ മാറ്റുകൂട്ടി. എന്നാൽ ഇതിനൊക്കെ അപ്പുറം ഇന്ത്യൻ പാരമ്പര്യത്തിന്റെയും കൈത്തറി വൈദഗ്‌ധ്യത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണം എന്ന നിലയിൽ കൂടിയാണ് സാരി തയാറാക്കിയിരിക്കുന്നത്. 102 കാഞ്ചീപുരം പട്ട് സാരി പാറ്റേണുകളുടെ സംയോജനമാണ് ഈ വസ്ത്രം. അതായത് ലോകത്തിൽ ഇത്തരത്തിൽ കണ്ടേക്കാവുന്ന ഒന്നേ ഒന്ന്. സാരിയിലെ ഓരോ സൂക്ഷ്മ ഘടകങ്ങളും ക്ഷേത്രങ്ങളുടെയും ശില്പങ്ങളുടെയും മനോഹാരിതയ്ക്കുള്ള ആദരം കൂടിയാണ്. ഇന്ത്യയിലെ തനത് പരമ്പരാഗത കരകൗശല നൈപുണ്യത്തിന്റെയും കൈത്തറി സമൂഹത്തിന്റെയും പുരോഗതിക്ക് വേണ്ടിയാണ് സ്വദേശ് എന്ന സംരംഭം പ്രവർത്തിക്കുന്നത്. ചടങ്ങിനായി സ്വദേശിന്റെ സാരി തന്നെ നിത തിരഞ്ഞെടുത്തത് കൈത്തറി മേഖലയ്ക്ക് ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.
സാരിയുടെ ഭംഗി എടുത്തു കാട്ടുന്ന വിധത്തിൽ സങ്കീർണമായ ഡിസൈനുകളോടു കൂടിയ സെമി സ്ലീവ്ഡ് ബ്ലൗസാണ് നിതാ അംബാനി ധരിച്ചത്. സാരിയിലെ രാജകീയ പ്രൗഢി ആഭരണങ്ങളിലും പ്രകടമായിരുന്നു. ഇയർ റിങ്ങുകളിലും നെക് പീസിലും വളകളിലും മോതിരങ്ങളിലും ഒരേ ഡിസൈനുകളും പാറ്റേണും നിലനിർത്തി. റാണിഹാർ, കമ്മലുകൾ, വജ്രം പതിച്ച വളകൾ, മോതിരങ്ങൾ എന്നിവയാണ് ധരിച്ചിരുന്നത്. സ്മോക്കി ഐ മേക്കപ്പും ന്യൂഡ് ലപ്സിക്കും ചുവന്ന ബിന്ദിയും അണിഞ്ഞ നിതാ അംബാനിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വൈറലായി.
എക്സിലുടെ മാത്രം ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് കാഞ്ചീപുരം സാരി അണിഞ്ഞ നിതയുടെ ചിത്രങ്ങൾ ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ കണ്ടത്. വിവാഹ ആഘോഷങ്ങളിൽ പൂർണ പിന്തുണയേകിയ ജാംനഗറിലെ റിലയൻസ് കമ്പനി കുടുംബാംഗങ്ങൾക്ക് പ്രത്യേക നന്ദിയും അത്താഴവിരുന്നിൽ നിത രേഖപ്പെടുത്തിയിരുന്നു.