മുഖവും മുടിയും തിളങ്ങും; ഇതാണ് അംബാനികുടുംബത്തിലെ ഇളയമരുമകളുടെ ലളിതമായ സൗന്ദര്യ സംരക്ഷണം!
Mail This Article
നിങ്ങളെ അതിശയിപ്പിച്ച ഒരു വിവാഹം ഏതാണെന്ന് ചോദിച്ചാൽ കണ്ണും പൂട്ടി മിക്കവരും പറയുന്ന ഉത്തരമായിരിക്കും അംബാനിക്കല്യാണം. മാസങ്ങൾ നീണ്ട വിവാഹാഘോഷവും കോടികൾ ചെലവിട്ട ചടങ്ങുകളുമൊക്കെയായി ആഗോളതലത്തിൽ തന്നെ ഈ വിവാഹം ചർച്ചയായി. അതിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത് മരുമകൾ രാധിക മെർച്ചന്റ് തന്നെ ആയിരുന്നു. രാധികയുടെ സൗന്ദര്യം ആരെയും ആകർഷിക്കുന്നതാണ്. കൃത്യമായ സൗന്ദര്യ സംരക്ഷണ ദിനചര്യകൾ രാധികയ്ക്ക് ഉണ്ട്.
താഴേത്തട്ടിൽ നിന്നുള്ള സംരക്ഷണം
രാധികയുടെ കാഴ്ചപ്പാടിൽ സൗന്ദര്യ സംരക്ഷണം തുടങ്ങേണ്ടത് അടിസ്ഥാനപരമായിട്ടുള്ള ക്ലൻസിങ്, ടോണിങ്, മോയ്സ്ചറൈസിങ് ടെക്നിക്കിലൂടെയാണ്. ജീവിതത്തിൽ എന്തൊക്കെ മറന്നാലും ഇത് മാത്രം രാധിക മറക്കാറില്ല.
ഭക്ഷണക്രമം
രാധികയുടെ തിളങ്ങുന്ന ചർമത്തിനും സിൽക്കി ഹെയറിനുമുള്ള ക്രെഡിറ്റ് അവരുടെ ഭക്ഷണക്രമത്തിന് തന്നെയാണ്. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമത്തിന് ആവശ്യമായ പോഷണം നൽകുന്നു. ഇത് സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ്.
ധാരാളം വെള്ളം കുടിക്കുക
ദിവസവും ധാരാളം വെള്ളം കുടിക്കുന്ന ആളാണ് രാധിക. അതിന് പ്രത്യേക കണക്കും താരത്തിന്റെ പക്കലുണ്ട്. ഇത് കാരണം ചർമത്തിന്റെ ഇലാസ്തികത നിലനിർത്തുകയും വരൾച്ച ഒഴിവാക്കുകയും ചെയ്യുന്നു. ഇത് രാധിക മാത്രമല്ല നിങ്ങളും പിന്തുടരേണ്ട ഒരു കാര്യം തന്നെയാണ്. ധാരാളം വെള്ളം കുടിക്കുന്നത് ചർമത്തിനും മുടിക്കും എല്ലാം നല്ലതാണ്.
വ്യായാമം
രാധിക ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നത് ശരീരത്തിന് വേണ്ടി മാത്രമല്ല ചർമത്തിന്റെ ആരോഗ്യത്തിനു കൂടിയാണ്. കാർഡിയോ, യോഗ, സ്ട്രെങ്ത് ട്രെയിനിങ് എന്നിവയുടെ മിശ്രിതമാണ് രാധികയുടെ വ്യായാമം. ഇത് രക്തചംക്രമണം വർധിപ്പിക്കുകയും ആരോഗ്യകരമായ ചർമം ലഭിക്കുകയും ചെയ്യുന്നു.
മുടിയുടെ സംരക്ഷണം
വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം ഓയിൽ പോലുള്ള പ്രകൃതിദത്ത എണ്ണകൾ ഉപയോഗിച്ച് ഇടയ്ക്കിടെയുള്ള ഓയിൽ മസാജുകൾ രാധിക ചെയ്യാറുണ്ട്. ഇത് മുടിക്ക് നല്ല ബലം നൽകുകയും കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും. ആരോഗ്യമുള്ള മുടി ആരോഗ്യമുള്ള ജീവിത ശൈലിയെ പ്രതിനിധീകരിക്കുന്നു എന്നാണ് രാധിക പറയുന്നത്.
കൃത്യമായ ഉറക്കം
ആരോഗ്യമുള്ള ശരീരത്തിനും ചർമത്തിനും ആദ്യം വേണ്ടത് കൃത്യമായ ഉറക്കമാണ്. അതുകൊണ്ട് തന്നെ തന്റെ ബ്യൂട്ടി സ്ലീപ് കൃത്യമായിരിക്കാൻ രാധിക എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഉറക്കം ശരിയായില്ലെങ്കിൽ അത് ഡാർക്ക് സർക്കിളുകൾ ഉണ്ടാക്കാനും, ക്ഷീണം കാരണം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാവുന്നു. അതുകൊണ്ട് സൗന്ദര്യം നിലനിൽക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഉറക്കം ശരിയാക്കുക എന്നത് തന്നെയാണ്.