ADVERTISEMENT

ന്യൂജഴ്‌സിക്കു പിന്നാലെ 'എസ്‌യുവിയുടെ വലുപ്പമുള്ള' ഡ്രോണുകള്‍ ന്യൂയോര്‍ക്കിന്റെയും, പെന്‍സില്‍വേനിയയുടെയും, കനക്ടിക്കട്ടിന്റെയും, ടെക്‌സസിന്റെയും, ഓക്‌ലഹോമയുടെയും, കലിഫോര്‍ണിയയുടെയും ആകാശത്തിനു മുകളിലും കണ്ടതോടെ പരിഭ്രാന്തിയിലാണ്ടിരിക്കുകയാണ് ചില അമേരിക്കക്കാര്‍. ജര്‍മനി തുടങ്ങി 12 രാജ്യങ്ങള്‍ക്കു മുകളിലും ഈ അസാധാരണ കാഴ്ച കണ്ടു തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുകയാണ്. 

ചില അമേരിക്കക്കാര്‍ സ്വന്തം സർക്കാർ തന്നെയായിരിക്കാം ഡ്രോണ്‍ പറത്തുന്നതെന്ന് ആരോപിക്കുമ്പോള്‍, വേറെ ചിലര്‍ ഇറാന്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളായിരിക്കാം അവയ്ക്കു പിന്നില്‍ എന്ന് ഭയക്കുന്നു. കൂടുതല്‍ ഭാവനയുള്ളവര്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമാണ് എന്നും പറയുന്നു. നവംബര്‍ മധ്യത്തിലാണ് ന്യൂ ജഴ്‌സിക്കു മുകളില്‍ ഡ്രോണ്‍ പറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. വിവിധ ഇടങ്ങളില്‍ കണ്ടു എന്നു പറയപ്പെടുന്ന ഡ്രോണ്‍ പറ്റങ്ങള്‍ക്ക് തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിലും ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. 

Image Credit: Canva AI
Image Credit: Canva AI

ന്യൂ ജഴ്‌സിക്കു മുകളില്‍ കാണപ്പെടുന്ന ഡ്രോണ്‍ കൂട്ടങ്ങള്‍ ചിലപ്പോഴൊക്കെ ഒരേ സ്ഥലത്തു തന്നെ മണിക്കൂറോളം നില്‍ക്കുന്നു എന്നും ആരോപണമുണ്ട്. ഡെയിലി മെയിലിനോട് സംസാരിച്ച രണ്ട് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്, ദൃക്‌സാക്ഷികളുടെ വിവരണങ്ങള്‍ ശരിയാണെങ്കില്‍ ഇവ റഷ്യയുടെ ഒര്‍ലാന്‍-10 ഡ്രോണുകളാകാമെന്നാണ്. ഇവ മൂന്നു മുതല്‍ അഞ്ചെണ്ണം ഒരുമിച്ചു ചേര്‍ന്നേ പറക്കാറുള്ളു എന്ന് അവര്‍ പറയുന്നു. 

കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക നിലപാടാണ്-ഡ്രോണുകള്‍ കണ്ടു എന്നതിന് ഒരു തെളിവുമില്ലെന്നാണ് വാദം. ഡ്രോണ്‍ ആണെന്നു തോന്നിയത് പൈലറ്റുമാര്‍ പറപ്പിക്കുന്ന ലൈസന്‍സ് ഉള്ള വിമാനങ്ങളാണെന്നും വൈറ്റ് ഹൗസ് പ്രഖ്യാപിക്കുന്നു. 

ആയിരക്കണക്കിന് ന്യൂ ജഴ്‌സിവാസികളാണ് ഇതുവരെ ഡ്രോണ്‍ കണ്ടു എന്നു പറയുന്നത്. ഇതു വിശ്വസിക്കുന്ന ന്യൂ ജഴ്‌സി കോണ്‍ഗ്രസ് പ്രതിനിധി ജെഫ് വാന്‍ ഡ്രൂ, ഇവയെ വെടിവച്ചിടാന്‍ വിസമ്മതിക്കുന്ന പെന്റഗണെ 'അവിശ്വസനീയമായ രീതിയില്‍ അവിവേകം ഉള്ള' എന്നും 'അവിശ്വസനീയമായ രീതിയില്‍ ശേഷിയില്ലാത്ത' എന്നുമാണ് വിശേഷിപ്പിച്ചത്. തനിക്ക് വിശ്വസനീയമായ റിപ്പോര്‍ട്ടുകളാണ് കിട്ടിയിരിക്കുന്നതെന്ന് അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ചൈനീസ് ഡ്രോണും അനുബന്ധ സംവിധാനങ്ങളും സ്വന്തമാക്കിയ ഇറാനാണ് ഡ്രോണ്‍ പറത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ സംശയം.

Image Credit: Canva
Image Credit: Canva

അമേരിക്കന്‍ ആകാശത്ത് റഷ്യന്‍ വിളയാട്ടമെന്ന് വേറെ ചിലര്‍

യുഎസ് ആര്‍മി ജനറല്‍ ഡാരില്‍ വില്ല്യംസ് സംശയിക്കുന്നത് യുക്രെയിനെ സഹായിക്കുന്നതിനാല്‍ അമേരിക്കന്‍/നാറ്റോ കേന്ദ്രങ്ങളെ നരീക്ഷിക്കുന്ന റഷ്യന്‍ ഡ്രോണുകളാകാം ഇതെന്നാണ്. എന്നാല്‍, ഇത്തരം വാദങ്ങള്‍ക്കൊന്നും ഒരു തെളിവുമില്ലെന്ന നിലപാടിലാണ് പെന്റഗണ്‍. 

അമേരിക്കയുടെ തന്നെ ഡ്രോണുകളോ?

അമേരിക്കയിലെ ഒരു പ്രതിരോധ വിദഗ്ധന്‍ എപിപി.കോമിനോട് പറഞ്ഞത് ഡ്രോണുകളെല്ലാം അമേരിക്കന്‍ സൈന്യത്തിന്റേതു തന്നെ ആണ് എന്നാണ്. എന്തുകൊണ്ടാണ് ഡ്രോണ്‍ പറക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവിധ സാധ്യതകള്‍ എഴുതാന്‍ ആവശ്യപ്പെട്ടാല്‍ ഒന്നാമതായി ഇത് അമേരിക്കന്‍ സൈന്യത്തിന്റെ കളി തന്നെയാണ് എന്നായിരിക്കും എഴുതുക എന്നാണ് വിദഗ്ദനായ പ്രമോദ് അബിചന്ദാനി പറഞ്ഞത്. 

ഗവണ്‍മെന്റിനു വേണ്ടി കരാറടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കുന്ന ഏതെങ്കിലും കമ്പനിയായിരിക്കാം ഡ്രോണ്‍ പറപ്പിക്കുന്നത്. പെന്റഗണ്‍ നുണ പറയുന്നതായിരിക്കും. മെക്‌സിക്കയില്‍ ലഭിക്കുന്ന പൈപ് വെള്ളത്തോളം പോലും താന്‍ പെന്റഗണെ വിശ്വസിക്കുന്നില്ലെന്നാണ്, മറ്റൊരു വിദഗ്ധനായ മൈക്കിള്‍ പെലറ്റിയെറെ (Pellettiere) പ്രതികരിച്ചത്.

ഗവണ്‍മെന്റ് ഇതെക്കുറിച്ച് വ്യക്തമായി ഒന്നു പറയാത്തത് നിരാശാജനകമാണെന്നും അദ്ദേഹം പറയുന്നു. പ്രതിരോധ വകുപ്പ് രഹസ്യമായി എന്തെങ്കിലും പരീക്ഷിക്കുകയാണ് ഇപ്പോഴെങ്കില്‍ അതേക്കുറിച്ച നമ്മളോട് പറയണം. എല്ലാ വിവരങ്ങളും വെളിപ്പെടുത്തേണ്ട കാര്യമില്ലല്ലോ, മൈക്കിള്‍ പറയുന്നു.  

അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പരീക്ഷണമെന്ന വാദവുമായി കൂടുതല്‍ പേര്‍

Image Credit: Canva
Image Credit: Canva

കൂടുതല്‍ കൂടുതല്‍ സുരക്ഷാ വിദഗ്ധര്‍ കരുതുന്നത് ഈ ഡ്രോണുകള്‍ അമേരിക്കയുടെ എന്തൊ പരീക്ഷണം തന്നെ ആയിരിക്കും എന്ന നിലപാടിലേക്ക് മാറുകയാണ്. വിദേശ ഗവണ്‍മെന്റൊന്നുമല്ല, നമ്മുടെ സ്വന്തം ഗവണ്‍മെന്റ് തന്നെയാണ് ഇതിനുപിന്നിലെന്നാണ് അവര്‍ പറയുന്നത്. 

എന്തോ പുതിയ ടെക്‌നോളജി അതീവ രഹസ്യമായി പരീക്ഷിച്ചു നോക്കുന്നതിന്റെ ഭാഗമായിരിക്കും ഇത്. ഗവണ്‍മെന്റ് 'സ്‌പെഷ്യല്‍ അക്‌സസ് പ്രോഗ്രാം' എന്ന പേരില്‍ ചില പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രമെ നല്‍കൂ, എന്നാണ് ഒരു മുന്‍ നേവി ഉദ്യോഗസ്ഥന്‍ ക്ലിന്റ് എമേഴ്‌സണ്‍ ന്യൂ യോര്‍ക് പോസ്റ്റിനോട് പറഞ്ഞത്. 

ഈ വാദത്തോട് മുഖം തിരിച്ച് ഡ്രോണ്‍ വിദഗ്ധര്‍

എക്‌സ്‌പേര്‍ട്ട് ഡ്രോണ്‍സ് എന്ന കമ്പനിയുടെ മേധാവി ബ്രെറ്റ് വെലികോവിച് പറഞ്ഞത് തനിക്ക് ഈ വാദത്തോട് കാര്യമായി യോജിക്കാനാവില്ല എന്നാണ്. ഒരു പക്ഷെ കാര്യങ്ങളുടെ തുടക്കം അങ്ങനെ ആയിരുന്നിരിക്കാം. എന്നാല്‍, ഇപ്പോള്‍ ഡ്രോണിന്റേത് എന്നു പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല പടങ്ങളും അസ്പഷ്ടമാണ്. അവ കൂടുതലും വിമാനങ്ങളെയാണ് അനുസ്മരിപ്പിക്കുന്നതും, ബ്രെറ്റ് പറയുന്നു. 

ufo-main - 1

താനും ക്ലാസിഫൈഡ് ഡ്രോണ്‍ പ്രൊജക്ടുകളില്‍ പങ്കാളി ആയിട്ടുണ്ട്. അത്തരം അവസരങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനു മുമ്പ് പ്രാദേശിക പൊലിസിനെ അറിയിക്കും. കൂടാതെ, വലിയ ജനവാസ കേന്ദ്രങ്ങള്‍ക്കു മുകളിലല്ല അവ പറത്തുന്നതും എന്ന് അദ്ദേഹം പറയുന്നു. സ്റ്റേസി പെറ്റിജോണ്‍ (Stacie Pettyjohn) എന്ന ഡ്രോണ്‍ വിദഗ്ധനും ഇതിനോട് യോജിച്ചു. സൈനിക താവളങ്ങള്‍ക്കു മുകളിലും ഇത്തരം ടെസ്റ്റുകള്‍ നടത്താന്‍ തിരഞ്ഞെടുത്ത ഇടങ്ങളിലുമൊക്കെയാകും പുതിയ ടെക്‌നോളജി പരീക്ഷിക്കുക. 

അന്യഗ്രഹ ജീവികള്‍

കൃത്യമായ ഉത്തരമൊന്നും കിട്ടാത്തതിനാല്‍ തങ്ങളുടെ തലയ്ക്കു മുകളില്‍ ഊളിയിടുന്ന ഡ്രോണുകള്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമായി വിശദീകരിച്ച് ചില ന്യൂജഴ്‌സിവാസികളും രംഗത്തെത്തിയിട്ടുണ്ട്. പിന്നെ എന്തായിരിക്കും ഇത്. ആളുകള്‍ ഗോളങ്ങളെയാണ് കാണുന്നത്, കാറ്റലിന്‍ ലീ എന്ന പ്രദേശ വാസി ഡെയിലി മെയിലിനോട് പറഞ്ഞു. മറ്റൊരു പ്രദേശവാസിയായ കെന്‍ അഹിറ്റിയാ ഇതിനോട് യോജിച്ചു. ഗവണ്‍മെന്റിന് മിക്കവാറും ഇക്കാര്യം അറിയാമായിരിക്കും. ജനങ്ങളെ പരിഭ്രാന്തരാക്കാതിരിക്കാനായി ആണ് ഔദ്യോഗികമായി ഇതെക്കുറിച്ച് പ്രതികരിക്കാത്തത് എന്നും കെന്‍ പറയുന്നു. 

കടലില്‍ നിന്ന് ഇരച്ചെത്തുന്ന ഡ്രോണുകളെക്കുറിച്ചുള്ള വിചിത്ര റിപ്പോര്‍ട്ടുകളെക്കുറിച്ച് എഫ്ബിഐ അടക്കമുള്ള ഗവണ്‍മെന്റ് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, എന്താണ് നടക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് പുറത്തുവിടാന്‍ പ്രത്യേക വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റിസും പ്രതികരിച്ചു. ചില വിവരണങ്ങള്‍ വച്ചു നോക്കിയാല്‍ കാണുന്നത് റഷ്യയുടെ ഒര്‍ലാന്‍-10 ക്രാഫ്റ്റ് അല്ലെന്ന് പറയാനാവില്ലെന്നുള്ള അഭിപ്രായവും ഉയര്‍ന്നു കേള്‍ക്കുന്നു.

ന്യൂജഴ്‌സിയിലെ 22 ഇൻഫ്രാസ്ട്രക്ചർ സൈറ്റുകളിലും ന്യൂയോർക്ക് സ്റ്റേറ്റിലെ മറ്റൊരു 29 സ്ഥലങ്ങളിലും ഡ്രോണുകളുടെ ഉപയോഗം യുഎസ് ഏവിയേഷൻ അധികൃതർ നിരോധിച്ചു. നിയന്ത്രിത മേഖലകളിൽ ഡ്രോൺ പ്രവർത്തിക്കുന്ന പൈലറ്റുമാരെ നിയമപാലകർ തടയുകയും തടവിലിടുകയും ചെയ്യുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പ്രസ്താവനയിൽ പറഞ്ഞു.

English Summary:

Mysterious drone sightings across the US have sparked intrigue and concern. From government cover-ups to extraterrestrial theories, explore the possibilities behind these unexplained aerial phenomena.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com