താലിബാനെതിരെ പോർമുഖം അടയ്ക്കാതെ അഹമ്മദ് മസൂദ്: പഞ്ച്ശീറിലെ സിംഹപുത്രൻ
Mail This Article
വാഷിങ്ടനിലേക്ക് അഫ്ഗാനിസ്ഥാൻ സംബന്ധിച്ച ചർച്ചയ്ക്കായി നാഷനൽ റെസിസ്റ്റൻസ് ഫ്രന്റ് നേതാവ് അഹമ്മദ് മസൂദിനെ ക്ഷണിക്കുമെന്ന് യുഎസ് കോൺഗ്രസ് അംഗം ടിം ബർഷറ്റ് അറിയിച്ചു. കടുത്ത ട്രംപ് പക്ഷക്കാരനായ ബർഷറ്റ് ഈ ചർച്ചയ്ക്ക് താലിബാൻ വിരുദ്ധ ശക്തികളുടെയെല്ലാം നേതാക്കളെ ക്ഷണിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ 3 വർഷം പിന്നിട്ട താലിബാൻ ഭരണം ഇന്ന് പല എതിരാളികളിൽ നിന്നും ശക്തമായ സമ്മർദ്ദം ഏറ്റുവാങ്ങുന്നുണ്ട്.നാഷനൽ റെസിസ്റ്റൻസ് ഫ്രന്റിന്റെ നിയന്ത്രണം ഏറ്റെടുത്ത് മധ്യേഷ്യയിലെ ഏതോ അജ്ഞാത കേന്ദ്രത്തിലാണു അഹമ്മദ് മസൂദ്. പഞ്ച്ശീർ സിംഹം എന്നറിയപ്പെടുന്ന അഹമ്മദ് ഷാ മസൂദിന്റെ പുത്രനാണ് അദ്ദേഹം.
അഫ്ഗാനിസ്ഫാന്റെ വടക്കുകിഴക്കൻ മേഖലയിലാണ് പഞ്ച്ശീർ സ്ഥിതി ചെയ്യുന്നത്. അഞ്ച് സിംഹങ്ങളുടെ നാട് എന്നാണ് ഈ താഴ്‌വരയുടെ പേരിന് അർഥം. തലസ്ഥാനനഗരമായ കാബൂളിൽ നിന്ന് 100 കിലോമീറ്ററോളം അകലെ ഹിന്ദുകുഷ് മലനിരകളുടെ അടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പഞ്ച്ശീർ എന്നു തന്നെ പേരുള്ള നദി ഈ താഴ്‌വരയിലൂടെ ഒഴുകുന്നു. പച്ചപ്പും പാടങ്ങളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു പ്രവിശ്യയാണ് ഇത്. പ്രവിശ്യയിൽ 7 ജില്ലകളും 512 ഗ്രാമങ്ങളുമുണ്ട്. 1,73,000 പേർ ഇവിടെ താമസിക്കുന്നു. ഇതിലധികവും താജിക് വംശജരാണ്. ചെറുപട്ടണമായ ബസാറക്കാണ് പ്രവിശ്യാതലസ്ഥാനം
അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിലും ലോകചരിത്രത്തിലും പഞ്ച്ശീർ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. എൺപതുകളിൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിൽ അധിനിവേശം നടത്തുകയും ബാബ്രക് കമാൽ എന്ന ഭരണാധികാരിയെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. എന്നാൽ എല്ലായിടത്തും ആധിപത്യമുണ്ടായിട്ടും പഞ്ച്ശീർ പിടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞില്ല. ഇതിനായി 1980 മുതൽ 85 വരെ നടത്തിയ യുദ്ധങ്ങൾ പഞ്ച്ശീർ ഒഫെൻസീവ് എന്ന പേരിൽ അറിയപ്പെടുന്നു. അഹമ്മദ് ഷാ മസൂദിന്റെ നേതൃത്വത്തിലുള്ള ഗറില്ലാ സേനയാണ് സോവിയറ്റുകളുമായി യുദ്ധത്തിലേർപ്പെട്ടത്. അന്ന് യുഎസിന്റെ പിന്തുണ ഈ ഗറില്ലകൾക്കുണ്ടായിരുന്നു.
1996 മുതൽ 2001 വരെ മസൂദും സംഘവും താലിബാനെതിരെയും അൽ ക്വയ്ദയ്ക്കെതിരെയും ശക്തമായ പ്രതിരോധം പഞ്ച്ശീറിലൊരുക്കി. അഫ്ഗാൻ രാഷ്ട്രീയത്തിലെ കരുത്തരായ ചില താലിബാൻ വിരുദ്ധ നേതാക്കളെ അണിനിരത്തി വടക്കൻ സഖ്യം (നോർതേൺ അലയൻസ് ) എന്നൊരു പ്രതിരോധമുന്നണിയും ഇവിടെ രൂപം കൊണ്ടു. എന്നാൽ താലിബാനും അൽഖ്വയ്ദയും ചേർന്നൊരുക്കിയ ഒരു കൊലപാതകശ്രമത്തിൽ 2001ൽ മസൂദ് കൊല്ലപ്പെട്ടു. താലിബാൻ കാബൂൾ പിടിച്ചടക്കി അഫ്ഗാനിൽ സർവാധിപത്യം പുലർത്താൻ ശ്രമിക്കുമ്പോഴും പിടികൊടുക്കാതെ പ്രതിരോധമുയർത്തി നിന്നിരുന്നു പഞ്ച്ശീർ. എന്നാൽ പിന്നീട് താലിബാൻ ഇതു പിടിച്ചെടുത്തു.
പുരാതനകാലങ്ങൾ മുതൽ തന്നെ പഞ്ച്ശീർ രത്നഖനനത്തിനു പേരുകേട്ടയിടമാണ്. ലോകത്തിലെ ഏറ്റവും വലിയ മരതകനിക്ഷേപങ്ങളിലൊന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വെള്ളിയുടെ നിക്ഷേപവും ഖനനവും ഇവിടെ സജീവമാണ്. ഒട്ടേറെ ജലവൈദ്യുത നിലയങ്ങളും ഡാമുകളും കാറ്റാടിപ്പാടങ്ങളുമൊക്കെ ഇവിടെ സ്ഥിതി ചെയ്യുന്നു.