പ്രണയപ്പിടിവാശി ജയിച്ചു; ഇനി ‘മരണത്തിൽനിന്ന് ഉയിർത്തെണീറ്റവനൊ’പ്പം മാർത്ത രാജകുമാരി
Mail This Article
ഓസ്‌ലോ ∙ കുതിരയോട്ടത്തിലെന്ന പോലെ പ്രണയവിപ്ലവത്തിലും നോർവേ രാജകുമാരിക്ക് വിജയകിരീടം. നോർവേയിലെ ഹാരൾഡ് അഞ്ചാമൻ രാജാവിന്റെ മൂത്തമകളായ മാർത്തയും ഹോളിവുഡിന്റെ ആത്മീയ ഗുരുവായി പേരെടുത്ത യുഎസ് വിവാദപുരുഷൻ ഡ്യുറക് വെറെറ്റും തമ്മിലുള്ള വിവാഹത്തിന്റെ ആഘോഷമാണിപ്പോൾ. പ്രണയക്കൊടുങ്കാറ്റും വിവാദങ്ങളും നിറഞ്ഞ സുദീർഘവർഷങ്ങൾക്കൊടുവിലാണ് 3 ദിവസം നീളുന്ന ആഘോഷപരിപാടികളോടെ രാജകീയമായ വിവാഹം.
മരണത്തിൽനിന്ന് ഉയിർത്തെണീറ്റവൻ എന്നു സ്വയം വിളിക്കുന്ന വെറെറ്റ് (49) തട്ടിപ്പുകാരനായ മുറിവൈദ്യനാണെന്നാണ് വിമർശകർ പറയുന്നത്. ഇദ്ദേഹം പിന്തുടരുന്ന ആഭിചാരക്രിയകളും അർബുദം സംബന്ധിച്ച വിവാദവിശ്വാസങ്ങളുമെല്ലാം നോർവേയിലെ രാജകുടുംബത്തിലും പൊതുസമൂഹത്തിലും അസ്വസ്ഥത സൃഷ്ടിച്ചു.
‘ഡ്യുറക് വെറെറ്റിന്റെ കാമുകി പദവി കറുത്തവർഗക്കാരോട് അറിഞ്ഞോ അറിയാതെയോ ഞാൻ ചെയ്ത തെറ്റുകളെ കുറിച്ചും വെളുത്തവർഗക്കാരുടെ ആധിപത്യത്തെ കുറിച്ചും മനസ്സിലാക്കുന്നതിനുമുള്ള ഒരു ക്രാഷ്കോഴ്സായിരുന്നു. യഥാർഥത്തിൽ വംശീയത എന്താണെന്നതിനെ സംബന്ധിച്ച് ഞാൻ ഗൗരവകരമായി ചിന്തിച്ചിരുന്നില്ല. കാരണം അത് എനിക്കു സൗകര്യപ്രദമായിരുന്നു. അതിൽ ഞാൻ അഭിമാനിക്കുന്നില്ല. ഈ വ്യവസ്ഥിതിയിൽ ആഴത്തിൽ വേരൂന്നിയ വർണ വിവേചനത്തെ കുറിച്ച് ഇപ്പോൾ ഞാൻ കൂടുതൽ മനസ്സിലാക്കുന്നു. വിദ്യാസമ്പന്നയായ വെളുത്തവർഗക്കാരി എന്ന നിലയിൽ വംശീയതയ്ക്കെതിരെ ശക്തമായ നിലപാടെടുക്കേണ്ടത് അനിവാര്യമാണ്. പരസ്യമായുള്ള മാറ്റിനിർത്തലുകളോ, കറുത്തവർഗക്കാർ അക്രമിക്കപ്പെടുന്നതോ മാത്രമല്ല വർണവിവേചനം. ഡ്യുറക്കിനെ അടുത്തറിയാവുന്നവരുടെ പോലും മനോഭാവം ഇതിൽപ്പെടുന്നു. അവൻ എല്ലാ കാര്യത്തിലും കള്ളം പറയുമെന്ന് എങ്ങനെയാണ് സുഹൃത്തുക്കൾ വിലയിരുത്തുന്നത്? ഞങ്ങളുടെ ബന്ധത്തിലൂടെ ഡ്യുറെക് എന്നെ ചൂഷണം ചെയ്യുമെന്ന് എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നവർ അനുമാനിക്കുന്നത്. മാധ്യമങ്ങൾ അദ്ദേഹത്തെ നുണയനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. വസ്തുതകൾ എന്താണെന്നു മനസ്സിലാക്കാതെ അദ്ദേഹത്തിന്റെ മുൻപങ്കാളിയെ കുറിച്ചുള്ള കഥകൾ പ്രചരിപ്പിക്കുന്നു. അതെല്ലാം തന്നെ വർണവിവേചനത്തിന്റെ ഭാഗമാണ്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ ഞങ്ങൾ വധഭീഷണി നേരിടുന്നുണ്ട്. അതാണ് വംശീയത.’– എന്നായിരുന്നു ഡ്യുറക് വെറെറ്റുമായുള്ള പ്രണയത്തെ കുറിച്ച് മാർത്ത ഒരിക്കൽ പറഞ്ഞത്.
എന്തുവന്നാലും പിന്തിരിയില്ലെന്നു പറഞ്ഞ് അനുരാഗത്തിന്റെ മാന്ത്രികവിസ്മയം കൈവിടാതെ വാശിയോടെ നിലകൊണ്ട മാർത്ത രാജകുമാരി (52) അങ്ങനെ വാർത്തകളിലും നിറഞ്ഞു.
മാർത്ത കുതിരയോട്ടത്തിലും രാജകുമാരിയാണ്. കുതിരയോട്ട മത്സരങ്ങളിൽ കിരീടം ചൂടി മികച്ചൊരു കരിയർ കെട്ടിപ്പടുത്തിരുന്നു. പിന്നീട് ആത്മീയവഴിയായി അശ്വമേധം. 2022ൽ ആയിരുന്നു വിവാഹനിശ്ചയം.