ടിഎൻടിയുടെ ഇരട്ടി ശക്തി,100 ശതമാനം തദ്ദേശീയം; ഇന്ത്യയുടെ ഏറ്റവും ശക്തവും മാരകവുമായ സ്ഫോടക വസ്തു
Mail This Article
യുദ്ധസാമഗ്രികളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സുപ്രധാന നീക്കങ്ങളില്‍, ഇന്ത്യൻ നാവികസേന തദ്ദേശീയമായി വികസിപ്പിച്ച സ്ഫോടകവസ്തു ശ്രദ്ധേയമാകുന്നു.സാധാരണ ട്രൈ നൈട്രോടൊളുവിൻ(ടിഎൻടി) സ്ഫോടകവസ്തുവിന്റെ ഇരട്ടി ശേഷിയുള്ള സെബെക്സ് 2 എന്ന സ്ഫോടകവസ്തുവിനാണ് ഇന്ത്യൻ നാവികസേന കഴിഞ്ഞദിവസം അംഗീകാരം നൽകിയത്. അതീവ പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കളുടെ ഗണത്തിൽപെടുന്നതാണ് സെബെക്സ് 2.
സ്വകാര്യ കമ്പനിയാണ് ഇതു വികസിപ്പിച്ചത്.നാഗ്പുർ ആസ്ഥാനമായ സോളർ ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ ഇക്കണോമിക് എക്സ്പ്ലോസീവ്സ് ആണ് സ്ഫോടകവസ്തുവിന്റെ നിർമാതാക്കള്‍. സേനയുടെ ആർട്ടിലറി ഷെല്ലുകൾ, പോർമുനകൾ തുടങ്ങിയവയുടെ പ്രഹരശേഷി കൂടുതൽ മൂർച്ചപ്പെടുത്താൻ സെബെക്സ് 2വിന് കഴിയും.
അധികം ഭാരം ബോംബിനു നൽകാതെയാണ് ഈ ശേഷികൂട്ടൽ. നാവികസേനയുടെ ഡിഫൻസ് എക്സ്പോർട്ട് പ്രമോഷൻ സ്കീമിനു കീഴിൽ ഈ പുതിയ സ്ഫോടകവസ്തുവിന്റെ സമഗ്രമായ ശേഷി പരിശോധന നടന്നിരുന്നു. മൊത്തം 3 തരത്തിലുള്ള ഫോർമുലകളിലുള്ള രാസവസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്.
നിലവിൽ ഉപയോഗിക്കപ്പെടുന്ന ഖര സ്ഫോടകവസ്തുക്കളിൽ ഏതിനെക്കാളും സ്ഫോടനവീര്യം സെബെക്സ് 2ന് ഉണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. നിലവിൽ പോർമുനകളിലും വ്യോമബോംബുകളിലുമൊക്കെ ഉപയോഗിക്കുന്ന ഡെന്റക്സ്/ ടോർപെക്സ് തുടങ്ങിയ പരമ്പരാഗത സ്ഫോടകവസ്തുക്കൾക്ക് ടിഎൻടിയുടെ 1.25–1.30 ശേഷിയാണ് ഉള്ളത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിലാണ് സെബെക്സ് 2 വികസിപ്പിച്ചെടുത്തത്. കൂടുതൽ പ്രഹരശേഷിയുള്ള മറ്റൊരു വകഭേദമുണ്ടാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.