ADVERTISEMENT

പ്രക്ഷുബ്ധമാണ് ഉത്തര–ദക്ഷിണ കൊറിയകൾ തമ്മിലുള്ള ബന്ധം. ഇപ്പോഴിതാ ഉത്തരകൊറിയ നല്ല ഒരു പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്. 260 ബലൂണുകളിലായി വിസർജ്യവും മാലിന്യങ്ങളും ദക്ഷിണ കൊറിയയിലേക്ക് പറത്തിവിട്ടു. ഇതിൽ പലതും അവിടെ പൊട്ടിവീണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ദക്ഷിണ കൊറിയയിൽ നിന്നുള്ള സാമൂഹിക സംഘടനകളും മറ്റും കിം ജോങ്ങിനെ വിമർശിച്ച ലഘുലേഖകളുമായി ബലൂണുകൾ ഉത്തര കൊറിയയിലേക്ക് വിടാറുണ്ട്. ഇതിന്റെ പ്രതികാരമാണ് ഉത്തര കൊറിയയുടെ നീക്കം.

1945ലാണ് കൊറിയൻ കരയെ യുഎസിന്റെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തിൽ ദക്ഷിണ, ഉത്തര കൊറിയകളായി വിഭജിച്ചത്. ശീതയുദ്ധകാലത്തിന്റെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായിരുന്നു ആ വിഭജനം.  ഇതെത്തുടർന്ന് കൊറിയൻ പ്രതിസന്ധി ഉടലെടുക്കുകയും ഇതു 1950 മുതൽ 53 വരെ നീണ്ടു നിന്ന പ്രശസ്തമായ കൊറിയൻ യുദ്ധത്തിലേക്കു നയിക്കുകയും ചെയ്തു. ലക്ഷക്കണക്കിനു പേരാണ് അന്ന് ഇരുകൊറിയകളിലുമായി കൊല്ലപ്പെട്ടത്. പിന്നീടും ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ടെങ്കിലും യുദ്ധങ്ങളിലേക്കു നയിച്ചില്ല.

ആണവ ആയുധങ്ങൾ ഉത്തര കൊറിയയ്ക്കുള്ളത് ചെറിയ മേൽക്കൈ അവർക്കു നൽകുന്നു. 30 മുതൽ 40 വരെ ആണവ പോർമുനകൾ അവർക്കുണ്ടെന്നാണു കരുതപ്പെടുന്നത്. ദക്ഷിണ കൊറിയയ്ക്ക് ആണവായുധമില്ല. എങ്കിലും പുതിയ സാഹചര്യങ്ങളിൽ അവരും ആണവായുധ വികസനം തുടങ്ങുമോയെന്ന സംശയം നിലനിൽക്കുന്നു.

ഉത്തര കൊറിയയിൽ നിന്നുള്ള മിസൈൽ ഭീഷണി നേരിടാൻ പ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള പദ്ധതി ദക്ഷിണ കൊറിയ നടപ്പാക്കുന്നുണ്ട്. 260 കോടി യുഎസ് ഡോളർ (ഏകദേശം 19,240 കോടി രൂപ) മുതൽമുടക്കിലാണു പദ്ധതി. 2035 ൽ പദ്ധതി പൂർത്തീകരിക്കാനാണ് ദക്ഷിണ കൊറിയയുടെ ലക്ഷ്യം.38 പാരലൽ എന്നറിയപ്പെടുന്ന അതിർത്തിയാണ് ഇരു കൊറിയകളെയും വിഭജിക്കുന്നത്. 1953ൽ കൊറിയൻ യുദ്ധം തീർന്ന ശേഷം ലോകശക്തികളുടെ നിർദേശത്തിൽ ഇവിടെ വന്ന വെടിനിർത്തൽ കരാർ ഇന്നും പാലിക്കപ്പെടുന്നുണ്ട്. എന്നാൽ അതിർത്തി വലിയ സമ്മർദത്തിലാണു നിലനിൽക്കുന്നത്. ഏതു നിമിഷവും ആക്രമണമുണ്ടാകാമെന്ന ഭീതിയിൽ.

balloons1 - 1
Image Credit: Canva

അതിർത്തി രേഖയ്ക്ക് വടക്ക് ഉത്തരകൊറിയ ആയിരത്തിലധികം റോക്കറ്റ് ലോഞ്ചറുകൾ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ തലസ്ഥാനനഗരിയും രാജ്യത്തിന്റെ ഹൃദയവുമായ സോളിനെ ലക്ഷ്യം വച്ചാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നാണു പ്രതിരോധ വിദഗ്ധർ പറയുന്നത്.ഇതോടൊപ്പം തന്നെ മേഖലയിലെ മറ്റു സൈനിക ശക്തികളായ ചൈന, ജപ്പാൻ, റഷ്യ എന്നിവരോടും ഒരു സൂക്ഷ്മത ദക്ഷിണ കൊറിയ പുലർത്തുന്നുണ്ട്. 

2010ൽ ഇരുകൊറിയകളുടെയും അതിർക്കു സമീപമുള്ള ദക്ഷിണ കൊറിയൻ ദ്വീപായ യോൻപിയോങ്ങിൽ ഉത്തരകൊറിയ ഷെല്ലിങ് നടത്തി  4 പേരെ കൊലപ്പെടുത്തിയിരുന്നു.തുടർന്ന് ഉത്തരകൊറിയയുടെ ആർട്ടിലറി ശക്തിയെ ചെറുക്കാനുള്ള സംവിധാനം വികസിപ്പിക്കണമെന്നത് ദക്ഷിണ കൊറിയയുടെ പ്രധാന ചിന്തയായി മാറി. ഈ ലക്ഷ്യം മുൻ നിർത്തി 100 കിലോമീറ്റർ പരിധിയുള്ള കെടിഎസ്എസ്എം എന്ന മിസൈൽ ദക്ഷിണ കൊറിയ വികസിപ്പിച്ചിരുന്നു. എന്നാൽ ഇവയുടെ പ്രഹരശേഷിയും വേഗവും കുറവാണ്. ഇവ ആർട്ടിലറി സംവിധാനത്തെ ആക്രമിക്കുന്ന സമയം കൊണ്ട് ഉത്തരകൊറിയയ്ക്ക് ദക്ഷിണ കൊറിയയിലെ തന്ത്രപ്രധാനമേഖലകളിൽ പ്രഹരം നടത്താൻ സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com