സാം മനേക് ഷായുടെ ബൈക്കിന്റെ ആയിരം രൂപ വീട്ടാത്ത പാക് പ്രസിഡന്‌റ് യാഹ്യാ ഖാൻ; ഒടുവിൽ രാജ്യത്തിന്‌റെ പാതി
Mail This Article
സ്വാതന്ത്ര്യത്തിനും വിഭജനത്തിനും മുൻപ് ബ്രിട്ടിഷ് ഇന്ത്യൻ സേനയിൽ ഓഫിസർമാരായിരുന്നു സാം മനേക് ഷായും ആഗാ മുഹമ്മദ് യാഹ്യാ ഖാനും. ബ്രിട്ടിഷ് ഫീൽഡ് മാർഷൽ സർ ക്ലോഡ് ഔച്ചിൻലെക്കിന്‌റെ സ്റ്റാഫിലായിരുന്നു ഇരുവരും പ്രവർത്തിച്ചത്. നല്ലപരിചയമുണ്ടായിരുന്നു ഇരുവരും തമ്മിൽ. അക്കാലത്ത് മനേക് ഷായ്ക്ക് ചുവന്ന നിറത്തിൽ ഒരു മോട്ടർ സൈക്കിളുണ്ടായിരുന്നു. ബ്രിട്ടിഷ് ടൂവീലർ കമ്പനിയായ ജെയിംസ് സൈക്കിൾ ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന മോട്ടർ സൈക്കിളാണ് ഇത്.
യാഹ്യാ ഖാന് ഈ മോട്ടർ സൈക്കിളിൽ നോട്ടമുണ്ടായിരുന്നു. മനേക് ഷാ ഇതു വിൽക്കുന്നെന്നറിഞ്ഞ് ഒരിക്കൽ യാഹ്യ ഇതു വാങ്ങാൻ താൽപര്യപ്പെടുകയും 1000 രൂപ വിലപറയുകയും ചെയ്തു.
വിൽപന നടന്നു. താമസിയാതെ ഇന്ത്യൻ വിഭജനം സംഭവിച്ചു. യാഹ്യാ ഖാൻ പാക്കിസ്ഥാനിലേക്കു പോയി. തുക മണിയോർഡറായി അയച്ചുതരാമെന്ന് മനേക് ഷായോട് പറഞ്ഞിട്ടാണു പോയത്. പക്ഷേ ആ മണിയോർഡർ ഒരിക്കലും മനേക് ഷായെ തേടി വന്നില്ല.പിന്നീട് യാഹ്യാഖാൻ പാക്ക് മിലിട്ടറിയിൽ ഉദ്യോഗസ്ഥനാകുകയും അതിന്‌റെ സൈന്യാധിപനാകുകയും ചെയ്തു. മിലിറ്ററി അട്ടിമറിയിലൂടെ പാക്കിസ്ഥാന്‌റെ പ്രസിഡന്‌റ് സ്ഥാനവും യാഹ്യായ്ക്കു ലഭിച്ചു. യാഹ്യ പ്രസിഡന്‌റായിരിക്കുന്ന സമയത്താണ് 1971ലെ യുദ്ധം നടക്കുന്നത്. അപ്പോൾ ഇന്ത്യയുടെ കരസേനയുടെ അധിപൻ മനേക് ഷായും.
യുദ്ധം ഇന്ത്യ വിജയിച്ചു. ബംഗ്ലദേശ് എന്ന രാജ്യം രൂപീകൃതമായി. ഇതെപ്പറ്റി മനേക് ഷാ തമാശ കലർത്തി ഇങ്ങനെ പറഞ്ഞു- എന്‌റെ മോട്ടർ സൈക്കിൾ വാങ്ങിക്കൊണ്ട് പോയിട്ട് പണം തരാൻ യാഹ്യ തയാറായില്ല. പക്ഷേ ഇപ്പോൾ തന്‌റെ രാജ്യത്തിന്‌റെ പകുതി തന്നു യാഹ്യ കടം വീട്ടിയിരിക്കുന്നു.സൈനിക വൈദഗ്ധ്യവും നർമബോധവും കൊണ്ട് പ്രശസ്തനായ സാം മനേക് ഷാ 1914 ഏപ്രിലിൽ പഞ്ചാബിലെ അമൃത്സറിൽ ഒരു പാർസി കുടുംബത്തിലാണു ജനിച്ചത്. 2008ൽ തമിഴ്‌നാട്ടിലെ വെല്ലിങ്ടനിൽ വച്ച് അദ്ദേഹം അന്തരിച്ചു. ഇന്ത്യൻ സേനയിൽ ഫീൽഡ് മാർഷൽ പദവി ലഭിച്ച രണ്ടുപേരിൽ ഒരാൾ മനേക് ഷായാണ്. സാം ബഹാദൂർ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
പാക്കിസ്ഥാനുമായുള്ള 1971 വെറും 13 ദിവസം മാത്രം നീണ്ടു നിന്നതാണ്. ഈ യുദ്ധം ലോകയുദ്ധചരിത്രത്തിൽ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. തികഞ്ഞ യുദ്ധവിജയം ഇന്ത്യയ്ക്കു നൽകുന്നതിൽ ഫീൽഡ് മാർഷൽ സാം മനേക് ഷാ പ്രധാന പങ്കുവഹിച്ചു. ക്രാന്തദർശിയായ ഈ യുദ്ധതന്ത്രജ്ഞന്‌റെ ബുദ്ധിയും കണക്കുകൂട്ടലുകളും വീരോചിതമായ വിജയം ഇന്ത്യയ്ക്കു സമ്മാനിക്കുന്നതിൽ നിർണായക സംഭാവനകൾ നൽകി.