ADVERTISEMENT

ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളില്‍ പരിശീലനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇനേര്‍ട്ട് പ്രാക്ടീസ് ബോംബ് വീണത് വലിയ തോതില്‍ പരിഭ്രാന്തി പരത്തി. രാജസ്ഥാനിലെ രാത്തോറ ഗ്രാമത്തില്‍ ഇനേര്‍ട്ട് പ്രാക്ടീസ് ബോംബ് വീണ് എട്ട് അടിയിലേറെ ആഴമുള്ള കുഴി രൂപപ്പെട്ടു.  തരംഗ് ശക്തി വ്യോമാഭ്യാസത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ കഴിഞ്ഞ ബുധനാഴ്ചയാണിത് സംഭവിച്ചത്. സാങ്കേതികപിഴവാണ് ഈ സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 

∙ എന്താണ് ഇനേര്‍ട്ട് എയര്‍ പ്രാക്ടീസ് സ്റ്റോര്‍?

പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിന് സൈന്യം ഉപയോഗിക്കുന്ന സംവിധാനമാണ് ഇനേര്‍ട്ട് എയര്‍ പ്രാക്ടീസ് സ്‌റ്റോര്‍. യഥാര്‍ഥ ബോംബുകളുടെ രൂപത്തിലുള്ളക്ക് പകരം ഉപയോഗിക്കുന്ന ഡമ്മി ബോംബുകളാണ് ഇനേര്‍ട്ട് എയര്‍ പ്രാക്ടീസ് സ്റ്റോര്‍. യഥാര്‍ഥ ബോംബുകളും മിസൈലുകളും ഉപയോഗിക്കാതെ തന്നെ യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇതു സഹായിക്കും. യാതൊരു വിധത്തിലുള്ള സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കാതെയാണ് ഇവ നിര്‍മിക്കുക. 

∙ പ്രതികരണങ്ങള്‍

സംഭവത്തിന് പിന്നാലെ വ്യോമസേന പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അപകടം സ്ഥിരീകരിച്ച വ്യോമസേന അപകടം നടന്നത് ജനവാസ കേന്ദ്രത്തിലല്ലെന്നും ആരുടേയും ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും അറിയിച്ചു. പൊഖ്‌റാന്‍ ഫയിറിങ് റേഞ്ചിന് സമീപത്തു വെച്ചാണ് സാങ്കേതിക തകരാര്‍ മൂലം ഈ അപകടം സംഭവിച്ചത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സാങ്കേതികപിഴവിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുമെന്നും വ്യക്തമാക്കി. 

പോര്‍വിമാനം താഴ്ന്ന് പറക്കുന്നതും പിന്നാലെ വലിയ സ്‌ഫോടന ശബ്ദവും കേട്ടുവെന്ന് റാത്തോറെ ഗ്രാമവാസിയായ കീവ് സിങ് പറഞ്ഞു. ശബ്ദം കേട്ട് ഓടി കൂടിയപ്പോള്‍ എട്ട് അടിയോളം താഴ്ച്ചയുള്ള ഒരു കുഴിയാണ് കണ്ടതെന്നും ബോംബെന്ന് തോന്നിക്കുന്ന വസ്തുവിനെ ഈ കുഴിയില്‍ നിന്നും കണ്ടെത്തിയെന്നും നാട്ടുകാര്‍ വിശദീകരിക്കുന്നു. ഏകദേശം 15 അടിയോളം വ്യാസമുള്ള കുഴിയാണ് ഇവിടെയുണ്ടായതെന്നും നാട്ടുകാരിയായ ജ്യോതി സിന്‍ഹ പറയുന്നു. 

∙ പാകിസ്ഥാനിലേക്കു പറന്ന ബ്രഹ്‌മോസ്!

സാങ്കേതിക തകരാറു മൂലം ഡമ്മി ബോംബ് വീണു പോവുന്ന സംഭവം നേരത്തെയുമുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ സംഭവം 2022 മാര്‍ച്ച് ഒൻപതിനായിരുന്നു. പാകിസ്താനിലേക്ക് ഇന്ത്യന്‍ വ്യോമസേന പോര്‍വിമാനത്തില്‍ നിന്നും ബ്രഹ്‌മോസ് മിസൈല്‍ അയക്കുകയെന്ന വളരെ വലിയ പിഴവാണ് അന്നുണ്ടായത്. മിസൈലില്‍ സ്‌ഫോടകവസ്തുക്കളില്ലായിരുന്നുവെന്നതും സംഭവത്തില്‍ ആളപായമോ മറ്റോ ഉണ്ടായില്ലെന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധമായി ഇത് മാറുന്നത് ഒരുപരിധി വരെ സഹായിച്ചു. മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെയാണ് ഇന്ത്യ അന്വേഷണത്തെ തുടര്‍ന്ന് പിരിച്ചുവിട്ടത്. 

തേജസ് പോര്‍വിമാനം ജയ്‌സാല്‍മീറില്‍ തകര്‍ന്നു വീണതും സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു. 2024 മാര്‍ച്ചിലായിരുന്നു തേജസ് പോര്‍വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തകര്‍ന്നു വീണത്. പൈലറ്റ് പുറത്തേക്കു തെറിച്ച് പാരച്യൂട്ട് വഴി ജീവന്‍ സുരക്ഷിതമാക്കി. എങ്കിലും ഇത്തരം വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ത്താന്‍ ഈ സംഭവം കാരണമായി. ഇപ്പോഴുണ്ടായ സംഭവത്തെ തുടര്‍ന്ന് നടത്തുന്ന അന്വേഷണം ഭാവി പരിശീലന നടപടിക്രമങ്ങളേയും സുരക്ഷാ നടപടികളേയും സ്വാധീനിക്കാനും സാധ്യതയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com