ആപ്പിള്‍ ഇന്റജിലന്റ്സിനു 'അക്കിടി' പറ്റി, പരാതിയുമായി ബിബിസി; ഫോള്‍ഡബ്ള്‍ ഐപാഡ്, മാക്ബുക്ക് പ്രോ സ്‌ക്രീനിനെക്കാള്‍ വലിപ്പം?
Mail This Article
നിര്‍മിത ബുദ്ധി (എഐ) വികസിപ്പിക്കുന്ന കാര്യത്തില്‍ മറ്റു പല കമ്പനികളുടെയും പിന്നിലായി എന്ന ആരോപണം കേട്ട ആപ്പിള്‍ താമസിച്ചാണ് ഈ മേഖലയിലേക്ക് എത്തിയത്. ചുരുങ്ങിയ കാലയളവില്‍ തന്നെ കൃത്യതയുടെ കാര്യത്തില്‍ അഭിമാനിക്കുന്ന കമ്പനിക്ക് തങ്ങളുടെ എഐ അപമാനം സമ്മാനിച്ചോ എന്ന് സംശയം.
കഴിഞ്ഞയാഴ്ച ഇറക്കിയ ഐഓഎസ് 18.2 തുടങ്ങിയ പുതുക്കിയ ഓഎസിനൊപ്പമാണ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഔദ്യോഗികമായി എഐ നല്‍കിയത്. ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരില്‍ പ്രവര്‍ത്തിപ്പിക്കുന്ന എഐക്ക് തെറ്റുപറ്റിയെന്ന് പറയുന്നത് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബിബിസിയാണ്.
വ്യാജ വാര്‍ത്ത ജനറേറ്റു ചെയ്ത ആപ്പിള്‍ ഇന്റലിജന്‍സ് അത് തങ്ങളുടെ പേരില്‍ ഐഫോണ്‍ യൂസേഴ്‌സിനെ കാണിച്ചു എന്നാണ് ബിബിസി ആരോപിക്കുന്നത്. യുണൈറ്റഡ്‌ഹെല്‍ത്‌കെയര്‍ (UnitedHealthcare) മേധാവി ബ്രയന്‍ റ്റോംപ്‌സണ്‍ന്റെ കൊലപാതകിയാണ് എന്ന് ആരോപിക്കപ്പെടുന്ന ലുയിഗി മാന്‍ഗിയോണ്‍ (Luigi Mangione) ആത്മഹത്യ ചെയ്തു എന്നാണ് ആപ്പിള്‍ ഇന്റലിജന്‍സ് ചുരുക്ക വാര്‍ത്ത നല്‍കിയ കൂട്ടത്തില്‍ പറഞ്ഞത്. ഇത്തരത്തിലൊരു ലേഖനം ബിബിസി പ്രസിദ്ധീകരിച്ചിരിക്കുന്നു എന്നും ആപ്പിളിന്റെ എഐ നല്‍കിയ വാര്‍ത്തയില്‍ പറയുന്നു.
ലോകത്ത് ഏറ്റവും വിശ്വസിക്കപ്പെടുന്ന വാര്‍ത്താ മാധ്യമമാണ് തങ്ങളുടേത്. തങ്ങളുടെ പേരില്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് കൃത്യത ഉണ്ടായിരിക്കണം എന്ന് കാര്യത്തില്‍ നിര്‍ബന്ധമുണ്ട് എന്ന് ബിബിസി വക്താവ് ഇറക്കിയ കുറിപ്പില്‍ പറയുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ ആപ്പിളിനെ സമീപിച്ച് തെറ്റു തിരുത്തിച്ചു എന്നും കുറിപ്പില്‍ പറയുന്നു.
ആപ്പിള്‍ ഇന്റലിജന്‍സിന്റെ പ്രകടനം മോശം തന്നെയോ?
ആപ്പിള്‍ ഇന്റലിജന്‍സിന്റെ സമ്മറൈസേഷന്‍ ഫീച്ചര്‍ (വാര്‍ത്തയുടെ ചുരുക്കം നല്‍കുന്ന രീതി) ദി ന്യൂ യോര്‍ക് ടൈംസിന്റെ ലേഖനങ്ങളുടെ കാര്യത്തിലും തെറ്റുവരുത്തിയിട്ടുണ്ടെന്നും ബിബിസി പറയുന്നു. എന്തായാലും, വരും ആഴ്ചകളില്‍ ആപ്പിള്‍ ഇന്റലിജന്‍സിന്റെ പ്രകടനും കൂടുകല്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടും.
ആദ്യ ഫോള്‍ഡബ്ള്‍ ഐപാഡ് അവതരിപ്പിക്കാന്‍ ആപ്പിള്‍; മാക്ബുക്ക് പ്രോ സ്‌ക്രീനിനെക്കാള്‍ വലിപ്പം?
ആപ്പിള്‍ അവസാനമായി പുറത്തിറക്കിയ ഐപാഡ് പ്രോ മോഡലിന് 13-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ് ഉള്ളത്. എന്നാല്‍, കമ്പനി ഭാവിയില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ഐപാഡിന് 18.8-ഇഞ്ച് സ്‌ക്രീന്‍ വലിപ്പം കണ്ടേക്കുമെന്ന് പ്രവചിച്ചിരിക്കുന്നത് ബ്ലൂംബര്‍ഗ് ആണ്.
ചുരുക്കിപ്പറഞ്ഞാല്‍ മാക്ബുക്ക് പ്രോ സ്‌ക്രീനുകള്‍ക്ക് നല്‍കിയിരിക്കുന്നതിനേക്കാള്‍ സൈസ്. രണ്ട് ഐപാഡുകള്‍ ചേര്‍ത്തു വച്ചാല്‍ എങ്ങനെയിരിക്കുമോ അങ്ങനെ ആയിരിക്കാം പുതിയ ഐപാഡിന്റെ രൂപകല്‍പ്പന എന്നും പറയപ്പെടുന്നു. മടക്കാവുന്ന ഒരു ഐഫോണും കമ്പനി 2026ല്‍ പുറത്തിറക്കിയേക്കും. ഇത് ഫ്‌ളിപ് സ്‌ക്രീന്‍ ആകുമെന്നാണ് പ്രവചനം.
അമേരിക്കയില്‍ പ്രിയം പിടിച്ചുവാങ്ങി ക്ലൗഡ് എഐ
ആപ്പിള്‍ ഇന്റലിജന്‍സ് വ്യാജവാര്‍ത്തകള്‍ പരത്തി പിച്ചവയ്ക്കുമ്പോള്‍, അമേരിക്കക്കാര്‍ക്ക് പുതിയ എഐ ജ്വരം. ക്ലോഡ് (https://claude.ai/) ആണ്, ടെക്‌നോളജി മേഖലയുടെ അടക്കം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് എന്ന് ന്യൂ യോര്‍ക് ടൈംസ്. സാന്‍ഫ്രാന്‍സിസ്‌കോയുടെ 'മോസ്റ്റ് എലിജിബ്ള്‍ ബാച്‌ലര്‍' എന്ന വിവരണമാണ്, എന്‍വിഡി ക്ലൊഡിന് നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളില്‍ പലരും മറ്റൊരു വ്യക്തിയോട് എന്നവണ്ണമാണ് ക്ലോഡിനോട് ഇടപെടുന്നത്.
ആന്ത്രോപിക് എന്ന കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന ക്ലോഡ് ചാറ്റ്ജിപിറ്റിയുടെയത്ര പ്രശസ്തമല്ല. എന്നാല്‍, ഒരു എഐ സുഹൃത്തിനോട് എന്നവണ്ണം പെരുമാറാന്‍ അനുവദിക്കുന്നതാണ് ക്ലോഡിന്റെ രീതികള്‍. ക്ലോഡ് വെറുമൊരു എഐ ടൂളല്ല എന്നാണ് ടോപോളോജി റീസേര്‍ച്ചിന്റെ മേധാവി ഐഡന്‍ മ്ക്‌ലോക്ലിന്‍ (McLaughlin) പറയുന്നത്. അതിന്റെ പ്രവര്‍ത്തനം മാന്ത്രികമാണ് എന്ന് താനും മറ്റു യൂസര്‍മാരും കരുതുന്നു എന്ന് മ്ക്‌ലോക്ലിന്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരു 'പ്രവചന യന്ത്രം' തന്നെയായ ക്ലോഡും ഇടയ്ക്ക് തെറ്റു വരുത്തിയേക്കാമെങ്കിലും, അതിനോടുള്ള സ്‌നേഹം ഉപയോക്താക്കള്‍ക്ക് കൂടിക്കൂടി വരികയാണത്രെ. മറ്റ് എഐ ടൂളുകളെക്കാള്‍ യാന്ത്രികത കുറവാണ് ക്ലോഡിന് എന്ന് പല ഉപയോക്താക്കളും പറയുന്നു. ആരോഗ്യം മുതല്‍ നിയമകാര്യങ്ങള്‍ വരെ നിരവധി വിഷയങ്ങളില്‍ ഉപദേശം നല്‍കുന്ന ക്ലോഡിനോട് ഉപയോക്താക്കള്‍ക്ക് വൈകാരികമായ അടുപ്പവും തോന്നുന്നു എന്നിടത്താണ് ക്ലോഡിന് വച്ചടിവച്ചടി കയറ്റം ഉണ്ടായി തുടങ്ങിയിരിക്കുന്നത്.
നിരോധനം ഒഴിവാക്കാന്‍ അവസാന ശ്രമത്തില്‍ ടിക്‌ടോക്
വിവാദ ചൈനീസ് ആപ്പ് ടിക്‌ടോക് ജനുവരി 19നു മുമ്പ് നിറുത്തുകയോ, ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് കൈമാറുകയോ ചെയ്യണം എന്ന ഉത്തരവ് പ്രാബല്ല്യത്തില്‍ വരാന്‍ ഇനി ആഴ്ചകള്‍ മാത്രം. കീഴ്‌ക്കോടതികളെല്ലാം കൈവിട്ടതിനാല്‍ ടിക്‌ടോക്കിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ഒരു അവസാന പരിശ്രമം നടത്തുകയാണ്. അതിനായി അമേരിക്കന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് താന്‍ കഴിഞ്ഞ തവണ പ്രസിഡന്റ് ആയി ഇരിക്കെ ടിക്‌ടോക് നിരോധിക്കാന്‍ ഒരു പാഴ്ശ്രമം നടത്തിയിരുന്നു. എന്നാലിപ്പോള്‍, നാലു വര്‍ഷത്തിനു ശേഷം അദ്ദേഹത്തിന് ആപ്പിന്റെ കാര്യത്തില്‍ മനംമാറ്റം ഉണ്ടായിട്ടുണ്ട്. ടിക്‌ടോക്കിനെ രക്ഷിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും, സുപ്രീം കോടതിയും കൈയ്യൊഴിഞ്ഞാല്‍ അതൊന്നും അത്ര എളുപ്പമായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്‍വിഡിയ മേധാവി ലോകത്തെ മൂന്നാമത്തെ വലിയ ധനികന്‍
ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിനും, മെറ്റാ തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗിനും പിന്നിലായി ലോകത്തെ മൂന്നാമത്തെ വലിയ ധനികന്‍ ആയിരിക്കുകയാണ് എന്‍വിഡിയ സിഇഓ ജെന്‍സണ്‍ ഹൗങ്. ബ്ലൂംബര്‍ഗ് ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സിലാണ് 2024ല്‍ മാത്രം അദ്ദേഹത്തിന് 76 ബില്ല്യന്‍ ഡോളറിന്റെ വളര്‍ച്ച കാണിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമായി 400 ബില്ല്യന്‍ ഡോളര്‍ നെറ്റ്‌വര്‍ത് ഉണ്ടാക്കിയ ആള്‍ എന്ന പേരാണ് ഇപ്പോള്‍ മസ്‌കിന് ഉള്ളത്. സക്കര്‍ബര്‍ഗിന്റെ മൊത്തം ആസ്തി 223 ബില്ല്യന്‍ ഡോളറായി.
ബ്ലൂ-റേ പ്ലെയര്‍ നിര്‍മ്മാണം അവസാനിപ്പിച്ച് എല്‍ജി
ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് പ്രചാരം നേടി തുടങ്ങുന്ന സാഹചര്യത്തില്‍ ബ്ലൂ-റേ പ്ലെയര്‍ അപ്രസക്തമായേക്കാം എന്ന തോന്നലില്‍ അവയുടെ നിര്‍മ്മാണം അവസാനിക്കുകയാണ് ദക്ഷിണ കൊറിയന്‍ ഭീമന്‍ എല്‍ജി. കമ്പനി ബ്ലൂ-റേ പ്ലെയര്‍ നിര്‍മ്മാണം നിറുത്തുന്നതിനു പിന്നാലെ മറ്റു ഇതേ പാത തന്നെ സ്വീകരിച്ചേക്കുമെന്നാണ് സൂചന.