മുഖത്ത് വെള്ളപ്പാണ്ടുമായി മിസ് യൂണിവേഴ്സ് വേദിയിൽ; ആത്മവിശ്വാസത്തോടെ ചരിത്രം കുറിച്ച് ലോജിന
Mail This Article
2024ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഈജിപ്ഷ്യൻ മോഡൽ ലോജിന സലാഹ്. ശരീരത്തിൽ വെള്ളപ്പാണ്ട് രോഗവുമായാണ് ലോജിന മിസ് യൂണിവേഴ്സ്–2024ലെ റാംപിലെത്തിയത്. മിസ് യൂണിവേഴ്സ് മത്സരത്തിലെ അവസാന റൗണ്ടിലെത്തിയ 30 മത്സരാർഥികളിൽ ഒരാളായ ലോജിന സലാഹ് 73 വർഷത്തെ ചരിത്രമാണ് തിരുത്തിയത്.
സൗന്ദര്യത്തിന്റെ സ്വാഭാവിക മാനദണ്ഡങ്ങളെല്ലാം ഭേദിച്ചാണ് വെള്ളപ്പാണ്ടുമായി ലോജിന മിസ് യൂണിവേഴ്സിന്റെ വേദിയിലെത്തിയത്. സൗന്ദര്യത്തിന്റെ അടിസ്ഥാന മാനദണ്ഡം എന്നത് ശരീരത്തിന്റെ നിറമോ അവസ്ഥയോ അല്ലെന്ന് മിസ് യൂണിവേഴ്സ് വേദിയിലേക്കുള്ള തന്റെ യാത്രയിലൂടെ തെളിയിച്ചിരിക്കുകയാണ് ലോജിന. ഈ യാത്രയിൽ തനിക്കൊപ്പം നിന്ന എല്ലാവരോടും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ ലോജിന നന്ദി അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ 1.8 മില്യൺ ഫോളവേഴ്സാണ് ലോജിനയ്ക്കുള്ളത്.
വിവേചനങ്ങളില്ലാത്ത പുതിയ ലോകം സൃഷ്ടിക്കാനുള്ള ശ്രമം നമുക്ക് തുടരാമെന്നും ലോജിന സലാഹ് പറയുന്നു. മോഡലിങ്ങിനോടുള്ള തീവ്രമായ അഭിനിവേശമാണ് പ്രതിസന്ധികള്‍ മറികടന്ന് ലോജിനയെ മിസ് യൂണിവേഴ്സിന്റെ വേദി വരെ എത്തിച്ചത്. അവരെ പ്രകീർത്തിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ നിരവധി കമന്റുകളും എത്തി.
‘നമ്മൾ നേരിടുന്ന വിവേചനങ്ങളൊന്നും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനു തടസ്സമാകില്ലെന്ന് തെളിയിച്ചതിനു നന്ദി.’– എന്നാണ് ലോജിനയുടെ ഒരു ആരാധകൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ കാലങ്ങൾക്കു മുൻപു തന്നെ ഇടംനേടിയിട്ടുണ്ട്. ഇപ്പോൾ ആയിരക്കണക്കിന് ആളുകളുടെ പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നു എന്നാണ് മറ്റൊരാൾ കുറിച്ചത്.
1990 ഏപ്രിൽ 21ന് ഈജിപ്തിലാണ് ലോജിന സലാഹ് ജനിച്ചത്. മേക്കപ്പിലൂടെ വെള്ളപ്പാണ്ട് രോഗത്തിനെതിരെ ബോധവത്കരണം നടത്തിയാണ് ലോജിന ഫാഷൻ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. മൂന്നുവർഷം മുൻപ് തന്റെ പത്തുവയസ്സുകാരി മകളോടൊപ്പം ലോജിന ദുബായിലേക്ക് താമസം മാറ്റി.