വോട്ടു ചെയ്തതിനു ശേഷം നെയിൽ പോളിഷ് ഇടാൻ മഷി തടസ്സമാകുന്നുണ്ടോ? പരീക്ഷിക്കാം ഈ മാർഗങ്ങൾ
Mail This Article
രാജ്യഭരണത്തിന്റെ താക്കോൽ ആരുടെ കൈകളിൽ ഏൽപിക്കണമെന്ന് വിധിയെഴുതാനുള്ള അവകാശത്തോളം പ്രധാനപ്പെട്ട മറ്റൊരു കാര്യം ഒരു പൗരനില്ല. ആ അവകാശത്തിന്റെ അടയാളമായ, ചൂണ്ടുവിരലിലെ നീല മഷി അഭിമാനത്തിന് വക നൽകുന്ന ഒന്നുമാണ്. വോട്ട് ചെയ്തതിനു ശേഷം സമൂഹമാധ്യമങ്ങളിൽ മഷി പുരണ്ട വിരലിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് അഭിമാനത്തോടെയാണ്. വ്യാജ പേരുകളിൽ ഒരാൾ ഒന്നിലധികം വോട്ടുകൾ ചെയ്യുന്നത് ഒഴിവാക്കാനാണ് വിരലിൽ മഷി അടയാളം നൽകുന്നത്. വോട്ട് ചെയ്യാനുള്ള അവകാശത്തിനൊപ്പം അത് ഏറ്റവും സത്യസന്ധമായ രീതിയിൽ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഏറെ പ്രധാനമാണ്. വോട്ടിങ് പ്രക്രിയ പൂർത്തിയാകുന്നതിനു മുൻപ് വിരലിലെ മഷിയടയാളം നീക്കം ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതിനാൽ വോട്ടിങ് ദിനത്തിനു ശേഷം മാത്രമേ മഷി നീക്കം ചെയ്യാവൂ.
മറ്റു മഷികളിൽനിന്നു വ്യത്യസ്തമായി, അത്ര പെട്ടെന്നു മായ്ക്കാനാവാത്ത മഷി ആയതിനാൽ ഇന്‍ടെലിബിൾ ഇങ്ക് എന്നാണ് വോട്ടിങ് മഷി അറിയപ്പെടുന്നത്. കർണാടക സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ഇന്ത്യയിൽ ഈ മഷി ഉൽപാദിപ്പിക്കാനുള്ള അനുമതിയുള്ളത്. 10 മില്ലി ലീറ്റർ വീതം ഉൾക്കൊള്ളുന്ന 26.55 ലക്ഷം ചെറു കുപ്പികളിലായാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുള്ള മഷി നിറയ്ക്കുന്നത്. സിൽവർ നൈട്രേറ്റാണ് ഇതിന്റെ ഒരു ചേരുവ. നിറമില്ലാത്ത ഈ സംയുക്തം അൾട്രാ വയലറ്റ് കിരണങ്ങൾ ഏൽക്കുമ്പോഴാണ് ദൃശ്യമാകുന്നത്. സിൽവർ നൈട്രേറ്റിന്റെ അളവ് വർധിക്കുന്നത് അനുസരിച്ച് വോട്ടിങ് മഷിയുടെ ഗുണനിലവാരവും കൂടും. പുരട്ടി 72 മണിക്കൂർ സമയത്തേയ്ക്ക് സോപ്പ്, ലിക്വിഡുകൾ, ക്ലീനിങ് ഉത്പന്നങ്ങൾ, ഡിറ്റർജെന്റുകൾ എന്നിവയെ ചെറുത്തുനിൽക്കാനുള്ള കഴിവും ഈ മഷിക്കുണ്ട്.
വേഗത്തിൽ ഉണങ്ങിപ്പിടിക്കുന്നതിനുവേണ്ടി ആൽക്കഹോളും മഷി നിർമാണത്തിൽ ഉപയോഗിക്കുന്നുണ്ട്. 1962-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ ആദ്യമായി വോട്ടിങ്ങ മഷി ഉപയോഗിച്ചത്. ഇന്ന് ഇന്ത്യയിൽ നിർമിക്കപ്പെടുന്ന വോട്ടിങ് മഷി കാനഡ, ഘാന, നൈജീരിയ, മംഗോളിയ, മലേഷ്യ, നേപ്പാൾ, ദക്ഷിണാഫ്രിക്ക, മാലദ്വീപ് തുടങ്ങി ഇരുപത്തിയഞ്ചിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്.
ഇന്ത്യയിൽ ഇടതുകൈയിലെ ചൂണ്ടുവിരലിൽ നഖത്തിനോട് ചേർന്ന ഭാഗത്ത് നീളത്തിലുള്ള ഒരു വരയായിയാണ് മഷി അടയാളം രേഖപ്പെടുത്തുന്നത്. ചുരുക്കം ചിലർക്കെങ്കിലും ഈ മഷി അലർജിക്ക് കാരണമാകാറുണ്ട്. ഇതിനു പുറമേ നെയിൽ പോളിഷിട്ട് വിരലുകൾ എപ്പോഴും ഭംഗിയാക്കി വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മഷിയുടെ പാട് ദീർഘകാലം അതേപടി തുടരുന്നത് അരോചകവുമാണ്. വോട്ട് ചെയ്ത് 72 മണിക്കൂർ പിന്നിട്ട് ശേഷം മഷി നീക്കം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതിനുള്ള ചില എളുപ്പ മാർഗങ്ങൾ നോക്കാം.
* നെയിൽ പോളിഷ് ബ്ലീച്ചുകളിൽ ബ്ലീച്ചിങ് ഏജന്റായ അസറ്റോൺ അടങ്ങിയിട്ടുണ്ട്. സുരക്ഷിതമായി മഷി നീക്കം ചെയ്യാൻ കോട്ടൻ ബോളിൽ നെയിൽ പോളിഷ് ബ്ലീച്ച് പുരട്ടിയശേഷം മഷി അടയാളമുള്ള ഭാഗത്ത് മൃദുവായി ഉരസുക. അതിനുശേഷം കൈകൾ കഴുകി മോയ്സ്ചറൈസറോ ബോഡി ലോഷനോ പുരട്ടാം. ബ്ലീച്ചിന്റെ ഉപയോഗം അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം.
* ആന്റി ബാക്ടീരിയൽ വൈപ്സാണ് മറ്റൊരു മാർഗം. ഇത്തരം ടിഷ്യു വൈപുകൾ വിപണിയിൽ സുലഭമാണ്. വിരൽ ബ്ലീച്ച് ദ്രാവകത്തിൽ മുക്കിയ ശേഷം ആന്റി ബാക്ടീരിയൽ വൈപ്സ് ഉപയോഗിച്ച് മൃദുവായി തുടയ്ക്കാം. മഷിയടയാളം മാഞ്ഞശേഷം മോയ്സ്ചറൈസർ പുരട്ടാൻ മറക്കരുത്.
* കാഠിന്യമേറിയ ഡിഷ് വാഷിങ് ലിക്വിഡുകളും മഷി നീക്കം ചെയ്യാൻ ഉപകാരപ്രദമാണ്. അൽപം ലിക്വിഡ് സ്പോഞ്ചിലെടുത്ത് മഷി അടയാളമുള്ള ഭാഗത്ത് ഉരച്ചു കൊടുക്കാം. പിന്നീട് ചെറു ചൂടുവെള്ളത്തിൽ കൈകൾ കഴുകിയാൽ മതി.
* ഹെയർ റിമൂവൽ ക്രീം ഉപയോഗിച്ചും ഇന്‍ടെലിബിൾ ഇങ്ക് നീക്കം ചെയ്യാം. അതിനായി അൽപം ക്രീം എടുത്ത് മഷിക്കറയുള്ള ഭാഗത്ത് പുരട്ടുക. മൂന്നു മിനിറ്റിനു ശേഷം ക്ലെൻസിങ് വാട്ടറും കോട്ടൺ പാഡും ഉപയോഗിച്ച് തുടച്ചുനീക്കാം.