‘ഞാനും ഒരു ഫോട്ടോ എടുത്തോട്ടെ’; വിവാഹ ഫോട്ടോഷൂട്ടിനിടെ അതിഥിയായി പാമ്പ്, വിഡിയോ വൈറൽ
Mail This Article
വിവാഹ ഫോട്ടോഷൂട്ട് എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ആലോചിക്കുന്നവരാണ് പലരും. കാടും മലയും തെരുവുകളും എന്തിന് പുഴയും കുളങ്ങളും വരെ ഫോട്ടോഷൂട്ടിന്റെ പശ്ചാത്തലമാക്കാറുണ്ട്. എന്നാൽ മനോഹരമായി നടക്കുന്ന ഫോട്ടോഷൂട്ടിന്റെ ഇടയിൽ ചെറിയൊരു തടസം വന്നാലോ? അങ്ങനെ ഫോട്ടോഷൂട്ടിനെത്തിയ ക്ഷണിക്കപ്പെടാത്തൊരു അതിഥിയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വെള്ളത്തിലിരുന്ന് ഫോട്ടോഷൂട്ട് നടത്തിയ വധൂ വരൻമാർക്കിടയിലേക്ക് നീന്തിക്കയറിയ പാമ്പാണ് സമൂഹ മാധ്യമങ്ങളിൽ താരമായത്. വെള്ളത്തിലിരുന്ന് ഫോട്ടോയെടുക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണിക്കുന്നത്. ആദ്യം വെള്ളത്തിലേക്ക് വെള്ള നിറത്തിലുള്ളൊരു പൊടിയിടുന്നത് കാണാം. ശേഷം മനോഹരമായ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് ഒരു പാമ്പ് വെള്ളത്തിലൂടെ നീന്തി വരുന്നത് സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പാമ്പിനെ കണ്ടതോടെ ആളുകളെല്ലാം ജാഗ്രത പാലിക്കുന്നുണ്ട്. വെള്ളത്തിലൂടെ നീന്തി വന്ന പാമ്പ് വെള്ളത്തിലിരിക്കുന്ന വരനും വധുവിനും ഇടയിലൂടെ നീന്തിപ്പോകുന്നു. അടുത്തേക്കെത്തിയ പാമ്പിനെ കണ്ട് വധു നിലവിളുക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ വരൻ വധുവിനെ ആശ്വസിപ്പിക്കുന്നു. അനങ്ങാതിരുന്നാൽ അത് നീന്തിപ്പോകുമെന്നു പറയുന്നതും വിഡിയോയിൽ കാണാം.
നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. പാമ്പിനെ കണ്ടിട്ടും പേടിച്ചോടാതെ അവിടെ തന്നെ നിന്ന വധുവിനെയും വരനെയും അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. വരൻ അവൾക്ക് ധൈര്യം പകർന്നത് നന്നായി, പേടിക്കാതിരുന്നതു കൊണ്ടാണ് പാമ്പിൽ നിന്ന് രക്ഷപ്പെട്ടത്, പേടിക്കണ്ട, പാമ്പ് ഫോട്ടോഷൂട്ട് കാണാൻ വന്നതാണ് എന്നെല്ലാം കമന്റുകളുണ്ട്.