ADVERTISEMENT

ഇന്ത്യയുടെ സമുദ്ര നിരീക്ഷണം കൂടുതല്‍ മികവാര്‍ന്നതാക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച തപസ് എംഎഎല്‍ഇ(മീഡിയം ആറ്റിറ്റിയൂഡ് ലോങ് എന്‍ഡ്യുറന്‍സ്) യുഎവി എത്തുന്നു. അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളായ(യുഎവി) തപസിന്റെ നാലെണ്ണം ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കാനാണ് നാവികസേനയുടെ തീരുമാനം. എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് വികസിപ്പിച്ചെടുത്ത തപസ് നിര്‍മിച്ചത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്എഎല്‍) ആണ്.

സമുദ്ര നിരീക്ഷണത്തിനായുള്ള പ്രത്യേക ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള തപസാവും നാവികസേനയുടെ ഭാഗമാവുക. പ്രത്യേകം സെന്‍സറുകളും ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകളും സമുദ്ര നിരീക്ഷണത്തിനെത്തുന്ന തപസില്‍ ഉണ്ടാവും. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ വിശാലമായ മേഖലകളില്‍ നിരീക്ഷണം നടത്തുകയാണ് തപസിന്റെ ലക്ഷ്യം. സമുദ്ര ഉപരിതലത്തിലും സമുദ്രത്തിന് അടിയിലും തപസ് വിശദമായ നിരീക്ഷണം നടത്തും.

തപസിനായി പ്രതിരോധ ഗവേഷണ കേന്ദ്രം- ഡിആര്‍ഡിഒ പ്രത്യേകം നേവല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുണ്ട്. ആക്ടീവ് ഇലക്ട്രോണിക് സ്‌കാന്‍ഡ് അറേ(എഇഎസ്എ) റഡാറും മറ്റ് ആധുനിക സംവിധാനങ്ങളും ഇതിന്റെ ഭാഗമായി തപസിന് ലഭിക്കും. ഇതോടെ ഇന്ത്യന്‍ നാവിക സേനയുടെ സമുദ്ര നിരീക്ഷണം കൂടുതല്‍ വിപുലവും കൃത്യവുമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ വര്‍ഷം അവസാനത്തോടെ കരാറില്‍ അന്തിമ തീരുമാനമായാല്‍ 2026 തുടക്കം തന്നെ തപസ് യുഎവികള്‍ ഇന്ത്യന്‍ നാവിക സേന ഉപയോഗിച്ചു തുടങ്ങുമെന്നാണ് ലഭ്യമായ വിവരം. കരാറില്‍ പറയുന്ന തപസ് യുഎവികള്‍ പൂര്‍ണമായും ലഭ്യമാവാന്‍ 2027 അവസാനം വരെ കാത്തിരിക്കേണ്ടി വരും. തന്ത്രപ്രധാനമായ ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപ സമൂഹങ്ങളിലെ നാവിക സേനാ താവളത്തിലായിരിക്കും തപസിനെ വിന്യസിക്കുക. തപസ് പദ്ധതി ഉപേക്ഷിച്ചതായി റിപ്പോർട്ടുകള്‍ വന്നിരുന്നെങ്കിലും അത് ശരിയല്ലെന്നാണ് പുതിയ വിവരം.

Image Credit:  DRDO
Image Credit: DRDO

തപസ്

2016 രുസ്തം II എന്നറിയപ്പെട്ടിരുന്ന ആളില്ലാ വിമാനമാണ് തപസ്. തപസിന് സ്വയം നിയന്ത്രിക്കാനും വിദൂര നിയന്ത്രണ സംവിധാനങ്ങളുപയോഗിച്ച് ഭൂമിയില്‍ നിന്നും തപസിനെ നിയന്ത്രിക്കാനും സാധിക്കും. പത്ത് തപസ് ഡ്രോണുകള്‍ വാങ്ങാന്‍ വ്യോമസേന കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതില്‍ നാലെണ്ണമാണ് നാവിക സേനക്ക് ലഭിക്കുക.

30,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കുന്ന തപസിന് 24 മണിക്കൂര്‍ നിര്‍ത്താതെ പറക്കാനുമാവും. പരമാവധി 350 കിലോഗ്രാം ഭാരം 250 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് എത്തിക്കാനും തപസിനെ ഉപയോഗിക്കാം. 20.6 മീറ്ററാണ് ചിറകുകളുടെ ആകെ നീളം. പരമാവധി വേഗത മണിക്കൂറില്‍ 225 കിമി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com