തടവുകാരെ ചാട്ടവാറിനടിച്ചും പട്ടികടിയേൽപിച്ചും ലൈംഗിക ദുരുപയോഗം ചെയ്തും രസിച്ച പെൺകുട്ടി; ക്രൂരതയുടെ പര്യായം
Mail This Article
ക്രൂരതകളുടെ ഒരധ്യായം ലോകത്ത് രചിച്ച നാത്സി ഭരണകൂടത്തിൽ ക്രൂരതയുടെ പര്യായങ്ങളായി മാറിയ അനേകം പുരുഷൻമാരുണ്ട്. ഹിറ്റ്ലറും ഹിംലറുമൊക്കെ ഇതിനുദാഹരണം.എന്നാൽ നാത്സി വനിതകളിൽ ഏറ്റവും ക്രൂരയാരെന്നു ചോദിച്ചാൽ പല ചരിത്രകാരൻമാരും ഒരു പേരാകും പറയുക...ഇർമ ഗ്രെസ്
ആൽഫ്രഡ്–ബെർത്ത ദമ്പതികളുടെ മകളായി 1923ൽ ആണ് ഇർമ ജനിച്ചത്. ഇർമയ്ക്ക് 13 വയസ്സുള്ളപ്പോൾ ഭർത്താവിന്റെ പരസ്ത്രീബന്ധത്തിൽ വിഷമിച്ച് അമ്മ ബെർത്ത ആത്മഹത്യ ചെയ്തു. 14 വയസ്സുള്ളപ്പോൾ ഇർമ സ്കൂൾ വിദ്യാഭ്യാസം നിർത്തി. പിന്നീട് ഒരു ഫാമിലും പിന്നെ ഒരു കടയിലും അവൾ ജോലി നോക്കി. അതിനു ശേഷം ഒരു ആശുപത്രിയിൽ നഴ്സായി ജോലി നോക്കി. ഈ സമയത്ത് ആശുപത്രിയിൽ നടന്ന പല പരീക്ഷണങ്ങളും അവിടത്തെ ജീവനക്കാരിലായിരുന്നു. ഇത്തരം പരീക്ഷണങ്ങളുടെ തിക്തഫലം ഇർമയും അനുഭവിച്ചു.
അനസ്തീഷ്യയില്ലാതെ ശസ്ത്രക്രിയ
1943ൽ ഇർമയെ കുപ്രസിദ്ധമായ ഓഷ്വിത്സ് കോൺസൻട്രേഷൻ ക്യാംപിൽ നിയമിച്ചു. സീനിയർ എസ്എസ് സൂപ്പർവൈസർ എന്ന ഉയർന്ന പോസ്റ്റിലായിരുന്നു ഇത്. ക്യാംപിലെ അന്തേവാസികളെ മൃഗീയ പീഡനങ്ങൾക്കിരയാക്കാൻ അനിയന്ത്രിതമായ സ്വാതന്ത്ര്യം ഇർമയ്ക്കുണ്ടായിരുന്നു. ഓഷ്‌വിത്സിലെ 30000 വനിതാ തടവുകാരുടെ മേൽനോട്ടം ഇർമയ്ക്കായിരുന്നു.
ചാട്ടവാറുപയോഗിച്ച് അവരെ അടിക്കുന്നത് ഇർമയ്ക്ക് വലിയ ഹരം നൽകിയ കാര്യമാണ്. പലർക്കും ഇതുമൂലം ഇൻഫെക്ഷനും രോഗങ്ങളുമുണ്ടായി. ഇങ്ങനെയുള്ള രോഗികളെ അനസ്തീഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്യിപ്പിക്കുന്നത് ഇർമയുടെ മറ്റൊരു വിക്രിയയായിരുന്നു. ഇത്തരം ശസ്ത്രക്രിയകൾ കാണാൻ അവർ നേരിട്ട് എത്തുകയും ചെയ്തു.
നാത്സി ജർമനി വീണു, പിന്നെ
ആളുകളെ നായ്ക്കളെ ഉപയോഗിച്ച് കടിപ്പിക്കുന്നത് ഇർമയുടെ ഇഷ്ടപ്പെട്ട മറ്റൊരു കാര്യമായിരുന്നു. വനിതാ അന്തേവാസികളെ ലൈംഗികമായും ഇർമ ദുരുപയോഗം ചെയ്തിരുന്നു. പിൽക്കാലത്ത് ഇർമ റാവെൻസ്ബ്രക് എന്ന ക്യാംപിലേക്കും പിന്നെ ബെർഗൻ–ബെൽസൻ എന്ന മറ്റൊരു ക്യാംപിലേക്കും മാറി. അപ്പോഴേക്കും നാത്സി യുഗം അവസാനിക്കാറായിരുന്നു. നാത്സി ജർമനി വീണു. ഇർമയുൾപ്പെടെയുള്ളവർ അറസ്റ്റ് ചെയ്യപ്പെട്ടു. 1945 ഡിസംബർ 13ന് ഇർമയെ തൂക്കിക്കൊന്നു. വെറും 22 വയസ്സായിരുന്നു അന്ന് ഇർമയുടെ പ്രായം.